Connect with us

Editorial

ലൗ ജിഹാദില്ലെന്ന് ആഭ്യന്തര വകുപ്പും

Published

|

Last Updated

കേരളത്തില്‍ സംഘടിത ലൗ ജിഹാദ് നടക്കുന്നുവെന്ന സംഘ്പരിവാര്‍ പ്രചാരണം തെറ്റാണെന്നു ആഭ്യന്തര വകുപ്പും. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹകരണത്തോടെ സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയത്. പ്രണയത്തെ തുടര്‍ന്നാണ് നല്ലൊരു വിഭാഗവും മതം മാറുന്നതെങ്കിലും അത് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുമ്പോലെ ലൗ ജിഹാദല്ലെന്ന് റിപ്പോര്‍ട്ട് തറപ്പിച്ചു പറയുന്നു. നേരത്തെ ഹൈക്കോടതിയും നിഷേധിച്ചതാണ് ലൗ ജിഹാദ് ആരോപണം.
സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക രംഗത്ത് കോളിളക്കം സൃഷ്ടിച്ച വിഷയമാണ് ലൗ ജിഹാദ്. ഒമ്പത് വര്‍ഷം മുമ്പ് പത്തനംതിട്ട സ്വാശ്രയ കോളജില്‍ നടന്ന രണ്ട് പ്രണയങ്ങളാണ് ലൗ ജിഹാദ് പ്രചാരണത്തിന് നിദാനമായ സംഭവം.

ഇസ്‌ലാമേതര മതസ്ഥരായിരുന്ന രണ്ട് വിദ്യാര്‍ഥിനികള്‍ മുസ്‌ലിം വിദ്യാര്‍ഥികളെ പ്രണയിച്ചതോടെ അത് പ്രണയം ആയുധമാക്കി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. സംസ്ഥാനത്തെ ചില ഹിന്ദു സംഘടനകളും ബി ജെ പിയും ചില പത്രങ്ങളും ഇത് ഏറ്റുപിടിച്ചു. നമ്മുടെ ചില ചാനലുകള്‍ അത് വാര്‍ത്താപരമ്പരയാക്കി. ഹൈക്കോടതി കേസ് പരിഗണിക്കവെ, ലൗ ജിഹാദിനെയും അതിന്റെ രാജ്യാന്തര, തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു ജസ്റ്റിസ് കെ ടി ശങ്കരന്‍ ഡി ജി പിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടതോടെ വിഷയം ചൂടുപിടിക്കുകയും ദേശീയ ശ്രദ്ധ നേടുകയുമായിരുന്നു.
ഉത്തരവിനെ തുടര്‍ന്നു കേസ് അന്വേഷിച്ച അന്നത്തെ ഡി ജി പി ജേക്കബ് പുന്നൂസ് ചില സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളല്ലാതെ മതം മാറ്റത്തിന് പ്രണയം ആയുധമാക്കുന്നതിന് വ്യക്തമായ തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് കെ ടി ശങ്കരന് ശേഷം കേസ് പരിഗണിച്ച ജസ്റ്റിസ് എം ശശിധരനും കുടുസ്സായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരം കുപ്രചാരണങ്ങളെന്നാണ് വിലയിരുത്തിയത്.

പോലീസ് മനഃപൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും നീതിപീഠത്തിന്റെ മനസ്സിനെ ഇത് വേദനിപ്പിക്കുന്നതായും വിധിന്യായത്തില്‍ അദ്ദേഹം പറഞ്ഞു. ഇതോടെ വിഷയം ഏറെക്കുറെ കെട്ടടങ്ങിയതായിരുന്നു. മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറാണ് വിഷയം വീണ്ടും കുത്തിപ്പൊക്കിയത്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്നും ഹൈക്കോടതി നിര്‍ദേശപ്രകാരം നേരത്തെ നടത്തിയ അന്വേഷണത്തില്‍ രണ്ട് കേസില്‍ ഇക്കാര്യം തെളിഞ്ഞതായും കഴിഞ്ഞ വര്‍ഷം അദ്ദേഹം പ്രസ്താവിച്ചിരുന്നു. രാഷ്ട്രീയ, വര്‍ഗീയ താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നത് അന്നേ വിലയിരുത്തപ്പെട്ടതാണ്. പുതിയ പഠന റിപോര്‍ട്ട് പുറത്തുവന്നതോടെ അത് വ്യക്തമാകുകയും ചെയ്തു.

കേരളത്തിന്റെ സൗഹൃദപരമായ സാമൂഹികാന്തരീക്ഷം കലുഷിതമാക്കി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രചരിപ്പിക്കപ്പെട്ടതും യാതൊരു അടിസ്ഥാനമില്ലാത്തതുമാണ് യഥാര്‍ഥത്തില്‍ ലൗ ജിഹാദ്. ഇവിടെ മതംമാറിയുള്ള പ്രണയവിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നത് വസ്തുതയാണ്. മുസ്‌ലിം യുവാക്കള്‍ ഹിന്ദു യുവതികളെയും ഹിന്ദു യുവാക്കള്‍ മുസ്‌ലിം യുവതികളെയും പ്രണയിച്ചു വിവാഹം ചെയ്യുന്നുണ്ട്. ക്രൈസ്തവരും മുസ്‌ലിംകളും തമ്മിലും ക്രൈസ്തവരും ഹിന്ദുക്കളും തമ്മിലും വിവാഹം നടക്കുന്നു. ഇതിന് നിയമത്തിന്റെ അംഗീകാരവുമുണ്ട്. അതിനെ ലൗ ജിഹാദ് എന്ന് പേരിട്ട് വിളിക്കുന്നതിലാണ് കുഴപ്പം. സംഘ്പരിവാര്‍ സംഘടനകള്‍ വലിയൊരു മതസാമുദായിക പ്രശ്‌നമാക്കി ഇതിനെ പെരുപ്പിച്ച് മുതലെടുപ്പ് നടത്തുകയാണ്. എഴുത്തുകാരി മാധവിക്കുട്ടി മതംമാറി കമലാ സുരയ്യ ആയത് പോലും ലൗ ജിഹാദായി ആരോപിക്കപ്പെടുകയുണ്ടായി. കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് ലൗ ജിഹാദായിരുന്നു. കേരളത്തില്‍ ഇത് വ്യാപകമായി നടക്കുന്നുണ്ടെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്ത പല നേതാക്കളും ആരോപിച്ചത്. സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ വര്‍ഗീയ സംഘര്‍ഷമുള്‍പ്പെടെ പല അപകടകരമായ മാര്‍ഗങ്ങളും, രാഷ്ട്രീയ കുടില തന്ത്രങ്ങളും പരീക്ഷിച്ചിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ലൗ ജിഹാദും, മലപ്പുറം ജില്ലക്കെതിരായ കുപ്രചാരണങ്ങളുമൊക്കെ അവര്‍ പയറ്റുന്നത്. പ്രണയ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയും ചെയ്തിരുന്ന സംസ്ഥാനത്തെ ചില പുരോഗമനാശയക്കാര്‍ പോലും ലൗ ജിഹാദിനെതിരെ ആശങ്ക രേഖപ്പെടുത്തിയെന്നത് സംഘ്പരിവാറിന്റെ ഹിഡന്‍ അജന്‍ഡ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ചില അവസരങ്ങളില്‍ പോലീസും ജുഡീഷ്യറിയുമെല്ലാം ഇതില്‍ അകപ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഹാദിയ കേസിലെ കോടതി ഉത്തരവുകള്‍ ഈ സംശയത്തിന് ബലം വര്‍ധിപ്പിക്കുന്നുണ്ട്. കുറെ മുസ്‌ലിം യുവാക്കള്‍ പോലീസ് സ്‌റ്റേഷനിലും കോടതിയിലുമായി പീഡിപ്പിക്കപ്പെട്ടുവെന്നതിലുപരി ഇതുകൊണ്ടെന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ സംഘ്പരിവാറിന് സാധിച്ചിട്ടില്ല. ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളെങ്കിലും ഇനി ഇത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്.