യെദിയുരപ്പ കാന്റീനുകളുമായി അനുകൂലികള്‍

Posted on: January 4, 2018 8:22 am | Last updated: January 4, 2018 at 12:25 am
SHARE
ഇന്ദിരാകാന്റീനുകളിലൊന്ന്‌

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ‘കാന്റീന്‍’ രാഷ്ട്രീയത്തില്‍ ശ്രദ്ധയൂന്നി രാഷ്ട്രീയ പാര്‍ട്ടികള്‍. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്‌നാട്ടില്‍ ആരംഭിച്ച അമ്മ കാന്റീനിന്റെ മാതൃകയില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തുടങ്ങിയ ഇന്ദിരാ കാന്റീന് ചുവടുപിടിച്ചാണ് മറ്റു പാര്‍ട്ടികളും കാന്റീനുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബി ജെ പി സംസ്ഥാന പ്രസിഡന്റുമായ ബി എസ് യെദ്യൂരപ്പയുടെ അനുയായികള്‍ യെദ്യൂരപ്പ കാന്റീനുകള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ്. യെദ്യൂരപ്പ ക്യാന്റീനുകള്‍ വഴി അഞ്ച് രൂപയ്ക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മാണ്ഡ്യ ജില്ലയിലെ സുഭാഷ് നഗരയിലായിരിക്കും ആദ്യത്തെ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിക്കുക. മറ്റ് ജില്ലകളില്‍ക്കൂടി യെദ്യൂരപ്പ കാന്റീനുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് യെദ്യൂരപ്പ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന അമ്മ ക്യാന്റീനും ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയ അന്നപൂര്‍ണ ഭോജനശാലകളുടേയും മാതൃകയിലാണ് കര്‍ണാടകയില്‍ ഇന്ദിരാ കാന്റീനുകളുകള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 15ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇന്ദിരാ ക്യാന്റീനുകള്‍ ഉദ്ഘാടനം ചെയ്തത്. പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും പത്ത് രൂപയുമാണ് ഇവിടെ ഈടാക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കാന്റീന്‍ പ്രചാരണായുധമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാഷ്ട്രീയപാര്‍ട്ടികള്‍ മത്സര ബുദ്ധിയോടെ കാന്റീനുകള്‍ ആരംഭിക്കുന്നത്. ജെ ഡി എസ് നേതാക്കളായ എച്ച് ഡി ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും ആരാധകരാണ് അപ്പാജി കാന്റീനുകള്‍ തുടങ്ങിയത്. ഇന്ദിരാ കാന്റീന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഹനുമന്തനഗറിലായിരുന്നു കാന്റീനിന്റെ ഉദ്ഘാടനം. പിന്നീട് മാണ്ഡ്യയിലും കാന്റീന്‍ ആരംഭിക്കുകയായിരുന്നു. കന്നഡ നടി രമ്യയുടെ പേരില്‍ ആരാധകന്‍ തുടങ്ങിയ കുമാരി രമ്യ കാന്റീനും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇന്ദിരാകാന്റീനുകളില്‍ വന്‍ജനത്തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇതിന് ബദലായി ജനതാദള്‍- എസ് അപ്പാജി കാന്റീന്‍ ആരംഭിച്ചത്. സംസ്ഥാനത്ത് മറ്റു ജില്ലകളിലേക്കും കാന്റീന്‍ വ്യാപിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ബി ജെ പിയും കാന്റീന്‍ രാഷ്ട്രീയവുമായി രംഗത്തെത്തിയിരിക്കുന്നത്. കാന്റീനിന് പിന്നാലെ കോണ്‍ഗ്രസ് ആരംഭിച്ച ഇന്ദിരാ ട്രാന്‍സിറ്റ് ക്ലിനിക്കും ജനങ്ങളുടെ കൈയടി നേടി. പ്രഭാതഭക്ഷണം അഞ്ചുരൂപയ്ക്കും ഉച്ചരാത്രി ഭക്ഷണം പത്തുരൂപയ്ക്കും ലഭിക്കുന്ന ഇന്ദിരാ കാന്റീന്‍ പദ്ധതി ബെംഗളൂരുവിലെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.