ദ.ആഫ്രിക്ക-ഇന്ത്യ ആദ്യ ടെസ്റ്റ് ഇന്ന്

Posted on: January 5, 2018 8:49 am | Last updated: January 5, 2018 at 9:44 am

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ക്രിക്കറ്റ് പര്യടനം ഇന്നാരംഭിക്കും. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് തുടക്കം.

25 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ലാത്ത മണ്ണിലാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. എന്നാല്‍, വിരാട് കോഹ് ലിയുടെ നേതൃത്വത്തില്‍ സ്വന്തം മണ്ണില്‍ വിജയഭേരി മുഴക്കിയ ഇന്ത്യക്ക് നേരിയ സാധ്യതയുണ്ടെന്നാണ് വാതുവെപ്പ്. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിക്കാന്‍ 25 ശതമാനം സാധ്യതയുണ്ടെന്ന് ഒരു വെബ്‌സൈറ്റ് സര്‍വേ പറയുന്നു. അതേ സമയം ടെസ്റ്റ് പരമ്പര നേടാന്‍ 60 ശതമാനം സാധ്യത ആതിഥേയര്‍ക്കാണ്. ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഹോം ഗ്രൗണ്ടുകളില്‍ നടത്തിയ തേരോട്ടമാണ് റാങ്കിംഗില്‍ കുതിപ്പിച്ചത്. ശ്രീലങ്കയില്‍ പര്യടനത്തിലും ഇന്ത്യ തിളങ്ങി. ടെസ്റ്റ്, ഏകദിന, ട്വന്റി പരമ്പരകളെല്ലാം ജയിച്ച് തൂത്തുവാരി.
ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേട്ടമില്ലെങ്കിലും സമനിലയോടെ ഒരിക്കല്‍ മടങ്ങിയിട്ടുണ്ട്. ഇത്തവണ ചരിത്രം തിരുത്താനുറച്ചാണ് വിരാടും സംഘവും.

2015 ല്‍ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ 3-0ന് പരമ്പര നഷ്ടപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ഒന്നാം റാങ്കിന് അടിത്തറ പാകിയത് ആ ജയമായിരുന്നു. തുടര്‍ന്നിങ്ങോട്ട് ആസ്‌ത്രേലിയ അടക്കമുള്ള ടീമുകള്‍ ഇന്ത്യയുടെ ചൂടറിഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ നായകന്‍ ഫാഫ് ഡു പ്ലെസിസ് ടീമില്‍ തിരിച്ചെത്തിയത് നിര്‍ണായകമാകും. മധ്യനിരബാറ്റിംഗിനെ ഉണര്‍ത്താന്‍ ഡുപ്ലെസിസിന് കഴിയും. പ്രത്യേകിച്ച് ക്വുന്റന്‍ ഡി കോക്ക് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാത്ത സ്ഥിതിക്ക്. ആള്‍ റൗണ്ടര്‍ ക്രിസ് മോറിസ് ആദ്യ ലൈനപ്പില്‍ തിരിച്ചെത്തുന്നതാണ് മറ്റൊരു ശ്രദ്ധേയ നീക്കം. ആന്‍ഡില്‍ പെഹ്ലുകാവായോക്ക് പകരക്കാരനായാകും മോറിസ് ടീമിലിടം പിടിക്കുക. പേസ് നിരയില്‍ ഡെയില്‍ സ്റ്റെയ്‌നും മോര്‍നി മോര്‍ക്കലും തമ്മിലാണ് മത്സരം. ഇവരില്‍ ആരെ തിരഞ്ഞെടുക്കണം എന്നത് ടീം മാനേജ്‌മെന്റിനെ ധര്‍മസങ്കടത്തിലാഴ്ത്തും.
2016 നവംബര്‍ മുതല്‍ സ്‌റ്റെയിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇല്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം 39 വിക്കറ്റുകള്‍ വീഴ്ത്തി ഫോമിലാണ് മോര്‍നി മോര്‍ക്കല്‍.
കഗിസോ റബാഡ, വെര്‍നോന്‍ ഫിലാണ്ടര്‍ എന്നിവര്‍ക്കൊപ്പം മോര്‍ക്കല്‍ തന്നെ പന്തെടുക്കട്ടെ എന്നതാണ് ദക്ഷിണാഫ്രിക്കന്‍ കോച്ചിന്റെ ഇംഗിതം.

സാധ്യതാ സ്‌ക്വാഡ്:

ദക്ഷിണാഫ്രിക്ക ഡീന്‍ എല്‍ഗാര്‍, അയ്ഡന്‍ മര്‍ക്രാം, ഹാഷിം അംല, എബി ഡിവില്ലേഴ്‌സ് (വിക്കറ്റ് കീപ്പര്‍), ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), ടെംബ ബാവുമ, ക്രിസ് മോറിസ് / ആന്‍ഡില്‍ ഫെഹ്ലുവായോ, വെര്‍നോന്‍ ഫിലാണ്ടര്‍, കഗിസോ റബാഡ, കെശവ് മഹാരാജ, മോര്‍നി മോര്‍ക്കല്‍.
ഇന്ത്യ – മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ് ലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ/ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, വൃഥിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ.