വിസ്മയക്കാഴ്ചയുമായി മര്‍കസ് എക്‌സ്‌പോ തുടങ്ങി

Posted on: January 4, 2018 7:46 am | Last updated: January 4, 2018 at 5:39 pm
SHARE
മര്‍കസ് എക്‌സ്‌പോയിലെ പഴമയുടെ പെരുമ വിദ്യാര്‍ഥികള്‍ നോക്കിക്കാണുന്നു

കാരന്തൂര്‍: വിസ്മയങ്ങളുടെ പുതുവസന്തം തീര്‍ത്ത് മര്‍കസ് എ ക്‌സ്‌പോ. റൂബി ജൂബിലിയോടനുബന്ധിച്ച് മര്‍കസ് ഐ ടി ഐയിലാണ് വേറിട്ട കാഴ്ചകളുള്ള എക്‌സ്‌പോ നടക്കുന്നത്. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്, റൈഹാന്‍ വാലി, മര്‍കസ് ഗാര്‍ഡന്‍ പൂനൂര്‍, സൈത്തൂന്‍ വാലി, ഇഹ്‌യാഉസ്സുന്ന, ഫെയ്‌സ് പബ്ലിക് സ്‌കൂള്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് തുടങ്ങിയവയുടെ അമ്പതോളം സ്റ്റാളുകളാണ് എക്‌സ്‌പോയില്‍ ഒരുക്കിയിട്ടു ള്ളത്.

പഠനാര്‍ഹവും കൗതുകകരവുമായ സ്റ്റാളുകള്‍ക്ക് പുറമെ, മര്‍കസ് ഐ ടി ഐയിലെ പത്ത് ഡിപ്പാര്‍ട്ട്‌മെന്റുകളും വ്യത്യസ്തമായ സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.
മര്‍കസ് ചാന്‍സ്‌ലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ലഭിച്ച വിവിധ പുരസ്‌കാരങ്ങള്‍ എക്‌സ്‌പോ ആകര്‍ഷകമാക്കുന്നതില്‍ പ്രധാനപ്പെട്ടവയാണ്. വ്യത്യസ്ത മെഡിക്കല്‍ ഉപകരണങ്ങള്‍, സ്മാര്‍ട്ട് കാര്‍ പാര്‍ക്കിംഗ്, റോബോട്ടിംഗ് വാച്ച്മാന്‍, സ്വയം നിയന്ത്രിത കാറുകള്‍, രൂപാന്തരം ചെയ്ത ലംബോര്‍ഗിനി മോഡല്‍ സ്‌പോര്‍ട്‌സ് വാഹനങ്ങള്‍, പുരാവസ്തു ശേഖരങ്ങള്‍, ചെലവു കുറഞ്ഞ ശീതീകരണ ഉപകരണങ്ങള്‍, കാലിക്കറ്റ് മെട്രൊയുടെ രൂപം, മെട്രൊ മാപ്പുകള്‍, ജമാലുദ്ദീന്‍ പോലൂരിന്റെ കൗതുക വാര്‍ത്തകള്‍, ഉസ്മാന്‍ ചൊക്ലിയുടെ കരകൗശല വസ്തുക്കള്‍, രണ്ട്്് ഗ്രാം തൂക്കമുള്ള പരിശുദ്ധ ഖുര്‍ആന്‍ പ്രതി, കാശ്മീരി വിഭവങ്ങള്‍, ഇസ്‌ലാമിക് തിയേറ്റര്‍ തുടങ്ങി കൗതുകക്കാഴ്ചകളും എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ യൂനാനി എക്‌സ്‌പോ എന്ന സവിശേഷത കൂടി ഇത്തവണത്തെ എക്‌സ്‌പോക്കുണ്ട്. ദേശീയ പാതയോരത്ത് പ്രത്യേകം സജ്ജമാക്കിയ ഐ ടി ക്യാമ്പസിലാണ് പ്രദര്‍ശനം നടക്കുന്നത്.
മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ എക്‌സ്‌പോയിലേക്ക് പ്രവേശനം നല്‍കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.