നിലപാടിലുറച്ച് പ്രതിപക്ഷം; മുത്വലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടേക്കും

Posted on: January 4, 2018 12:24 pm | Last updated: January 4, 2018 at 3:30 pm

ന്യൂഡല്‍ഹി; മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള മുസ്‌ലിം സ്ത്രീ വിവാഹ അവകാശ സംരക്ഷണ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടേക്കുമെന്ന് ഏകദേശം ഉറപ്പായി. ബില്ലിനെതിരായ എതിര്‍പ്പ് തുടരാന്‍ പ്രതിപക്ഷം തീരുമാനിച്ചതോടെയാണിത്. രാജ്യസഭ ചേരുന്നതിനു മുന്നോടിയായി ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗമാണ് തീരുമാനമെടുത്തത്.

ഇന്നലെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പാര്‍ലിമെന്റ് നിയമം 25ാം വകുപ്പ് പ്രകാരം ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സിപിഎം, സിപിഐ, എസ്പി, തൃണമൂല്‍, ബിജെഡി തുടങ്ങിയ പാര്‍ട്ടികളോടൊപ്പം ഭരണപക്ഷത്തെ തെലുങ്കുദേശവും ഇത് ആവശ്യമുന്നയിച്ചത് കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായി.