കലാപത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് കോണ്‍ഗ്രസ്; മോദി മൗനിബാബയായി തുടരുന്നു

Posted on: January 3, 2018 3:01 pm | Last updated: January 3, 2018 at 7:09 pm
SHARE

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ദളിത്- മറാത്ത കലാപത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോണ്‍ഗ്രസ്. സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയില്‍ ആരോപിച്ചു. വിഷയത്തില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനിബാബയായി തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

തീവ്രഹിന്ദുത്വവാദത്തിന്റെ വക്താക്കളായ ആര്‍എസ്എസ് ആണ് രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഘടിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ബിജെപി അധികാരത്തിലുള്ള സ്ഥലങ്ങളിലെല്ലാം സ്ഥിതി ഇതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷത്തെ കുറിച്ച് സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെച്ചതോടെ ഇരു സഭകളും പലവട്ടം തടസ്സപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് പാര്‍ലമെന്റെറികാര്യമന്ത്രി അനന്ത് കുമാര്‍ ആരോപിച്ചു.

ദളിത്- മറാത്ത വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കലാപമായി മാറിയത്. പൂനെയില്‍ ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷത്തിനിടെയുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.