ഡേവിഡ് ജയിംസിനെ വീണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം പരിശീലകനായി നിയമിച്ചു

Posted on: January 3, 2018 7:21 pm | Last updated: January 4, 2018 at 9:17 am
SHARE

കൊച്ചി: ഡേവിഡ് ജയിംസിനെ വീണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം പരിശീലകനായി നിയമിച്ചു. റെനെ മ്യൂളസ്റ്റീന്‍ രാജിവെച്ച ഒഴിവിലാണ് ഡേവിഡ് ജയിംസിന്റെ നിയമനം.
നാലു സീസണിനിടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാമത്തെ പരിശീലകനാണ് റെന.

നിലവില്‍ കളിച്ച ഏഴു മത്സരങ്ങളില്‍ ടീമിന് ജയിക്കാനായത് ഒരെണ്ണത്തില്‍ മാത്രമാണ്. രണ്ടെണ്ണത്തില്‍ തോറ്റു. നാലെണ്ണം സമനിലയിലും കലാശിച്ചു. ഏഴു പോയിന്റുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സിപ്പോള്‍.

2014ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ ജെയിംസിന്റെ കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സീസണില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കാനും ജെയിംസിന് കഴിഞ്ഞിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അലക്‌സ് ഫെര്‍ഗൂസന്റെ കീഴില്‍ 12 വര്‍ഷം റെനെ സഹപരിശീലകനായിരുന്നു. തുടര്‍ന്ന് ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. കഴിഞ്ഞ ജൂലൈയിലാണ് പരിശീലക സ്ഥാനമേറ്റെടുത്തത്. ഇന്ത്യന്‍ താരങ്ങളെയും വിദേശതാരങ്ങളെയും ടീമിലേക്ക് തിരഞ്ഞെടുത്തതും സ്‌പെയിനിലെ വിദേശ പരിശീലനം ഉള്‍പ്പെടെ നിയന്ത്രിച്ചതും തീരുമാനിച്ചതും റെനെയുടെ നിര്‍ദേശപ്രകാരമായിരുന്നു.

2015ല്‍ രണ്ടാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പീറ്റര്‍ ടെയ്‌ലറും ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. അന്ന് അവസാനക്കാരായാണ് സീസണ്‍ പൂര്‍ത്തിയാക്കിയത്.