ജോലിക്കുവന്ന് മടി കാട്ടുന്നവരില്‍നിന്ന് തൊഴിലുടമക്ക് നഷ്ടപരിഹാരം തേടാം

Posted on: January 4, 2018 11:03 pm | Last updated: January 4, 2018 at 11:03 pm
SHARE

ദോഹ: രാജ്യത്തെ സ്ഥാപനങ്ങളില്‍ ചേര്‍ന്ന ശേഷം ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നവരില്‍ നിന്ന് തൊഴിലുടമക്ക് നഷ്ടപരിഹാരം തേടാന്‍ അവകാശമുണ്ടെന്ന് മന്ത്രാലയം. ആദ്യ മൂന്നുമാസത്തിനിടെ മടി കാട്ടുന്നവര്‍ക്കെതിരെയാണ് നടപടിക്ക് അവകാശമെന്ന് ഭരണവികസന, തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയം വ്യക്തമാക്കി.

ജോലി ചെയ്യാനുള്ള വിസമ്മതം സാക്ഷ്യപ്പെടുത്താന്‍ ജോലിക്കാരന്‍ തയാറായാലാണ് ഉടമക്ക് നഷ്ടപരിഹാരം തേടാന്‍ സാധിക്കുക. മൂന്നു മാസത്തെ നിയമസാധുത മാത്രമേ രേഖക്കുണ്ടാകൂ. ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇതുബാധകമാണ്. രാജ്യത്ത് ജോലിക്കെത്തി ജോലി ചെയ്യാന്‍ വിസമ്മതിക്കുന്ന പ്രവണത വ്യാപകമാണെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. നിശ്ചിത വര്‍ഷത്തേക്ക് തൊഴില്‍ കരാര്‍ ഒപ്പിട്ട ശേഷം ജോലിയില്‍ പ്രവേശിക്കുന്നവര്‍ തൊഴിലെടുക്കാന്‍ വിമുഖത കാണിക്കുന്നത് സാമ്പത്തിക നഷ്ടമുള്‍പ്പെടെയുള്ള പ്രയാസള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് തൊഴിലുടമകള്‍ പറയുന്നു.
എന്നാല്‍, ആദ്യ മൂന്നുമാസം സമാധാനപരമായി ജോലി ചെയ്യണമെന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ നിര്‍ദേശ പ്രകാരം തൊഴിലാളികള്‍ പ്രശ്നങ്ങളില്ലാതെ ആദ്യ മൂന്നുമാസം ജോലി ചെയ്യുകയും ശേഷം പ്രശ്‌നം സൃഷ്ടിക്കാറുണ്ടെന്നും തൊഴിലുടമകള്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നുമാസത്തിനു ശേഷം നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നതാണ് ഇതിനു പ്രേരിപ്പിക്കുന്നത്. പുതിയ നിര്‍ദേശ പ്രകാരം ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് തുടരാന്‍ താത്പര്യമില്ലെങ്കില്‍ അക്കാര്യം നിര്‍ബന്ധമായും ആദ്യ മൂന്നു മാസത്തിനകം രേഖാമൂലം അറിയിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.
തൊഴില്‍ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം തൊഴിലാളി തെറ്റായ പൗരത്വമോ, വിലാസമോ തെറ്റായ സര്‍ട്ടിഫിക്കറ്റുകളോ നല്‍കിയതായി കണ്ടെത്തിയാല്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെയും സേവനാനുകൂല്യങ്ങള്‍ നല്‍കാതെയും പിരിച്ചുവിടാന്‍ ഉടമക്ക് അവകാശമുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിയുടെ തെറ്റുമൂലം തൊഴിലുടമക്ക് സാമ്പത്തിക നഷ്ടമുണ്ടായാല്‍ രണ്ടു ദിവസത്തിനകം മന്ത്രാലയത്തില്‍ അറിയിച്ചിരിക്കണം.

തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ചുള്ള തൊഴിലുടമയുടെ രേഖാമൂലമുള്ള നിര്‍ദേശങ്ങള്‍ തൊഴിലാളി ഒന്നിലധികം തവണ ലംഘിച്ചാല്‍ വസ്തുതകള്‍ വ്യക്തമായി കാണുന്ന സ്ഥലത്ത് എഴുതി ഒട്ടിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
തൊഴില്‍ കരാറിലുള്ള ചുമതലകള്‍ പൂര്‍ത്തിയാക്കാന്‍ ഒന്നിലധികം തവണ തൊഴിലാളി പരാജയപ്പെടുക, തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിലെ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തുക, ജോലി സമയത്ത് മദ്യപിക്കുക അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിക്കുക, ജോലി സമയത്ത് തൊഴിലുടമയെയോ മേലുദ്യോഗസ്ഥരെയോ മര്‍ദിക്കുക, സഹപ്രവര്‍ത്തകരെ മര്‍ദിക്കുന്നത് ആവര്‍ത്തിക്കുക, ഏഴ് ദിവസം തുടര്‍ച്ചയായോ വര്‍ഷത്തില്‍ പതിനഞ്ച് ദിവസം തുടര്‍ച്ചയായോ അനുതമിയില്ലാതെ ജോലിക്ക് വരാതിരിക്കുക, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ സാഹചര്യങ്ങളില്‍ തൊഴിലാളിയെ പിരിച്ചുവിടാന്‍ ഉടമക്ക് അധികാരമുണ്ട്.

പ്രവാസി തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതാണ് ഈ വ്യവസ്ഥകളെന്ന് മന്ത്രാലയം അവകാശപ്പെട്ടു. ഇതനുസരിച്ചാണ് ശിക്ഷാനടപടികള്‍ സ്വീകരിക്കുക. തൊഴിലുടമക്കെതിരെ മന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍സ് വകുപ്പിലോ തര്‍ക്ക പരിഹാര കമ്മിറ്റിക്ക് മുമ്പാകെയോ തൊഴിലാളിക്ക് പരാതി നല്‍കാം. റിക്രൂട്ട്‌മെന്റുകള്‍ക്ക് അംഗീകാരം ഉറപ്പാക്കാന്‍ നിരവധി വിദേശ രാജ്യങ്ങളുമായി സഹകരിച്ചാണ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടേയും തൊഴിലുടമകളുടേയും അവകാശങ്ങള്‍ ഉറപ്പു വരുത്തി ഖത്വറിലെ എല്ലാ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളും നിയമാനുസൃതമായ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here