Connect with us

Kerala

കാന്തപുരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം നടക്കില്ല: കോടിയേരി

Published

|

Last Updated

കാരന്തൂര്‍: കാന്തപുരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം കേരളത്തില്‍ നടക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വന്തം നിലപാട് പറയുന്നതിന് ആരെയും ഭയപ്പെടാത്ത നേതാവായിട്ടാണ് കാന്തപുരത്തെ കേരളീയ സമൂഹം കാണുന്നത്. ഒരു നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ബഹിഷ്‌കരിക്കാനും മുമ്പും ശ്രമങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും വിജയിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

മര്‍കസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത് തെറ്റോ ശരിയോ എന്ന ചര്‍ച്ച വരെ ഇത്തവണയുണ്ടായി. ഇത് ഒഴിവാക്കേണ്ടതായിരുന്നു. മര്‍കസിനും കാന്തപുരത്തിനും എല്ലാകാലത്തും ഒരു നിലപാടുണ്ട്. അത് തുറന്ന് പറയുന്നതിന് ആരെയും ഭയപ്പെടാത്ത ആളാണ് കാന്തപുരം. തങ്ങളുടെ പല ആശയങ്ങളോട് വിയോജിപ്പുണ്ടെന്ന് ഞങ്ങളോട് അദ്ദേഹം പറയാറുണ്ട്. അത് തുറന്ന മനസോടെ കേള്‍ക്കാന്‍ തയ്യാറായിട്ടുമുണ്ട്. ഞങ്ങള്‍ പല കാര്യങ്ങളിലും അങ്ങോട്ടും വിമര്‍ശിക്കാറുണ്ട്. അതിനെ സഹിഷ്ണുതയോടെ സ്വീകരിക്കുന്ന സമീപനമാണ് കാന്തപുരവും സ്വീകരിക്കാറുള്ളത്. അല്ലാതെ ബഹിഷ്‌കരണ നിലപാട് സ്വീകരിക്കുന്നതൊന്നും കേരളത്തിന്റെ നന്മക്ക് യോജിച്ചതല്ല. ഈ നിലപാട് കൊണ്ടൊന്നും കാന്തപുരത്തിന്റെ പ്രവര്‍ത്തനം പിന്നോട്ടടിപ്പിക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.

 

 

Latest