പ്രാര്‍ഥനാ പുണ്യവുമായി ജനസഹസ്രങ്ങള്‍

Posted on: January 5, 2018 7:42 am | Last updated: January 5, 2018 at 12:44 am
SHARE
മര്‍കസില്‍ നടന്ന പ്രര്‍ഥനാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ
ജനസഹസ്രങ്ങള്‍

മര്‍കസ്‌നഗര്‍: മര്‍കസ് ഒരുക്കിയ ആത്മീയ കൂട്ടായ്മയിലേക്ക് വിശ്വാസികളുടെ പ്രവാഹം. പ്രാര്‍ഥനാപുണ്യവുമായി ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് ആത്മനിര്‍വൃതിയുടെ ധന്യത പകരുന്നതായിരുന്നു ആത്മീയ സമ്മേളനം. സാദാത്തുക്കളുടെ സാന്നിധ്യവും പണ്ഡിത വരേണ്യരുടെ തലയെടുപ്പും ആത്മീയസംഗമത്തെ കാമ്പുള്ളതാക്കി. മഹഌറത്തുല്‍ ബദ്‌രിയ്യയില്‍ തുടങ്ങി സമാപനപ്രാര്‍ഥന വരെ നീണ്ട സംഗമം വിശ്വാസിമനസുകളെ ആത്മീയാനന്ദത്തിലേക്ക് നയിച്ചു. ആത്മസംഘര്‍ഷങ്ങളില്‍ മനസ് പിടയുന്നവരെ ആശ്വാസത്തിലേക്ക് വഴിനടത്തി. നാല്‍പ്പതാണ്ടിന്റെ വഴിയില്‍ മര്‍കസിനെ നയിച്ച് മണ്‍മറഞ്ഞ മഹത്തുക്കളെ സംഗമം അനുസ്മരിച്ചു. മര്‍കസിലേക്ക് വിഭവങ്ങള്‍ അയച്ച് വിരുന്നൂട്ടിയവര്‍ക്ക് പ്രാര്‍ഥനകള്‍ കൊണ്ട് നന്ദി പറഞ്ഞു.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹബീബ് അലി സൈനുല്‍ ആബിദീന്‍ അബൂബക്കര്‍ അല്‍ ഹാമിദ് ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ സന്ദേശപ്രഭാഷണം നടത്തി. അഹ്‌ലുസുന്നയുടെ സന്ദേശം കൂടുതല്‍ പേരിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് തന്‍വീര്‍ ഹാശിമി ബീജാപൂര്‍, സയ്യിദ് ശഹീദ് ബശീര്‍ ബുഖാരി ഹൈദരാബാദ്, ഡോ. മുജീബുര്‍റഹ്മാന്‍ ആരിഫി അലഹാബാദ് എന്നിവര്‍ നേതൃത്വം നല്‍കി. സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. മര്‍കസിന് അഭയമായിരുന്ന ആത്മീയ നേതൃത്വത്തെയും സംഘടനാരംഗത്ത് മുമ്പേ നടന്നവരെയും സമ്മേളനം അനുസ്മരിച്ചു. മണ്‍മറഞ്ഞ മര്‍കസിലെ മുന്‍കാല മുദരിസുമാരെയും നേതൃതലത്തിലുണ്ടായിരുന്ന ഉമറാക്കളെയും പ്രാര്‍ഥനകളാല്‍ ഓര്‍ത്തെടുത്തു. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ആമുഖപ്രഭാഷണം നടത്തി.

സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് അതാഉല്ല തങ്ങള്‍ മഞ്ചേശ്വരം, സയ്യിദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് മുല്ലക്കോയ തങ്ങള്‍ കൊളശ്ശേരി, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രൂസി, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം, സയ്യിദ് ഫസലുദ്ദീന്‍ തങ്ങള്‍ വാടാനപ്പള്ളി, സയ്യിദ് നാസിമുദ്ദീന്‍ തങ്ങള്‍ കൊല്ലം, സയ്യിദ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് വി പി എ തങ്ങള്‍ ആട്ടീരി, സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ അവേലം, ഇ കെ ഹുസൈന്‍ മുസ്‌ലിയാര്‍ ഖാദിരി, സയ്യിദ് ആറ്റ കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് എസ് ബി വി തങ്ങള്‍ പാനൂര്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് കണ്ണൂര്‍ തുടങ്ങിയവര്‍ സാന്നിധ്യം കൊണ്ട് ധന്യമാക്കി.

മക്കയിലെ പ്രമുഖപണ്ഡിതര്‍ ഖിസ്‌വതുല്‍ കഅബ (കഅബയുടെ ഖില്ല) കാന്തപുരത്തിന് സമ്മാനിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച അല്‍ ഫതാവയുടെയും അസ്സഖാഫ പ്രത്യേക പതിപ്പിന്റെ പ്രകാശനവും സംഗമത്തില്‍ നടന്നു.