രാജ്യത്തെ പത്ത് സ്‌കൂളുകളില്‍ കൂടി എസ് സിയുടെ ആരോഗ്യ പദ്ധതി

Posted on: January 3, 2018 10:52 pm | Last updated: January 3, 2018 at 10:52 pm
SHARE
സുപ്രീം കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പരിപാടികളില്‍നിന്ന്

ദോഹ: ഖത്വറിലെ ലോകകപ്പ് 2022 സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ‘ആരോഗ്യത്തിന് പ്രഥമ പരിഗണന’ എന്ന പദ്ധതി പത്ത് സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തേ മൂന്ന് സ്‌കൂളുകളിലാണ് പദ്ധതി തുടങ്ങിയത്. ഇന്‍ക്ലൂസീവ് തലമുറ, ഹരിത തലമുറ, ആരോഗ്യമുള്ള തലമുറ എന്നീ മൂന്ന് സംരഭങ്ങളിലൂടെയാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പദ്ധതിയുടെ ഭാഗമായി. വൈകാതെ തന്നെ പദ്ധതി ഇരുപത് സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സുപ്രീം കമ്മിറ്റിയുടെ ജനറേഷന്‍ അമേസിംഗ് പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. മക്തബ വായനശാലയുടെ പങ്കാളിത്തത്തില്‍ കുട്ടികള്‍ക്കായി ആറ് പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചു. 2022 ഫിഫ ലോകകപ്പിന്റെ നേട്ടങ്ങളെക്കുറിച്ച് പുതുതലമുറക്ക് പരിചയപ്പെടുത്താന്‍ സഹായിക്കുന്നതാണ് പദ്ധതികള്‍. യുവതലമുറക്കായി പരിശീലനത്തിന്റെ ഘടനയും സുപ്രീം കമ്മിറ്റി വിപുലീകരിച്ചു. ഖത്വര്‍ ഫുട്ബോള്‍ അസോസിയേഷന്‍ അമ്പതോളം പുതിയ പരിശീലകരിലൂടെയാണ് വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കുമായി ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നത്.

ജനറേഷന്‍ അമേസിങ്ങിലൂടെ 2,500 ലധികം തൊഴിലാളികളേയും 4,500 ലധികം വിദ്യാര്‍ഥികളേയുമാണ് എസ് സി ലക്ഷ്യമിടുന്നത്. സുപ്രീം കമ്മിറ്റിയുടെ സ്‌കൂള്‍ പദ്ധതികള്‍ സ്ട്രീറ്റ് ഫുട്‌ബോള്‍ വേള്‍ഡിന്റെ സഹകരണത്തോടെ മറ്റ് ഗള്‍ഫ് നാടുകളിലേക്കും ഇന്ത്യ, ഫിലിപ്പൈന്‍ എന്നിവിടങ്ങളിലെ ആറ് സമൂഹങ്ങളിലേക്കും വ്യാപിപ്പിക്കാനും ഉദ്ദേശ്യമുണ്ട്.
രണ്ട് രാജ്യങ്ങളിലും രണ്ട് കമ്യൂണിറ്റി കേന്ദ്രങ്ങളും ആറ് ഫുട്ബോള്‍ പിച്ചുകളുമാണ് നടപ്പിലാക്കുക. ഇവയിലൂടെ ഫുട്‌ബോള്‍ പദ്ധതികള്‍ വികസിപ്പിക്കാനാകും. സായുധ കലാപത്തിലും പ്രകൃതി ദുരന്തത്തിലും ദുരിതമനുഭവിക്കുന്ന യുവതലമുറക്കായി പ്രത്യേക സംരഭവും ഈ വര്‍ഷം നടപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.