യു എ ഇ നേതാക്കള്‍, അറബ് മേഖലയിലെ സ്വാധീന ശക്തികള്‍

Posted on: January 3, 2018 9:02 pm | Last updated: January 3, 2018 at 9:02 pm
SHARE
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും

ദുബൈ: അറബ് ലോകത്ത് വലിയ സ്വാധീനമുള്ള വ്യക്തികളില്‍ യു എ ഇ ഭരണാധികാരികളും. ഈജിപ്തിലെ അല്‍ അഹ്‌റം അല്‍ അറബി വാരിക പുറത്തിറക്കിയ പട്ടികയിലാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എന്നിവര്‍ മേഖലയിലെ ശക്തരായ, സ്വാധീനമുള്ള വ്യക്തിത്വങ്ങളായി ഉള്ളത്.
‘വിജ്ഞാനത്തിന്റെ യോദ്ധാവ്’ എന്നാണ് ശൈഖ് മുഹമ്മദിനെ കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ട് ഉള്ളത്.

യോദ്ധാവാകുന്നതിന് മുമ്പ് കവിയും ഭരണാധികാരിയാകുന്നതിന് മുമ്പേ യോദ്ധാവുമാണ്. ഒരു ശരിയായ നായകനുള്ള എല്ലാ മേന്മകളും ശൈഖ് മുഹമ്മദിനുണ്ടെന്ന് ലേഖനം പറയുന്നു. രാഷ്ട്രനേതാവ് എന്ന നിലക്ക് ആര്‍ജവവും ധര്‍മനീതിയും വിശാലമായ കാഴ്ചപ്പാടുമുള്ളയാളാണ്. വരും വര്‍ഷങ്ങളില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ രാജ്യത്തെ നിയന്ത്രിക്കാന്‍ ശൈഖ് മുഹമ്മദിനാകും, ലേഖനം തുടരുന്നു.

യു എ ഇ അവതരിപ്പിച്ച ‘ഫെഡറല്‍ ഗവണ്‍മെന്റ് സ്ട്രാറ്റജി 2008’, യു എ ഇ വിഷന്‍ 2021 എന്നിവ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസന മുന്നേറ്റത്തിന് ഉതകുന്നതാണ്. യു എ ഇയുടെ സ്വത്വം സംരക്ഷിക്കാനും പൊതുമേഖലയെ ശരിയാംവിധം പരിചരിച്ചുകൊണ്ടുപോകാനും യു എ ഇ ഭരണാധികാരികള്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്കാകുന്നുണ്ട്.
വിശിഷ്ടനായ അറബ് നേതാവ് എന്നാണ് ജനറല്‍ ശൈഖ് മുഹമ്മദിനെ കുറിച്ച് ‘യു എ ഇയുടെ കവചം’ എന്ന തലക്കെട്ടോടെയുള്ള ലേഖനത്തില്‍ സൂചിപ്പിക്കുന്നത്. ഊര്‍ജസ്വലതയോടെയുള്ള യുവത്വത്തിന്റെ പ്രസരിപ്പും അറിവും ഔചിത്യബോധവുമുള്ളയാളാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്. യു എ ഇ സായുധസേനയെ കഴിവുറ്റതാക്കിയെടുത്ത ശില്‍പിയാണ് സായുധ സേനയുടെ ഉപമേധാവി കൂടിയായ ജനറല്‍ ശൈഖ് മുഹമ്മദ്.

രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ഗഹനമായ ആശയവും നിര്‍ദേശവും ജനറല്‍ ശൈഖ് മുഹമ്മദ് നല്‍കുന്നു തുടങ്ങിയവയാണ് ലേഖനത്തിന്റെ ഉള്ളടക്കം.
ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ ‘അതുല്യനായ നേതാവ്’ എന്നാണ് വാരിക വിശേഷിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിപരമായ അവബോധം നല്‍കാന്‍ സമഗ്രമായ സാംസ്‌കാരിക അടിസ്ഥാനസൗകര്യം കെട്ടിപ്പടുത്ത മഹാനാണ്. വിസ്മൃതിയിലേക്കു പോകുന്ന രാജ്യത്തിന്റെ സ്മൃതിപഥങ്ങളെ സംരക്ഷിക്കാനും ശൈഖ് സുല്‍ത്താന്‍ മുന്നിട്ടിറങ്ങുന്നു.
പട്ടികയില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സഊദ് രാജകുമാരന്‍, അല്‍ അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം പ്രൊഫ. ഡോ.അഹ്മദ് മുഹമ്മദ് അല്‍ തായിബ്, അലക്‌സാണ്ട്രിയയിലെ പോപ്പും സീ ഓഫ് സെന്റ് മാര്‍ക്കിലെ പാത്രിയാര്‍ക്കീസുമായ തൗദ്രോസ് രണ്ടാമനും ഇടം പിടിച്ചിട്ടുണ്ട്.