Connect with us

Editorial

യു പി സര്‍ക്കാര്‍ മദ്‌റസകള്‍ക്ക് നേരെ

Published

|

Last Updated

അടിക്കടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മദ്‌റസകളെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. കഴിഞ്ഞ സ്വാതന്ത്ര്യ ദിനവേളയില്‍ മദ്‌റസകളിലെ സ്വാതന്ത്ര്യ ദിനാഘോഷം വീഡിയോയില്‍ ചിത്രീകരിച്ചു നല്‍കാനും അത് ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

രാജ്യത്തിന്റെ സുരക്ഷ, പ്രതിരോധം, വിദേശകാര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗൗരവ കുറ്റങ്ങള്‍ക്കെതിരെ പ്രയോഗിക്കേണ്ട ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കാനായിരുന്നു നിര്‍ദേശം. സ്വാതന്ത്ര്യദിനം പതിവുപോലെ ഈ വര്‍ഷവും എല്ലാ മദ്‌റസകളിലും ആഘോഷിക്കുകയും ദേശീയ പതാക ഉയത്തുകയും ചെയ്തിരുന്നുവെങ്കിലും “ജനഗണമന”ക്ക് പകരം ഇഖ്ബാല്‍ രചിച്ച “സാരെ ജഹാംസെ അഛാ” എന്ന ദേശീയ ഗാനമാണ് മിക്ക മദ്‌റസകളും ആലപിച്ചത്. വീഡിയോയില്‍ പകര്‍ത്തി നല്‍കിയതുമില്ല. ആഘോഷം ചിത്രീകരിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം മുസ്‌ലിംകളുടെ ദേശസ്‌നേഹം പരീക്ഷിക്കലാണ്. അങ്ങനെ ദേശസ്‌നേഹം തെളിയിക്കേണ്ട കാര്യമെന്തെന്നാണ്് മദ്‌റസാ ഭാരവാഹികള്‍ ചോദിക്കുന്നത്.
ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം തയാറാക്കിയ വെബ്‌സൈറ്റില്‍ മദ്‌റസകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവുണ്ടായത്. ഇത് പാലിക്കാത്ത സ്ഥാപനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഉത്തരവില്‍ പറയുന്നു. യു പിയില്‍ 19,000ത്തിലേറെ അംഗീകൃത മദ്‌റസകളുണ്ട്. ഇവയുടെയെല്ലാം പൂര്‍ണ വിവരങ്ങളും മദ്‌റസാ അധ്യാപകരുടെ ബാങ്ക് അക്കൗണ്ട,് ആധാര്‍ കാര്‍ഡ് വിവരങ്ങളും വെബ്‌സൈറ്റിലേക്ക് നല്‍കണം. ക്ലാസ് റൂമുകളുടെ മാപ്പുകള്‍, കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ എന്നിവയും കൈമാറണം. ജൂലൈ 31-ന് യു പി പ്രിന്‍സിപ്പല്‍ സെക്രട്ടറി മോണിക ഗാര്‍ഗാണ് ഇതുസംബന്ധിച്ചു ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജന്മാരായ വിദ്യാര്‍ഥികളെയും അധ്യാപകരെയും തിരിച്ചറിയുന്നതിനാണത്രെ ഇത്. ഉത്തര്‍പ്രദേശ് മദ്‌റസ ബോര്‍ഡ് മുന്‍ തലവന്‍ പ്രൊഫസര്‍ സൈനസ് സാജിദ് അഭിപ്രായപ്പെട്ടത് ഈ ഉത്തരവിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സന്ദേഹമുണ്ടെന്നാണ്. “സര്‍ക്കാര്‍ ഓഫീസുകളുടെയും സ്‌കൂളുകളുടെയും റജിസ്‌ട്രേഷന് സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയാറാക്കിയിട്ടില്ല. മദ്‌റസകളെ മാത്രം ലക്ഷ്യമിടുമ്പോള്‍ ഞങ്ങള്‍ക്ക് ഒട്ടേറെ സംശയങ്ങളുണ്ട്. സര്‍ക്കാറിന് ഞങ്ങളെ സംശയമാണ്.

അതുകൊണ്ടായിരിക്കണം എല്ലാ സമയവും നിരീക്ഷിക്കാന്‍ ഉത്തരവിട്ടതെ”ന്നാണ് സൈനസ് സാജിദ് പറയുന്നത്. മുസ്‌ലിം സമുദായത്തെ സംശയത്തോടെ നിരീക്ഷിക്കുന്നവര്‍ സ്വാതന്ത്ര്യ സമരത്തില്‍ ഉലമാക്കള്‍ വഹിച്ച പങ്ക് ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും സര്‍ക്കാറിന്റെ നടപടി ഭയന്ന് 16,800 മദ്‌റസകള്‍ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 2,300 മദ്‌റസകളുടെ അംഗീകാരം റദ്ദാക്കിയേക്കുമെന്നാണ് വിവരം.
ഏറ്റവും ഒടുവില്‍ മദ്‌റസകള്‍ക്ക് നല്‍കിവന്നിരുന്ന ഇസ്‌ലാമിക ചടങ്ങുകളുമായി ബന്ധപ്പെട്ട അവധികള്‍ വെട്ടിച്ചുരുക്കി പകരം ഇതര മതസ്ഥരുടെ ആഘോഷ ദിനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നേരത്തെ ഹോളി, അംബേദ്കര്‍ ജയന്തി എന്നിവക്ക് മാത്രമാണ് അവധി നല്‍കിയിരുന്നത്. ഇനി മുതല്‍ മഹാവീര്‍ ജയന്തി, ബുദ്ധപൂര്‍ണിമ, രക്ഷാബന്ധന്‍, മഹാനവമി, ദീപാവലി, ദസറ, ക്രിസ്മസ് എന്നീ ദിവസങ്ങളിലും അവധി നല്‍കണം. ഈ നേതാക്കളെക്കുറിച്ചു കുട്ടികള്‍ പഠിച്ചിരിക്കേണ്ടത് അനിവാര്യമാണെന്നാണ് അവധി മാറ്റം സംബന്ധിച്ചു യു പി മദ്‌റസ ബോര്‍ഡ് റജിസ്റ്റാര്‍ രാഹുല്‍ ഗുപ്തയുടെ വിശദീകരണം. മദ്‌റസകള്‍ക്ക് പൊതുനിയമം നടപ്പാക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറയുന്നു. ഇതോടെ ഈദുല്‍ അസ്ഹാ, മുഹര്‍റം തുടങ്ങി നല്‍കി വന്നിരുന്ന പത്ത് ദിവസത്തെ അവധി നാലായി ചുരുങ്ങും. യു പിയിലെ മദ്‌റസാ അധ്യാപകര്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉളവാക്കിയിട്ടുണ്ട് ഈ നടപടി. മറ്റു മതസ്ഥരുടെ ആഘോഷങ്ങള്‍ക്ക് അവധി നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല, എന്നാല്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന പത്ത് ദിവസത്തെ അവധി വെട്ടിച്ചുരുക്കിയത് അനീതിയാണെന്നു മദ്‌റസ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

മദ്‌റസകളെക്കുറിച്ചു നേരത്തെ ബി ജെ പി എം പി സാക്ഷി മഹാരാജും മറ്റു ചിലരും നടത്തിയ പ്രസ്താവനകളുമായി ചേര്‍ത്തു വേണം സര്‍ക്കാറിന്റെ പുതിയ നിയന്ത്രണങ്ങളെ വിലയിരുത്താന്‍. രാജ്യത്തെങ്ങുമുള്ള മദ്‌റസകളില്‍ ആണ്‍കുട്ടികള്‍ക്ക് തീവ്രവാദവും ലൗജിഹാദും പഠിപ്പിക്കുന്നതായും ലൗ ജിഹാദ് വിജയകരമായി നടപ്പാക്കുന്നവര്‍ക്ക് മദ്‌റസകള്‍ ലക്ഷങ്ങളുടെ സമ്മാനം നല്‍കുന്നുണ്ടെന്നുമായിരുന്നു മഹാരാജ് തട്ടിവിട്ടത്. മദ്‌റസകള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സാമ്പത്തിക സഹായം ഉടനടി നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തുടനീളം സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നത് 19,000 മദ്‌റസകളാണ്. ഇതില്‍ 560 മദ്‌റസകളുടെ ചെലവ് മുഴുവനായും 4600 മദ്‌റസകളുടേത് ഭാഗികമായും സര്‍ക്കാറാണ് നല്‍കുന്നത്. അത് നിര്‍ത്തലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വേണം പുതിയ നിയന്ത്രണങ്ങെളയും നിര്‍ദേശങ്ങളെയും കാണാന്‍. അവധി നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള മറ്റു നടപടികള്‍ അധ്യാപകര്‍ മദ്‌റസാ രംഗത്തു നിന്നു വിട്ടുപോകാനും ഇടയാക്കിയേക്കും.