ഫോണ്‍ വിളിച്ച് ഖജനാവ് ധൂര്‍ത്തടിച്ചെന്ന വാര്‍ത്ത അസംബന്ധം; മറുപടിയുമായി മന്ത്രി കെ.ടി ജലീല്‍

Posted on: January 3, 2018 6:57 pm | Last updated: January 4, 2018 at 9:17 am
SHARE

തിരുവനന്തപുരം: കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ 53300 രൂപയ്ക്ക്‌ ഫോണ്‍ വിളിച്ചതെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം പത്തൊന്‍പത് മാസത്തെ ഫോണ്‍ ബില്ലാണ് സര്‍ക്കാര്‍ അടച്ചതെന്നും അതില്‍ 18 മാസത്തെ ആകെ ഫോണ്‍ ബില്ല് 37299 രൂപ മാത്രമായിരുന്നു. എന്നാല്‍ സെപ്തംബര്‍ മാസത്തെ ബില്ല് 53445 രൂപയായതിന്റെ വിശദീകരമാണ് മന്ത്രി നല്‍കുന്നത്.

‘ഞാന്‍ മന്ത്രിപദമേറ്റെടുത്തിട്ട് പത്തൊന്‍പത് മാസത്തെ ഫോണ്‍ ബില്ലാണ് സര്‍ക്കാര്‍ അടച്ചത്’. ബില്‍ ഡേററും തുകയും വിശദമായി മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…..

18 മാസത്തെ ആകെ ഫോൺ ബില്ല് = 37299/,
സപ്തംബർ മാസത്തെ ബില്ല് = 53445/,
എന്ത് കൊണ്ട് ?
—————————————
കഴിഞ്ഞ സപ്റ്റംബർ മാസത്തെ എന്റെ ഫോൺ ബില്ല് 53,330 രൂപയാണെന്ന് ചൂണ്ടിക്കാട്ടി മനോരമയിൽ വന്ന ഒരു ലേഖനം പൊക്കിപ്പിടിച്ച് സോഷ്യൽ മീഡിയകളിൽ തൽപരകക്ഷികൾ നടത്തുന്ന കുപ്രചരണങ്ങളുടെ യാഥാർത്ഥ്യം എന്താണ് ? ഞാൻ മന്ത്രിപദമേറെറടുത്തിട്ട് പത്തൊൻപത് മാസത്തെ ഫോൺ ബില്ലാണ് സർക്കാർ അടച്ചത് . ബിൽ ഡേററും തുകയും താഴെ ചേർക്കുന്നു .
3 – 7 – 16 : 1866/=
3 – 8 – 16 : 1027/=
3 – 9 – 16 : 2500/=
3 – 10 – 16 : 2500/=
3 – 11 – 16 : 3130/=
3 – 12 – 16 : 4077/=
3 – 1 – 17 : 4437/=
3 – 2 – 17 : 2999/=
3 – 3 – 17 : 3693/=
3 – 4 – 17 : 4263/=
3 – 5 – 17 : 1286/=
3 – 6 – 17 : 617/=
28 – 6 – 17 : 264/=
3 – 8 – 17 : 977/=
3 – 9 – 17 : 826/=
– – – – – – – – – – – – – – – – – –
3 – 11 – 17 : 827/=
3 – 12 – 17 : 992/=
3 – 1 – 18 : 998/=
__________
Total 37, 299/=
പതിനെട്ട് മാസത്തെ ഈ ഉള്ളവന്റെ ടെലഫോൺ ചാർജ് 37, 299/= രൂപയാണെന്നർത്ഥം .

3 – 10 – 17 ലെ ടെലഫോൺ ബില്ലാണ് 53445/= . എന്ത് കൊണ്ടാണ് ആ മാസം മാത്രം ബിൽ തുക ഇത്ര കൂടിയത് ? ഉത്തരവാദപ്പെട്ട മനോരമ പോലുള്ള ഒരു പത്രത്തിന്റെ ലേഖകന് അത്തരമൊരു താരതമ്യാന്വേഷണത്തിന് ബാധ്യത ഉണ്ടായിരുന്നില്ലെ ?
സപ്റ്റംബർ മാസത്തിലാണ് ബ്രിക്സ് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ ഇൻഡ്യൻ ഡെലിഗേഷനിൽ അംഗമായി കേരള തദ്ദേശ മന്ത്രി റഷ്യയിലെ ബോഷ്കോട്ടോസ്താനിലേക്ക് പോയത് . നാല് ദിവസം നീണ്ടു നിന്ന യാത്രയായിരുന്നു അത് . യാത്രക്ക് മുമ്പ് റോമിംഗ് സൗകര്യം ഔദ്യോഗിക ഫോണിൽ ലഭ്യമാക്കിയിരുന്നു . ഞാൻ മാത്രമായിരുന്നു കേരളത്തിൽ നിന്നും പോയിരുന്നത് . ഉദ്യോഗസ്ഥരായി ആരും ഉണ്ടായിരുന്നില്ല . ഇംഗ്ലിഷ് വളരെ അപൂർവ്വം ആളുകൾക്കേ ആ നാട്ടിൽ അറിയൂ . സമ്മേളന സംബന്ധമായ കാര്യങ്ങൾക്ക് ഒന്നുകിൽ റഷ്യയിലെ ഇൻഡ്യൻ എംബസി ഉദ്യോഗസ്ഥനേയോ അതല്ലെങ്കിൽ പ്രോഗ്രാം കോർഡിനേറ്ററായ റഷ്യക്കാരനേയോ ഇടക്ക് വിളിക്കേണ്ടിയിരുന്നു . മന്ത്രി എന്ന നിലയിൽ തിരുവനന്തപുരത്തെ ഓഫീസുമായി രാവിലെയും വൈകുന്നേരവും ഔദ്യോഗിക കാര്യങ്ങൾ അന്വേഷിക്കുന്നതിനും വിളിക്കേണ്ടതുണ്ടായിരന്നു.
ഞാനിതുവരെ ഗൾഫ് രാജ്യങ്ങളിലും മലേഷ്യയിലും മാത്രമാണ് സന്ദർശനം നടത്തിയിട്ടുള്ളത് . അവിടെ നിന്നൊക്കെയുള്ള റോമിംഗ് ചാർജും ഏകദേശം വശമുണ്ടായിരുന്നു . അതിൽ നിന്ന് കുറച്ചധികമേ റഷ്യയിൽ നിന്ന് വിളിക്കുമ്പോഴും നാട്ടിൽ നിന്നുമുള്ള ഇൻകമിംഗ് കാളുകൾ സ്വീകരിക്കുമ്പോഴും വരൂ എന്നായിരുന്നു എന്റെ ധാരണ . ബില്ല് കിട്ടിയപ്പോഴാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിയത് . തുടർന്ന് BSNL ഉദ്യോഗസ്ഥനെ വിളിച്ച് തിരക്കിയപ്പോഴാണ് ബോഷ്കോട്ടോസ്താനിൽ നിന്നുള്ള റോമിംഗ് നിരക്കിലെ ഭീമാകാരത മനസ്സിലായത് .

വാർത്ത കൊടുത്ത ലേഖകൻ തൊട്ട് മുമ്പത്തെ മാസത്തെയും ശേഷമുള്ള മാസത്തെയും ടെലഫോൺ ബില്ലുകൾ പരിശോധിച്ചിരുന്നെങ്കിൽ കുറച്ച് മണിക്കൂറുകളെങ്കിലും അകാരണമായി ഒരു പൊതു പ്രവർത്തകനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ഒഴിവാക്കാമായിരുന്നു ..