റൂട്ട് 2020 പാത നിര്‍മാണം; മെട്രോ റെഡ് ലൈന്‍ ഭാഗികമായി അടക്കും

Posted on: January 4, 2018 8:14 pm | Last updated: January 4, 2018 at 8:14 pm
SHARE

ദുബൈ: ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020 വേദിയിലക്കുള്ള മെട്രോ പാത ദീര്‍ഘിപ്പിക്കല്‍ നിര്‍മാണം പുരോഗമിക്കുന്നതിന്റെ ഭാഗമായി മെട്രോ റെഡ്‌ലൈന്‍ നാളെ (വെള്ളി) മുതല്‍ ഭാഗികമായി അടക്കും. അടുത്ത വര്‍ഷം പകുതി വരെ ഇത് തുടരുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു.

ജുമൈറ ലേക്‌സ് ടവേര്‍സ്, ഇബ്‌നു ബത്തൂത്ത സ്റ്റേഷനുകള്‍ക്കിടയില്‍ സൗജന്യ ബസ് സര്‍വീസ് ഏര്‍പെടുത്തുമെന്നും ആര്‍ ടി എ അറിയിച്ചു. ഇതിനിടക്കുള്ള നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനാണ് ഭാഗികമായി അടക്കുന്നത്.
യു എ ഇ എക്‌സ്‌ചേഞ്ച് ഭാഗത്തേക്ക് പോകുന്നവര്‍ക്ക് ജുമൈറ ലേക് ടവേര്‍സ് സ്റ്റേഷനില്‍ നിന്ന് ഇബ്‌നു ബത്തൂത്ത വരെയും റാശിദിയ്യയിലേക്ക് പോകേണ്ടവര്‍ക്ക് തിരിച്ചുമാണ് സൗജന്യ ബസ് സേവനം.
കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ ഇതേ റൂട്ടില്‍ ഭാഗികമായി യാത്രാനിരോധം ഏര്‍പെടുത്തിയിരുന്നു.
ഉപഭോക്തൃ സന്തുഷ്ടി ഉറപ്പുവരുത്താന്‍ പൊതുഗതാഗത യാത്രക്കാര്‍ക്ക് മികച്ചതും സുഗമവുമായ യാത്രാ സംവിധാനമൊരുക്കുമെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഹാശിമി പറഞ്ഞു.