കോട്ടയം: വയല്‍ നികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.
തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോട്ടയം വിജിലന്‍സ് എസ് പിയുടേ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ലോക്‌നാഥ് ബെഹ്‌റക്ക് സമര്‍പ്പിച്ചിരുന്നു.
തോമസ് ചാണ്ടി ഭൂമി കൈയേറി നിയമലംഘനം നടത്തിയെന്ന് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നതും. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളിന്മേല്‍ ത്വരിത പരിശോധന നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതിയും ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള ത്വരിതാന്വേഷണമാണ് വിജിലന്‍സ് എസ് പിയുടെ നേതൃത്വത്തില്‍ നടത്തി കേസെടുക്കണമെന്ന നിലയിലുള്ള ശിപാര്‍ശ സമര്‍പ്പിച്ചത്.
തോമസ് ചാണ്ടിക്കെതിരെ നിരവധി ഭൂമി കൈയേറ്റ ആരോപണങ്ങളാണുള്ളത്.