ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് ഇരട്ടത്താപ്പ്: യുഎസ്

Posted on: January 3, 2018 12:14 pm | Last updated: January 3, 2018 at 3:49 pm
SHARE

വാഷിംഗ്ടണ്‍: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് ഇരട്ടത്താപ്പെന്ന് യുഎസ്. തീവ്രവാദം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ കൂടുതല്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്റേഴ്‌സ് പറഞ്ഞു.

തീവ്രവാദത്തെ സഹായിക്കുന്ന നിലപാട് തുടരുകയാണെങ്കില്‍ പാകിസ്ഥാന് നല്‍കി വരുന്ന എല്ലാ സഹായങ്ങളും അവസാനിപ്പിക്കുമെന്ന് യുഎന്നിലെ യു എസ് പ്രതിനിധി നിക്കി ഹാലെയും വ്യക്തമാക്കി. അമേരിക്കയുടെ തോളോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും ആ കളി ഇനി നടക്കില്ലെന്നും നിക്കി ഹാലെ പറഞ്ഞു.

കഴിഞ്ഞദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പാകിസ്ഥാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി 33 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാന് യുഎസ് നല്‍കിയതെന്നും തങ്ങളുടെ നേതാക്കള്‍ക്ക് പറ്റിയ വിഡ്ഢിത്തമായിരുന്നു അതെന്നും ട്രംപ് പറഞ്ഞു. കള്ളവും വഞ്ചനയും മാത്രമാണ് തിരിച്ചു ലഭിച്ചതെന്നും അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികളെ യു എസ് വേട്ടയാടുമ്പോള്‍ പാക്കിസ്ഥാന്‍ അവര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.