പുതിയ ലോഗോയും പതാകയുമായി ദുബൈ പോലീസ്

Posted on: January 5, 2018 7:26 pm | Last updated: January 5, 2018 at 7:26 pm
SHARE

ദുബൈ: ദുബൈ പോലീസ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ചു. ലോഗോയിലും സ്മാര്‍ട് ആപിലും വെബ്‌സൈറ്റ് ഘടനയിലും മാറ്റമുണ്ട്. ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയാണ് ഇവ അവതരിപ്പിച്ചത്. ദുബൈ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ പതാകയും പോലീസ് മേധാവി ഉയര്‍ത്തി.

ശാന്തമായൊഴുകുന്ന വെള്ളത്തില്‍ ബോട്ടും ചുറ്റും ശിഖിരങ്ങളോടുകൂടിയ പച്ച നിറത്തിലുള്ളതാണ് പുതിയ ലോഗോ. ഇരുവശങ്ങളിലെയും ശിഖിരങ്ങള്‍ സുരക്ഷയെയും സംരക്ഷണത്തെയും സൂചിപ്പിക്കുന്നു. ചുവപ്പ് നിറത്തിലുള്ളതായിരുന്നു മുന്‍ ലോഗോ.

സുരക്ഷ, ആശയ വിനിമയം, നവീനത എന്നീ മൂന്ന് തത്വത്തിലധിഷ്ഠിതമായാണ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി നിര്‍വചിച്ചിരിക്കുന്നത്. ദുബൈയിലെ ജനങ്ങളുടെ സംരക്ഷണമാണ് സുരക്ഷ. ആശയ വിനിമയം എന്നത് പൊതുജന സമ്പര്‍ക്കത്തിലൂടെ ആശയ വിനിമയം നടത്തുകയാണ്. നവീനത എന്നതുകൊണ്ട് സമൂഹത്തിന് സഹായകരമാകുന്ന വികസനോന്മുഖമായ സേവനങ്ങളാണ് അര്‍ഥമാക്കുന്നത്.

പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി പരിചയപ്പെടുത്തുന്നതിനായി വിവിധയിടങ്ങളില്‍ ബോധവത്കരണം നടത്തും. മംസാര്‍, നായിഫ്, മിര്‍ദിഫ്, പാം ജുമൈറ, ഇബ്‌നു ബത്തൂത്ത മാള്‍ പരിസരം, ബുര്‍ജ് ഖലീഫ, ബുര്‍ജുല്‍ അറബ് എന്നിവിടങ്ങളില്‍ പോലീസ് സേന മാര്‍ച്ച് നടത്തി.

ഇന്നും നാളെയും വാട്ടര്‍ മാര്‍ച്ചും നടത്തും. ദുബൈ ക്രീക്ക് മുതല്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് വരെ മാര്‍ച്ച് നടത്തി. ഇന്ന് ജുമൈറ നാല് മുതല്‍ ദുബൈ മറീന വരെയും നാളെ ദുബൈ വാട്ടര്‍ കനാലിലും വാട്ടര്‍ മാര്‍ച്ചുണ്ടാകും. വൈകുന്നേരം മൂന്നിന് തുടങ്ങി 5.30ന് അവസാനിക്കും. കഴിഞ്ഞ വര്‍ഷമവസാനം അബുദാബി പോലീസും ലോഗോയും യൂണിഫോമും പരിഷ്‌കരിച്ചിരുന്നു.

അതേസമയം ദുബൈ പോലീസിന്റെ ആഢംബര പട്രോളിംഗ് വാഹന നിരയിലേക്ക് ലോകത്തെ അത്യാഢംബര എസ് യു വി കാറായ ബെന്റ്‌ലിയുടെ ബെന്റെയ്ഗയുമെത്തി. കാറില്‍ പുതിയ ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്. സിറ്റിവാക്കില്‍ ഇന്നലെ കാറെത്തി. ‘ശുക്‌റന്‍ മുഹമ്മദ് ബിന്‍ സായിദ്’ എന്ന സന്ദേശവും കാറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദുബൈ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അല്‍ ഹബ്തൂര്‍ ഗ്രൂപ്പ് സി ഇ ഒയും വൈസ് ചെയര്‍മാനുമായ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ ഹബ്തൂറില്‍ നിന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി, ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാശിദ് ബിന്‍ സിറൈ അല്‍ മുഹൈരി എന്നിവര്‍ കാര്‍ ഏറ്റുവാങ്ങി. കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി അല്‍ ഹബ്തൂര്‍ ഗ്രൂപ്പാണ് ദുബൈ പോലീസിന് ആഢംബര കാര്‍ സമ്മാനിച്ചത്. പൂജ്യത്തില്‍ നിന്ന് വെറും 4.1 സെക്കന്‍ഡ് സമയം കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാവുന്ന സൂപ്പര്‍ കാറാണ് ഇതെന്ന് ടൂറിസ്റ്റ് സെക്യൂരിറ്റി പട്രോള്‍സ് ഡിപ്പാര്‍ട്‌മെന്റ് മേധാവി ഫസ്റ്റ് ലെഫ്റ്റനന്റ് സൈഫ് സുല്‍ത്താന്‍ അല്‍ ശംസി പറഞ്ഞു. ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടറും ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന പ്രത്യേക റഡാറും കാറിലുണ്ട്.