ഡി എസ് എഫ്; വിജയികളധികവും ഇന്ത്യക്കാര്‍

Posted on: January 4, 2018 10:02 pm | Last updated: January 4, 2018 at 10:02 pm
SHARE

ദുബൈ: ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന സ്വര്‍ണ നറുക്കെടുപ്പില്‍ വിജയികളേറെയും ഇന്ത്യക്കാര്‍. കഴിഞ്ഞ മാസം 26ന് തുടങ്ങിയ ഡിഎസ്എഫ് ഒരാഴ്ച പിന്നിടുമ്പോള്‍ ഒന്നാം തീയതിവരെ നടന്ന നറുക്കെടുപ്പില്‍ 20 വിജയികളില്‍ 16 പേരും ഇന്ത്യക്കാരാണ്. ഇവരില്‍ മലയാളികളുമുണ്ട്. മൂന്ന് പാക്കിസ്ഥാന്‍ പൗരന്‍മാരും ഒരു ബംഗ്ലദേശുകാരനും വിജയികളായി. ഇന്ത്യക്കാരില്‍ ആറുപേര്‍ അര കിലോഗ്രാം സ്വര്‍ണവും 10 പേര്‍ കാല്‍ കിലോഗ്രാം സ്വര്‍ണവും നേടി. പാക്കിസ്ഥാന്‍ സ്വദേശികളില്‍ ഒരാള്‍ക്ക് അര കിലോഗ്രാം സ്വര്‍ണം ലഭിച്ചു. കഴിഞ്ഞ മാസം 30നും 31നും നടന്ന നറുക്കെടുപ്പുകളില്‍ വിജയികളെല്ലാവരും ഇന്ത്യക്കാരായിരുന്നു.

ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ മെഗാ ജ്വല്ലറി പ്രമോഷന്റെ ഭാഗമായാണ് പ്രതിദിന നറുക്കെടുപ്പ്. 26നു തുടങ്ങിയ പ്രമോഷന്‍ ജനുവരി 27 വരെയുണ്ട്. 33 ദിവസം നീളുന്ന പ്രമോഷനില്‍ 100 വിജയികള്‍ക്ക് ആകെ 33 കിലോഗ്രാം സ്വര്‍ണസമ്മാനം നേടാനുള്ള അവസരമുണ്ടാകും. ഓരോ ദിവസവും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെ പ്രഖ്യാപിക്കും. ഒന്നാം സമ്മാനം അരകിലോഗ്രാം സ്വര്‍ണവും രണ്ടും മൂന്നും സമ്മാനങ്ങള്‍ കാല്‍ കിലോഗ്രാം സ്വര്‍ണവും വീതമാണ്. അവസാന ദിവസം ഒരു കിലോഗ്രാം സ്വര്‍ണം ഒരു വിജയിക്കു ലഭിക്കും. 500 ദിര്‍ഹമിന്റെ സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം.