കുല്‍ഭൂഷണ്‍ ജാദവിന്റെ വീഡിയോ പുറത്തുവിട്ട് പാക്കിസ്ഥാന്‍

Posted on: January 5, 2018 8:30 am | Last updated: January 5, 2018 at 12:56 am
SHARE

ഇസ്‌ലാമാബാദ്/ ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വീഡിയോ പുറത്തുവിട്ട് പാക്കിസ്ഥാന്‍. പാക് ജയിലില്‍ വെച്ച് സന്ദര്‍ശിക്കുന്നതിനിടെ തന്റെ അമ്മയോടും ഭാര്യയോടും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ആക്രോശിച്ചതായി പറയുന്ന വീഡിയോയില്‍, ജയിലില്‍ തന്നെയാരും പീഡിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍ പുറത്തുവിട്ട വീഡിയോ വിശ്വാസയോഗ്യമല്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

ജയിലില്‍ പീഡിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോയില്‍ അമ്മയെയും ഭാര്യയെയും തന്നെ കാണാനനുവദിച്ചതില്‍ പാക്കിസ്ഥാന്‍ സര്‍ക്കാറിനോട് നന്ദി പറയുന്നുണ്ട്. ജയിലില്‍ കാണാനെത്തിയപ്പോള്‍ ഇരുവരും ഭയപ്പെട്ടിരുന്നതായി തനിക്ക് തോന്നി. താനിപ്പോഴും ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനാണെന്നും കുല്‍ഭൂഷണ്‍ ജാദവ് പറയുന്നു.
വീഡിയോ വിശ്വാസയോഗ്യമല്ലെന്നും പാക്കിസ്ഥാന്‍ നടത്തുന്ന ഇത്തരം പ്രചാരണങ്ങളില്‍ ആശ്ചര്യപ്പെടാനില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഭീഷണിപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയതെന്നും ഇത്തരം പ്രചാരണങ്ങള്‍ പാക്കിസ്ഥാന്‍ തുടരാനാണ് സാധ്യതയെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ചാരവൃത്തിയും തീവ്രവാദ പ്രവര്‍ത്തനവും ആരോപിച്ചാണ് കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ചത്.
ഡിസംബര്‍ 25നാണ് കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയെയും ഭാര്യയെയും അനുവദിച്ചത്. പാക്കിസ്ഥാനിലെത്തിയ അമ്മയോടും ഭാര്യയോടും പാക് അധികൃതര്‍ മോശമായി പെരുമാറിയത് വിവാദത്തിനിടയാക്കിയിരുന്നു. ഭാര്യ ഛേതന്‍കുലിന്റെ താലിമാല അഴിച്ചുവാങ്ങിയിരുന്നു.

ബന്ധുക്കളുമായി സ്വകാര്യ സംഭാഷണത്തിന് അനുവദിക്കാതെ ഗ്ലാസ് മറക്ക് ഇരുവശത്തും ഇരുന്നാണ് കുല്‍ഭൂഷണ്‍ ഇവരുമായി സംസാരിച്ചത്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിംഗിനെ ഇവര്‍ക്കൊപ്പമിരിക്കാന്‍ അനുവദിച്ചിരുന്നില്ല.