പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി

Posted on: January 5, 2018 9:10 am | Last updated: January 5, 2018 at 11:08 am
SHARE

വാഷിംഗ്ടണ്‍: പാക്കിസ്ഥാനുള്ള സൈനിക സാമ്പത്തിക സഹായങ്ങള്‍ അമേരിക്ക നിര്‍ത്തലാക്കി. താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടിയെടുക്കുന്നില്ലെന്നും അതിനാല്‍ സഹായം നിര്‍ത്തലാക്കുന്നതായും യുഎസ് വിദേശകാര്യ വക്താവ് ഹെതര്‍ ന്യൂവര്‍ട്ട് വ്യക്തമാക്കി.

പാക്കിസ്ഥാന് നല്‍കിവരുന്ന ധനസഹായം നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി 33 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാന് യുഎസ് നല്‍കിയതെന്നും തങ്ങളുടെ നേതാക്കള്‍ക്ക് പറ്റിയ വിഡ്ഢിത്തമായിരുന്നു അതെന്നും ട്രംപ് പറഞ്ഞു. കള്ളവും വഞ്ചനയും മാത്രമാണ് തിരിച്ചു ലഭിച്ചതെന്നും അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികളെ യു എസ് വേട്ടയാടുമ്പോള്‍ പാക്കിസ്ഥാന്‍ അവര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് പിന്നീട് പാക്കിസ്ഥാനും തുറന്നടിച്ചിരുന്നു. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ല. അമേരിക്കയുമായി കൂടുതല്‍ ഇടപാടുകള്‍ക്കില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ അമേരിക്കയുടെ വിലക്കുകള്‍ക്ക് വലിയ പ്രാധാന്യമില്ല. പാകിസ്ഥാന്് നല്‍കിയ ധനസഹായത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാണ്. ട്രംപ് അവകാശപ്പെട്ടത്രയും പണം ഞങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്കതു തിരിച്ചുകൊടുത്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.