Connect with us

National

എസ്ബിഐയുടെ മിനിമം ബാലന്‍സ് കൊള്ള: നടപടി വേണമെന്ന് മുല്ലപ്പള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് എസ്ബിഐ വന്‍തോതില്‍ ചാര്‍ജ് ഈടാക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ നിന്നാണ് എസ്ബിഐ പിടിച്ചുപറി നടത്തുന്നതെന്നും ഇതിനെതിരേ നടപടി വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ 1,771 കോടി രൂപയാണ് ഉപഭോക്താക്കളില്‍ നിന്ന് എസ്ബിഐ പിഴിഞ്ഞെടുത്തത്. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ധന മന്ത്രാലയത്തിന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്ബിഐയുടെ ജൂലൈ സെപ്തംബര്‍ പാദത്തിലെ ലാഭത്തേക്കാള്‍ വരും ഈ തുക. ഈ കാലയളവിലെ നെറ്റ് പ്രോഫിറ്റ് 1581.55 കോടി രൂപയാണ്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള നെറ്റ് പ്രോഫിറ്റ് 3586 കോടി രൂപയുമാണ്. 2016-17 സാമ്പത്തിക വര്‍ഷം എസ്ബിഐ മിനിമം ബാലന്‍സ് വെക്കാത്തവരില്‍ നിന്ന് ചാര്‍ജ് ഈടാക്കിയിരുന്നില്ല. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം ഇത് തിരിച്ചുകൊണ്ടുവരികയായിരുന്നു.

42 കോടി സേവിംഗ്‌സ് ബേങ്ക് അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്. ഇതില്‍ 13 കോടി അക്കൗണ്ടുകള്‍ ബേസിക് സേവിംഗ്‌സ് ബേങ്ക് ഡെപ്പോസിറ്റ്‌സ് അക്കൗണ്ടുകളോ പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളോ ആണ്. ഈ രണ്ട് വിഭാഗങ്ങള്‍ക്കും ചാര്‍ജ് ചുമത്തുന്നില്ല.
എസ്ബിഐക്ക് പുറമേ മറ്റ് ബേങ്കുകളും ഇത്തരത്തില്‍ ഉപയോക്താക്കളെ പിഴിഞ്ഞ് പണം നേടിയിരുന്നു.എസ് ബി ഐ കഴിഞ്ഞാല്‍ പഞ്ചാബ് നാഷനല്‍ ബേങ്കാണ് ചാര്‍ജ് ഈടാക്കുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നത്, 97.34 കോടി രൂപ. കനറാ ബേങ്ക് ഈടാക്കിയത് 62.16 കോടി രൂപ. പഞ്ചാബ് ആന്‍ഡ് സിന്ധ് ബേങ്ക് മാത്രമാണ് ഈ സാമ്പത്തിക വര്‍ഷം മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് ചാര്‍ജ് ഈടാക്കാതിരുന്ന പൊതുമേഖലാ ബേങ്ക്.

201617ലും 2017 നവംബര്‍ വരെയും ഇവര്‍ ചാര്‍ജ് ഈടാക്കിയിട്ടില്ല. മെട്രോ നഗരങ്ങളില്‍ എസ്ബിഐ നേരത്തെ മിനിമം ബാലന്‍സ് 5000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. സെപ്തംബറില്‍ ഇത് 3000 ആക്കി കുറച്ചിരുന്നു. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്ക് പ്രകാരം 2,320.96 കോടി രൂപയാണ് വിവിധ ബേങ്കുകള്‍ ഇത്തരത്തില്‍ നേടിയത്.