Connect with us

Articles

പണ്ഡിതന്മാരുടെ ഫത്‌വകള്‍

Published

|

Last Updated

കേരളത്തിലെ പ്രധാനെപ്പട്ട എട്ട് ആലിമീങ്ങള്‍ 1953 മാര്‍ച്ച് 27നു പെരിന്തല്‍മണ്ണയില്‍ സമ്മേളിച്ചു. ആ മാര്‍ച്ച് 20ന് കാര്യവട്ടത്തുവെച്ച് സ്ഥലത്തെയും പരിസരങ്ങളിലെയും പൗരപ്രധാനികള്‍ ഒത്തു ചേര്‍ന്ന് എടുത്ത തീരുമാനപ്രകാരം നേരത്തെയുള്ള ക്ഷണമനുസരിച്ചായിരുന്നു ഈ യോഗം. ഇവിടെ വെച്ചു വഹാബി- മൗദൂദി എന്നീ വിഭാഗങ്ങളുമായി ദീനിയ്യായ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പ്രസ്തുത പാര്‍ട്ടികളുടെ പ്രസിദ്ധീകരണങ്ങള്‍ നന്നായി പരിശോധിച്ചശേഷം കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു: “”സുആലില്‍ വിവരിച്ച ഇരു കക്ഷികളും ദീനിന്റെ അഇമ്മത്തിന്റെ കിതാബുകളില്‍ സ്ഥിരപ്പെടുത്തിയ ഹുക്മുകളെ റദ്ദാക്കിയവരും അതിനെതിരായി പല വാദങ്ങളും ഉന്നയിച്ചു ജനങ്ങളെ വഴിപിഴപ്പിക്കുന്നവരുമായതിനാല്‍ അവര്‍ സംശയം തീര്‍ന്ന മുബ്തദിഉകളും മുഫ്‌സിദുകളും ആയതുകൊണ്ട് അവരോട് (വഹാബി, മൗദൂദികളുമായി) മുബ്തദിഉകളുമായി പെരുമാറേണ്ടുന്ന നിലയില്‍ പെരുമാറല്‍ നിര്‍ബന്ധമാണെന്നതില്‍ സംശയമില്ല. മുബ്തദിഉകളുമായി പെരുമാറേണ്ട ചുരുക്കം ചില സംഗതികള്‍ താഴെ ചേര്‍ക്കാം:
1. അവരുമായി കൂടിപ്പെരുമാറാതിരിക്കുക, 2. അവരെ കണ്ടുമുട്ടിയാല്‍ സലാം ചൊല്ലാതിരിക്കുക, 3. അവര്‍ സലാം ചൊല്ലിയാല്‍ മടക്കാതിരിക്കുക, 4. അവരുമായി വിവാഹബന്ധം നടത്താതിരിക്കുക, 5. അവരെ പിന്തുടര്‍ന്നു നിസ്‌കരിക്കാതിരിക്കുക””(റദ്ദുല്‍മൗദൂദിയ്യഃ- പുറം: 35,36).
അല്‍ആലിമുല്‍അല്ലാമാ അഹ്മദ് കോയ ശാലിയാത്തി അവര്‍കളുടെ ഫത്‌വ: നിലവിലുള്ള ദീനുല്‍ഇസ്‌ലാമില്‍ പലവിധ ജാഹിലിയ്യത്തുകള്‍ കടന്നുകൂടിയതുകൊണ്ടു ശരിയായ നിലക്ക് ഒരു ജമാഅത്തെ ഇസ്‌ലാമിയ്യ സ്ഥാപിക്കണമെന്നും മറ്റും വാദിക്കുന്ന മൗദൂദികളുമായും തവസ്സുല്‍ ഇസ്തിഗാസ ദീനില്‍ അനുവദിക്കാത്തതാണെന്നും അതു ചെയ്യുന്നവര്‍ മുശ്‌രിക്കുകളാണെന്നും മറ്റും ജല്‍പിക്കുന്ന വഹാബികളുമായും സുന്നത്ത് ജമാഅത്തില്‍ ഉറച്ചുനില്‍ക്കുന്ന മുസ്‌ലിംകള്‍ പെരുമാറേണ്ടത് ആ രണ്ടു സംഘക്കാരുടെയും നില അനുസരിച്ചു മുശ്‌രിക്കുകളും മുസ്‌ലിംകളുമായുള്ള പെരുമാറ്റംപോലെ തന്നെയാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്ന സംഗതിയാണെന്നതില്‍ സംശയമില്ല.
റസൂല്‍(സ)യില്‍നിന്ന് അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത ഹദീസിനെ സ്വഹീഹു മുസ്‌ലിമില്‍നിന്നു നഖ്‌ലായി അശ്ശയ്ഖുല്‍മുഹദ്ദിസ് വലിയ്യുദ്ദീന്‍ മുഹമ്മദ് അബ്ദുല്ലാഹില്‍ഖത്വീബിതിബ്‌രീസി(റ) അവരുടെ മിശ്കാതുല്‍മസ്വാബീഹ് ബാബുല്‍ഈമാനില്‍ ഇപ്രകാരം രിവായത്ത് ചെയ്യുന്നു: “”അവസാനകാലത്ത് വ്യാജവാദികളായ ചില ദജ്ജാലുകള്‍ ഉണ്ടാകും. നിങ്ങളും നിങ്ങളുടെ പിതാക്കളും കേട്ടിട്ടില്ലാത്ത പലതും അവര്‍ കൊണ്ടുവരും. നിങ്ങള്‍ അവരെ സൂക്ഷിക്കുവിന്‍. അവര്‍ നിങ്ങളെ പിഴപ്പിക്കുകയും ഫിത്‌നയാക്കുകയും ചെയ്യാതിരിക്കട്ടെ””(മുസ്‌ലിം). ഇതിന്റെ ശറഹ് മിര്‍ഖാതില്‍ മുല്ലാ അലിയ്യുല്‍ഖാരി(റ) പറയുന്നു: അവര്‍ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ദുഷിച്ച വിശ്വാസങ്ങളും പിഴച്ച വിധികളും നിര്‍മിക്കുകയും ചെയ്യും. റസൂല്‍ അവിടുത്തെ മുസ്‌ലിംകളായ ഉമ്മത്തുകളോടു പറഞ്ഞിട്ടുണ്ട്: “”നിങ്ങളും നിങ്ങളുടെ പിതാക്കളും ഇസ്‌ലാമിയ്യത്തില്‍ കേള്‍ക്കാത്ത ചില നിയമങ്ങളും വിശ്വാസകാര്യങ്ങളും കൊണ്ടുവരുന്ന ഒരുതരം ചതിയന്മാരും വ്യാജവാദികളുമായ ആളുകള്‍ അവസാനകാലത്ത് ഉണ്ടാകുന്നതാണ്. അവര്‍ നിങ്ങളെ വഴികേടിലും നാശത്തിലും പെടുത്താതിരിക്കേണ്ടതിനു നിങ്ങള്‍ അവരെ വിട്ടു ദൂരെയാകേണ്ടതും അവരെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.””

ഇസ്‌ലാമിലെ വിശ്വാസകാര്യങ്ങളും നിത്യകര്‍മമായി നടത്തപ്പെടുന്ന അമലുകളും മുസ്‌ലിംകളുടെ വീട്ടു പഠിപ്പാണെന്നും അവരില്‍ അനന്തരമായി നിലകൊള്ളുന്നതാെണന്നും ഇതിന് എതിരായ സംഗതികളെ സൂക്ഷിക്കേണ്ടതാണെന്നും മറ്റും മേല്‍ വിവരിച്ച ഹദീസിനാല്‍ തെളിയുന്നുണ്ട്. സുന്നി സംഘക്കാരില്‍നിന്ന് അവരോട് അനുഭാവം കാണിക്കുന്നവരോടും പെരുമാറേണ്ടത് ഇപ്രകാരം തന്നെയാണ്. ഇസ്‌ലാമിയ്യത്തില്‍ പൂര്‍വീകമായി നടപ്പായ സംഗതികള്‍ ശിര്‍കാണെന്നും അവ ചെയ്യുന്നവര്‍ മുശ്‌രിക്കാണെന്നും വിശ്വസിക്കുന്ന സംഘക്കാരോട് ഏതു മുസ്‌ലിംകളാണു യോജിക്കുക? മേല്‍ വിവരിച്ച സംഘക്കാരോടു സുന്നത്ത് ജമാഅത്തില്‍ ഉറച്ചുനില്‍ക്കുന്ന മുസ്‌ലിംകള്‍ പെരുമാറേണ്ടുന്ന ക്രമങ്ങള്‍ സയ്യിദിനാ ശയ്ഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ) തങ്ങള്‍ “അല്‍ഗുന്‍യത്ത്” എന്ന കിതാബില്‍ വിവരിക്കുന്നതിങ്ങനെ: സുന്നത്ത് എന്നാല്‍ റസൂല്‍ (സ) നടപ്പില്‍ വരുത്തിയതും ജമാഅത്ത് എന്നാല്‍ തങ്ങളുടെ സ്വഹാബികള്‍ ഖുലഫാക്കളുടെ ഖിലാഫത്ത് കാലങ്ങളില്‍ ഇത്തിഫാഖായി ഏകോപിച്ചു നടന്നുവന്നതും ആകുന്നു. മുഅ്മിനുകള്‍ക്ക് സുന്നത്ത് ജമാഅത്തിനെ തുടര്‍ന്നു നടക്കലും ബിദ്അത്തുകാരെ അധികരിപ്പിക്കല്‍, അവരുടെ സംഘത്തില്‍ ചേരല്‍, അവര്‍ക്കു സലാം ചൊല്ലല്‍, അവരുമായി ഒന്നിച്ചിരിക്കല്‍, അവരുമായി അടുക്കല്‍, പെരുന്നാള്‍ മുതലായ ദിവസങ്ങളില്‍ അവരോട് സന്തോഷം പറയല്‍, അവരുടെമേല്‍ മയ്യിത്ത് നിസ്‌കരിക്കല്‍, അവരുടെ പേരു കേട്ടാല്‍ റഹ്മത്തുകൊണ്ട് ദുആ ഇരക്കല്‍ മുതലായവ ചെയ്യാതിരിക്കലും അവരുടെ മദ്ഹബ് ബാത്വിലാണെന്നു വിശ്വസിച്ച് റബ്ബുല്‍ആലമീന്റെ പക്കല്‍ നിന്നുള്ള പ്രതിഫലം ആശിച്ചുകൊണ്ട് അവരോടു വിരോധമാകലും ശാത്രവം കാണിക്കലും നിര്‍ബന്ധമാകുന്നു. ഹദീസുകൊണ്ട് സംസാരിക്കുമ്പോള്‍ അതുവിട്ട് ഖുര്‍ആന്‍ കൊണ്ടു സംസാരിക്കുക എന്ന് ഒരുവന്‍ പറഞ്ഞാല്‍ അവന്‍ വഴിപിഴച്ചവനാണെന്നു വിശ്വസിക്കണമെന്ന് അബൂഅയ്യൂബസ്സിജിസ്താനീ എന്നവരില്‍ നിന്നു രിവായത്ത് വന്നിരിക്കുന്നു. ഇപ്രകാരം ഇഹ്‌യാഉ ഉലുമിദ്ദീനിലും ശര്‍ഹു ശിര്‍അതില്‍ഇസ്‌ലാമിലും പറഞ്ഞിട്ടുണ്ട്. സുആലില്‍ പറയപ്പെട്ടവര്‍ അറുത്തതു തിന്നല്‍, അവരുമായി നികാഹ് ബന്ധം നടത്തല്‍, അവരെ തുടര്‍ന്നു നിസ്‌കരിക്കല്‍, ഇമാമത്ത്, തദ്‌രീസ് മുതലായവക്ക് വരെ നിയമിക്കല്‍ എന്നിവ പാടില്ലാത്തതാണെന്നു മേല്‍വിവരിച്ചതില്‍നിന്നു തെളിയുന്നു. -അഹ്മദ്‌കോയ, ചാലിയം(റദ്ദുല്‍മൗദൂദിയ്യ: 37, 38).
സമസ്ത (മുന്‍)സെക്രട്ടറി ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ

ഫത്‌വ:
1. കേരളത്തിലെ പ്രധാനപ്പെട്ട ആലിമീങ്ങള്‍ മൗദൂദിയുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഉകളാണെന്നു തീര്‍പ്പ് ചെയ്തിരിക്കുന്നു. മുബ്തദിഉകളെ എല്ലാവിധത്തിലും വര്‍ജിക്കേണ്ടതാണെന്ന ഹുക്മ് പ്രസിദ്ധവുമാണ്. ഇമാം നവവി(റ) പറയുന്നു: “”മുബ്തദിഉകളുടെ മേല്‍ സലാം ചൊല്ലുകയും മടക്കുകയും ചെയ്യാതിരിക്കേണ്ടതാണ്.”” ഇപ്രകാരം ഇമാം ബുഖാരിയും മറ്റു പല ഉലമാക്കളും പ്രസ്താവിച്ചിട്ടുണ്ട്(അദ്കാര്‍- പുറം: 206).
2. അവര്‍ മരിച്ചാല്‍ അവരുടെ മേല്‍ മയ്യിത്ത് നിസ്‌കരിക്കാനോ ജനാസയില്‍ പങ്കുകൊള്ളാനോ പാടില്ല. മുഹ്‌യിസ്സുന്നത്തി വദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(ഖ.സി) പറയുന്നു: വിശ്വാസികള്‍ സുന്നത്തിനെ പിന്‍പറ്റുകയും മുബ്തദിഉകള്‍ പിഴച്ചവരാണെന്നു വിശ്വസിച്ചുകൊണ്ട് അവരെ അനുകരിക്കുകയോ അടുത്തുപെരുമാറുകയോ അവര്‍ക്കു സലാം പറയുകയോ അവരുമായി ഒന്നിച്ചിരിക്കുകയോ അടുക്കുകയോ ആഘോഷങ്ങളില്‍ അനുമോദിക്കുകയോ പേരു പറയുമ്പോള്‍ കൃപ തേടുകയോ ചെയ്യാതിരിക്കേണ്ടതും അവരുമായി വേര്‍പ്പെട്ട് അല്ലാഹുവിന്റെ ദീനിന്റെ വിഷയത്തില്‍ ശത്രുത കാണിക്കേണ്ടതുമാണ്(ഗുന്‍യത്ത്- പുറം: 89, 90).
3. മേല്‍ വിവരിച്ച രണ്ടു വസ്തുതകളില്‍ നിന്നു മൂന്നാമതായി പറയപ്പെട്ട മുദര്‍രിസ് പോലുള്ളവരെ പിരിച്ചുവിടേണ്ടതാണെന്നും അവര്‍ ളാല്ലും മുളില്ലുമാണെന്നും(പിഴച്ചവരും പിഴപ്പിക്കുന്നവരും) വ്യക്തമാകുന്നതാണ്- ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍(റദ്ദുല്‍മൗദൂദിയ്യ: 40, 41).
1960ല്‍ വാഴക്കാട് ദാറുല്‍ഉലൂം സ്വദര്‍ മുദര്‍രിസ് സ്ഥാനവും പിന്നീട് സമസ്തയുടെ പ്രസിഡന്റ് പദവും അലങ്കരിച്ചിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ഫത്‌വ:ചോദ്യത്തില്‍ പറഞ്ഞ പാര്‍ട്ടികളുടെ(വഹാബി, മൗദൂദി) പ്രസിദ്ധീകരണങ്ങളിലും പ്രസംഗങ്ങളിലും ഇസ്‌ലാം ശരീഅത്തിനെതിരായ ഒട്ടധികം സംഗതികള്‍ ഉള്ളതുകൊണ്ട് പ്രസ്തുത പാര്‍ട്ടികള്‍ ഇസ്‌ലാമുമായി വളരെ അകന്ന രൂപത്തിലാണു നിലകൊള്ളുന്നത്. അതിനാല്‍ സാധാരണ മുസ്‌ലിംകളോടു പെരുമാറുന്ന വിധത്തില്‍ അവരോടു പെരുമാറാന്‍ പാടില്ലാത്തതാണ്. മേല്‍ സംഗതികളില്‍ മരണകാലവും അല്ലാത്ത കാലവും തമ്മില്‍ വ്യത്യാസമില്ല. -കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ (സ്വദര്‍ മുദര്‍രിസ്, ദാറുല്‍ഉലൂം, വാഴക്കാട്).
സമസ്തയുടെ പ്രധാന മുഫ്തിയും വൈസ് പ്രസിഡന്റും ആയിരുന്ന അല്‍ആലിമുല്‍ഫാളില്‍ മൗലാനാ ടി കുഞ്ഞായിന്‍ മുസ്‌ലിയാര്‍(മുദര്‍രിസ്, വെളിമുക്ക്) അവര്‍കളുടെ ഫത്‌വ:
മൗദൂദി തുടങ്ങിയ വിഭാഗക്കാര്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃയെ വിട്ടു വ്യതിചലിച്ചവരാണെന്ന് അവരുടെ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് അറിയപ്പെട്ടതാണല്ലോ. ഹദീസുകളിലും പ്രബലരായ ഇമാമുകളുടെ ഖൗലുകളിലും അവരുമായി സഹകരിക്കരുതെന്നും അവരുമായി സംസാരംകൊണ്ടും സലാംകൊണ്ടും ആരംഭിക്കരുതെന്നും അവര്‍ മരിച്ചാല്‍ അവരുടെ ജനാസയില്‍ പങ്കെടുക്കരുതെന്നും മറ്റെല്ലാപ്രകാരത്തിലും അവരുമായി അകന്നു നില്‍ക്കണമെന്നും പറഞ്ഞിട്ടുണ്ട്. നഹ്‌യിന്റെ(വിരോധത്തിന്റെ) മര്‍തബയില്‍ ഏറ്റവും താഴ്ന്ന മര്‍തബ കറാഹത്താണ്. മുബ്തദിഉകളുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കുന്നതു കറാഹത്തെങ്കിലും ആകാതെ തരമില്ല.

മുബ്ദതദിഉകളെ തുടരല്‍ കറാഹത്താണെന്നു ഫിഖ്ഹ് കിതാബുകളില്‍ വിവരിച്ച സ്ഥലത്ത് ഖയ്‌റിന്റെയും സ്വലാഹിന്റെയും അഹ്‌ലുകാര്‍ അവരെ(മുബ്തദിഉകളെ) തുടര്‍ന്നു നിസ്‌കരിക്കുന്നത് ഹറാമാണെന്നു പറഞ്ഞിട്ടുണ്ട്. സാധാരണ ജനങ്ങള്‍ക്ക് അവരോടു നല്ല വിചാരം ഉണ്ടാക്കിത്തീര്‍ക്കുന്നതാണെന്നതാണ് അതിനു കാരണമായി പറയുന്നത്. അപ്പോള്‍ അവരുടെമേല്‍ മയ്യിത്ത് നിസ്‌കരിക്കുന്നതും ഖയ്‌റിന്റെയും സ്വലാഹിന്റെയും അഹ്‌ലുകാരുടെമേല്‍ ഹറാമായിരിക്കേണ്ടതാണ്. തുടരല്‍ ഹറാമായതിനു പറഞ്ഞ കാരണം ഇവിടെയുമുള്ളതുകൊണ്ട് ഇതും(മയ്യിത്ത് നിസ്‌കരിക്കുന്നതും) ഹറാമായിരിക്കേണ്ടതാണ്. -ടി. കുഞ്ഞായിന്‍ മുസ്‌ലിയാര്‍. (തുടരും)

 

 

Latest