Connect with us

Gulf

ദുബൈയുടെ വളര്‍ച്ച ഗൂഗിളിന് സമാനം; ശൈഖ് ഹംദാനെ ഗൂഗിള്‍ സഹ സ്ഥാപകന്‍ സന്ദര്‍ശിച്ചു

Published

|

Last Updated

ദുബൈ: ലോകാത്ഭുതങ്ങള്‍ കൊണ്ട് ദുബൈ നഗരം ആഗോള തലത്തില്‍ ശ്രദ്ധേയം. കൂടുതല്‍ ശ്രദ്ധേയമാക്കുന്നതിന് കൂടുതല്‍ കാരണങ്ങള്‍ ഒരുങ്ങുകയാണ്.

ഗൂഗിള്‍ കമ്പനിയുടെ വളര്‍ച്ചയുടെ ചരിത്രം സമൂഹ മാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും കുറിച്ച പോസ്റ്റുകള്‍ വൈറലാകുകയാണ്. ദുബൈ നഗരത്തിന്റെ വളര്‍ച്ചയുടേത് പോലെയാണ് ഗൂഗിള്‍ പ്രസ്ഥാനത്തിന്റെയും വളര്‍ച്ച. ഒരു ശയന മുറിയില്‍ നിന്ന് ആരംഭിച്ച ഗൂഗിളിന്റെ പ്രയാണം 60,000 കോടി ഡോളറിന്റെ ആസ്തിയിലേക്ക് വളര്‍ന്നത് ദുബൈ നഗരത്തിന്റെ വളര്‍ച്ചയുടെ രീതിയിലാണെന്ന് ശൈഖ് ഹംദാന്‍ ട്വിറ്ററിലൂടെ കുറിച്ചിട്ടു.

ഗൂഗിള്‍ സഹ സ്ഥാപകനും ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആല്‍ഫബെറ്റിന്റെ പ്രസിഡന്റുമായ സെര്‍ഗെയ് ബ്രിനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ശൈഖ് ഹംദാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചാണ് ഇക്കാര്യം കുറിച്ചിട്ടത്. ലോക രാജ്യങ്ങള്‍ക്കിടയില്‍ അറിവിന്റെ ജാലകം തുറന്നിടുന്നതിനും ഏതൊരുവനിലേക്കും അവയുടെ ഗുണഫലം എത്തിക്കുന്നതിനും ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ശൈഖ് ഹംദാന്‍ കുറിച്ചിട്ടു. യു എ ഇ ക്യാബിനറ്റ്-ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവിയുമായും ബ്രിന്‍ കൂടിക്കാഴ്ച നടത്തി.