Connect with us

Ongoing News

പൂര്‍വപിതാവിന്റെ ചിലിക്കോയിലെ മഖ്ബറക്ക് മുമ്പില്‍ സ്‌നേഹപൂര്‍വം

Published

|

Last Updated

മര്‍കസ് നഗര്‍(കാരന്തൂര്‍). ആറ് നൂറ്റാണ്ട് മുമ്പ് കേരളത്തില്‍ അടക്കം ചെയ്ത പൂര്‍വ പിതാവിന്റെ ചരിത്രം തേടി ചൈനീസ് അതിഥികളെത്തി. മര്‍കസ് റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ ചൈനയില്‍ നിന്നുള്ള മാമിന്‍യോംഗ് ഇസ്മാഈലും സംഘവുമാണ് കോഴിക്കോട് നഗരത്തിലെ ചീനേടത്ത് മഖാമില്‍ അടക്കം ചെയ്തിട്ടുള്ള ചൈനീസ് സൂഫിയുടെ മഖ്്ബറ സന്ദര്‍ശിച്ചത്. എ ഡി 1433ല്‍ ഇവിടെ ഖബറടക്കിയെന്ന് കരുതുന്ന സൂഫി ആരെന്ന് ചരിത്രരേഖകളില്‍ കൃത്യമായ വിവരങ്ങളില്ലെങ്കിലും മിംഗ് രാജവംശത്തിന്റെ സമകാലികനായ സെന്‍ഹേ ആണ് ഇതെന്ന് ഇവര്‍ പറയുന്നു.

ഹാജി മഹ്്മൂദ് ശംസുദ്ദീന്‍ എന്നാണ് സെന്‍ഹേ എന്നറിയപ്പെടുന്ന ഇവരുടെ പേര്. നയതന്ത്രജ്ഞനും നാവികനും സഞ്ചാരിയുമായിരുന്ന സെന്‍ഹേ 1433ല്‍ തന്റെ യാത്രാമധ്യേ അറബിക്കടലില്‍ വെച്ച് മരണപ്പെടുകയും അങ്ങനെ കോഴിക്കോട് കപ്പലടുപ്പിച്ച് അദ്ദേഹത്തെ ഇവിടെ ഖബറടക്കിയതാകാമെന്നുമാണ് ഇവര്‍ പറയുന്നത്. സയ്യിദ് പ്രവാചക കുടുംബ പരമ്പര പ്രകാരം മുപ്പത്തിയൊന്നാമത്തെ പുത്രനാണ് സെന്‍ഹേ. മരണശേഷം കോഴിക്കോട് ഖബറടക്കപ്പെട്ടെങ്കിലും വസ്ത്രങ്ങളും മറ്റും ചൈനയിലെത്തിക്കുകയും അവിടെ ഒരു സ്മാരകം പണികഴിപ്പിക്കുകയും ചെയ്തു. പിന്നീട് ആ സ്മാരകം ഇസ്‌ലാമിക വാസ്തുവിദ്യാരീതി പ്രകാരം പുതുക്കിപ്പണിതു. പില്‍ക്കാലത്ത് ആ സ്മാരകം സെന്‍ഹേയുടെ ഖബറിടമായി അറിയപ്പെട്ടു തുടങ്ങിയെങ്കിലും കുടുംബ രേഖകള്‍ പറയുന്നത് സെന്‍ഹേ കോഴിക്കോട് അന്ത്യവിശ്രമം കൊള്ളുന്നു എന്നാണ്.

ചീലിക്കോ എന്ന് രേഖകളില്‍ കാണുന്ന നാട് കേരളമാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. മാമിന്‍യോംഗിനൊപ്പം മലേഷ്യ അന്താരാഷ്ട്ര ഇസ്‌ലാമിക സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥികളായ ലിയൂചുവാംഗ് യൂസുഫ,് ഹൗവെന്‍ഹൂയ് ബദറുദ്ദീന്‍ എന്നിവരും അതിഥികളായി എത്തിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest