മുത്വലാഖ്; രാജ്യസഭ ഇന്നും പരിഗണിക്കും

Posted on: January 4, 2018 12:17 am | Last updated: January 4, 2018 at 10:05 am
SHARE

ന്യൂഡല്‍ഹി: മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള മുസ്‌ലിം സ്ത്രീ വിവാഹ അവകാശ സംരക്ഷണ ബില്‍ ഇന്നലെ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞു. ഇന്നലെ മൂന്നിന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. ഇരു വിഭാഗവും തമ്മിലുള്ള വാഗ്വാദം ബഹളത്തില്‍ കലാശിച്ചതോടെ സഭ ഇന്നലത്തേക്ക് പിരിയുകയാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ അറിയിക്കുകയായിരുന്നു. ബില്‍ ഇന്ന് വീണ്ടും പരിഗണിക്കും.

രാവിലെ 11ന് ചേര്‍ന്ന സഭ മഹാരാഷ്ട്രയിലെ മറാത്ത- ദളിത് കലാപത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി തവണ നിര്‍ത്തിവെച്ചു. പിന്നീട് മൂന്നിന് വീണ്ടും ചേര്‍ന്നപ്പോഴാണ് ബില്‍ പരിഗണിക്കണമെന്നും അല്ലാത്ത പക്ഷം സഭനിര്‍ത്തിവെക്കാന്‍ ഉത്തരവിടേണ്ടിവരുമെന്നും പി ജെ കുര്യന്‍ വ്യക്തമാക്കിയത്. പാര്‍ലിമെന്റ് നിയമം 25ാം വകുപ്പ് പ്രകാരം ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കപില്‍ സിബല്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെരക് ഒബ്രിയന്‍, ശുകേന്തു ശേഖര്‍ റോയ് എന്നിവരാണ് പ്രതിപക്ഷ നിരയില്‍ നിന്ന് വിഷയം ഉന്നയിച്ചത്. വിഷയം പാര്‍ലിമെന്റ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മ പ്രമേയം അവതരിപ്പിച്ചു.