ബെര്‍ബെറ്റോവ് കളിക്കും; തിരിച്ചുവരവിന് ബ്ലാസ്റ്റേഴ്‌സ്

മത്സരം രാത്രി 8.00ന് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍
Posted on: January 4, 2018 9:15 am | Last updated: January 4, 2018 at 9:16 am

കൊച്ചി: വിവാദങ്ങള്‍ക്കും തോല്‍വിക്കുമിടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ശക്തരായ പൂനെ എഫ് സി ക്കെതിരെ എട്ടാം മല്‍സരത്തിനിറങ്ങുന്നു. കോച്ച് റെനെ മ്യൂലന്‍സ്റ്റിന്റെ രാജിയും ഹോം ഗ്രൗണ്ടിലെ ആദ്യ തോല്‍വിക്കും ശേഷമിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയം അനിവാര്യമായിരിക്കുകയാണ്. ബാംഗ്ലൂരില്‍ നിന്നേറ്റ തോല്‍വിക്ക് പിന്നാലെ കോച്ച് രാജിവെക്കുകകൂടി ചെയ്തതോടെ ടീം കടുത്ത സമ്മര്‍ദ്ദത്തിലാണ്. അതേസമയം ഡേവിഡ് ജെയിംസ് കോച്ചായി ചുമതല ഏറ്റെടുക്കുന്നത് ടീമിന് ആത്മവിശ്വസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ജെയിംസ് എത്തുമോ ?

പുതി കോച്ച് ഡേവിഡ് ജെയിംസ് പൂനെക്കെതിരെയായ മല്‍സരത്തില്‍ ഗ്രൗണ്ടിലുണ്ടാകുമോ എന്ന് വ്യക്തമല്ലങ്കിലും ടീമിന്റെ ശൈലിയില്‍ അടിമുടി മാറ്റമുണ്ടാകാനുള്ള സാധ്യതയാണുള്ളത്. സഹപരിശീലകന്‍ താങ്‌ബോയ് സിങ്‌തോക്ക് കീഴിലാണ് ടീം പരിശീലനം നടത്തിയത്. കഴിഞ്ഞമല്‍സരങ്ങളിലെ തോല്‍വിക്കും സമനിലകള്‍ക്കും ടീമല്ല, ശൈലിയാണ് കാരണമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ടീം ഫോര്‍മേഷന്‍ പൊളിച്ചെഴുതുമെന്നാണ് കരുതുന്നത്. താരങ്ങളെ അവരുടെ തനതു പെസിഷനില്‍ കളിപ്പിക്കാതെ മാറ്റി മാറ്റി പരീക്ഷിക്കുന്ന രീതിയായിരുന്നു റെനെയുടേത്.
കളം നിറഞ്ഞുകളിക്കുന്ന ഇയാന്‍ ഹ്യൂമിനെ സ്‌ട്രൈക്കറാക്കിയായിരുന്നു റെനെയുടെ ആദ്യ മല്‍സരങ്ങളിലെ ടീം ഫോര്‍മേഷന്‍.
ഫോമില്ലായ്മകൂടിയായതോടെ ഏതാനും മല്‍സരങ്ങളില്‍ ഇയാന്‍ ഹ്യൂം ആദ്യ ഇലവനില്‍ തന്നെയുണ്ടായില്ല. ആദ്യ സീസണില്‍ ഡേവിഡ് ജയിംസിനൊപ്പമുണ്ടായിരുന്ന കളിക്കാരാണ് ഇയാന്‍ ഹ്യൂമും, നായകന്‍ ജിങ്കാനും.അതിനാല്‍ ഡേവിഡ് ജെയിംസ് എത്തുന്നത് ഹ്യൂമിന് പുത്തനുണര്‍വ്വ് നല്‍കും. പരിക്കേറ്റ സി കെ വിനീത് പൂനെക്കെതിരെയും കളിക്കില്ല.
പരുക്കേറ്റതാണ് ബാംഗ്ലൂരുമായുട്ടുള്ള മല്‍സരത്തില്‍ നിന്നും പിന്മാറാനുള്ള കാരണമെന്നും ടീമുമായി പ്രശ്‌നങ്ങളില്ലന്നും വിനീത് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ പരിക്കുമാറി വരുന്ന ബെര്‍ബറ്റോവ് ടീമിനൊപ്പമുണ്ടാകും. വെസ് ബ്രൗണ്‍,സിഫ്‌നിയോസ്, പെക്കൂസണ്‍, അരാറ്റ ഇസുമി,മിലന്‍ സിങ്ങ്,ജാക്കിചന്ദ് എന്നിവരെ എങ്ങനെ വിന്യസിക്കുന്നു എന്നതനുസരിച്ചായിരിക്കും ബ്ലാസ്റ്റേഴ്‌സിന്‍െ മുന്നേറ്റം.

ജയം അനിവാര്യം

ജയമില്ലാതെ ഇടറുന്ന ബ്ലാസ്റ്റേഴ്‌സിന് ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാന്‍ ഇനിയും സാധ്യതകളുണ്ട്. എന്നാല്‍ കാണികളുടെ പിന്തുണ തുടര്‍ന്നും കിട്ടുന്നതിന് ടീമിന് ജയം അനിവാര്യമായിരിക്കുകയാണ്. ഹോം മല്‍സരങ്ങളിലെ തുടര്‍ച്ചയായ സമനിലകള്‍ക്കിടെയാണ് ബാംഗ്ലൂരില്‍ നിന്നേറ്റ തോല്‍വി.
താരതമ്യേന ദുര്‍ബലരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടായിരുന്നു ടീമിന്റെ ഏകവിജയം. ഹോം ഗ്രൗണ്ടില്‍ പൂനെക്കെതിരെയുള്ളതുള്‍പ്പെടെ ഇനി നാലു മല്‍സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഗോവയും, ഡെല്‍ഹി ഡൈനമോസും ചെന്നൈയുമാണ് ടീമിന്റെ നാട്ടിലെ എതിരാളികള്‍. കഴിഞ്ഞ അഞ്ച് മല്‍സരങ്ങളിലും എതിരാളികളുടെ ഗോള്‍ വല ചലിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരക്കായിട്ടുണ്ട്. ഗോവക്കെതിരെ മാത്രമാണ് ടീമിന്റെ പ്രതിരോധനിര പാടെ തകര്‍ന്നുപോയത്.
സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് 2018 ലെ ആദ്യ മല്‍സരം വിജയത്തോടെ തുടങ്ങാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.
ഹോം ഗ്രൗണ്ടിലെ അഞ്ചുമല്‍സരമുള്‍പ്പെടെ ഏഴു കളികളില്‍ നിന്നും ഒരു ജയവും രണ്ടു തോല്‍വിയും നാലു സമനിലയുമായി എഴു പോയന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. നിലവില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.ഹോം ഗ്രൗണ്ടില്‍ ഇനിയൊരു തോല്‍വി ആരാധകരുടെ പിന്തുണ നഷ്ടപ്പെടുത്തുമെന്നതിനാല്‍ പൂനെക്കെതിരെയുള്ള മല്‍സരം അഗ്നിപരീക്ഷയാണ്.

വിജയം തുടരാന്‍ പൂനെ

വിജയങ്ങള്‍ തുടര്‍ക്കഥയാക്കികൊണ്ടാണ് പൂനെയുടെ വരവ്. എട്ടു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ പൂനെക്ക് അഞ്ച് ജയവും മൂന്ന് തോല്‍വിയുമായി 15 പോയന്റാണുള്ളത്. ബാംഗ്ലൂര്‍, ഗോവ, ജംഷഡ്പൂര്‍ എന്നിവരെ തോല്‍പ്പിച്ച പൂനെ നോര്‍ത്ത് ഈസ്റ്റിനേയും എ ടി ക്കെയും ഗോളില്‍ മുക്കി. അല്‍ഫാരോയും മാഴ്‌സിലോയും നയിക്കുന്ന പൂനെ മുന്നേറ്റ നിരയെ തടഞ്ഞുനിര്‍ത്താന്‍ ജിങ്കാനും കൂട്ടര്‍ക്കും വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നുറപ്പ്.
ടൂര്‍ണമെന്റില്‍ ഇതുവരെ 17 ഗോളുകളാണ് പൂനെ കണ്ടെത്തിയിരിക്കുന്നത്. ജോനാഥന്‍ ലൂക്ക, മാര്‍ക്കോസ് ടെബാര്‍, ആദില്‍ഖാന്‍ എന്നിവരടങ്ങുന്ന മധ്യനിരയും മികച്ച ഫോമിലാണ്. ടീമിലെ മലയാളി താരം ആശിഖ് കരുണിയനും ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും.