ദളിതര്‍ക്കെതിരായ ആക്രമണം: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ജിഗ്നേഷ് മേവാനി

Posted on: January 5, 2018 2:55 pm | Last updated: January 5, 2018 at 6:52 pm

ന്യൂഡല്‍ഹി: ദളിതര്‍ക്കെതിരെ രാജ്യത്ത് എപ്പോള്‍ ആക്രമണം നടന്നാലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൗനമാണെന്ന് ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. സമാധാനപരമായ പ്രതിഷേധിക്കാന്‍ ദളിതര്‍ക്ക് അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

മഹാരാഷ്ട്രയിലെ ദലിത് പ്രശ്‌നത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഈ രാജ്യത്ത് ജാതി വ്യവസ്ഥ ഇപ്പോഴുമുണ്ടോ എന്ന് അദ്ദേഹം വ്യക്തതമാക്കണം. രാജ്യത്ത് ദലിതര്‍ എന്ത് കൊണ്ടാണ് സുരക്ഷിതരല്ലാത്തതെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞേ പറ്റൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്നെ സര്‍ക്കാര്‍ ലക്ഷ്യമിടുകയാണ്. തന്റെ പ്രസംഗത്തിലെ ഒരു വാക്ക് പോലും അപകീര്‍ത്തിപരമായിരുന്നില്ല. എന്നിട്ടും കേസെടുത്തു. എംഎല്‍എയും അഭിഭാഷകനുമായ താന്‍ പോലും വേട്ടയാടപ്പെടുന്നുവെങ്കില്‍ രാജ്യത്തെ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.