Connect with us

Kerala

കുഞ്ഞാലിക്കുട്ടിക്ക് മുമ്പില്‍ വഴങ്ങി; പാണക്കാട് തങ്ങന്‍മാര്‍ക്കെതിരെ നടപടിയില്ല

Published

|

Last Updated

പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ മുജാഹിദ് സമ്മേളനത്തിൽ പ്രസ‌ംഗിക്കുന്നു.

മലപ്പുറം: മുജാഹിദ് സമ്മേളനത്തില്‍ വിലക്ക് ലംഘിച്ച് പങ്കെടുത്ത പാണക്കാട് റശീദലി തങ്ങള്‍, മുനവ്വറലി തങ്ങള്‍ എന്നിവര്‍ക്കെതിരെയുള്ള നടപടി ഒഴിവാക്കാന്‍ മുസ്ലിം ലീഗ് നടത്തിയ ഇടപെടല്‍ ഫലം കണ്ടു. ഇരുവരും ഖേദപ്രകടനം നടത്തിയെന്നും അതിനാല്‍ നടപടി ഒഴിവാക്കുന്നതായും ചേളാരി വിഭാഗം സമസ്ത പത്രക്കുറിപ്പില്‍ അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് ലീഗിന് മുന്നില്‍ സമസ്ത നേതൃത്വത്തിന് വഴങ്ങേണ്ടി വരികയായിരുന്നു.

പാണക്കാട് തങ്ങന്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നത് ഭാവിയില്‍ ലീഗിനും സമസ്തക്കും തിരിച്ചടിയാകുമെന്ന് ഭയന്നാണ് നടപടി വേണ്ടെന്ന തീരുമാനത്തിലെത്തിയത്. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലുമുണ്ടായി. കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തത് സമസ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേദന ഉണ്ടാക്കിയത് ഉള്‍ക്കൊള്ളുന്നതായും ഭാവിയില്‍ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ചു മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുവെന്നും അവര്‍ അറിയിച്ചതായി പത്രക്കുറിപ്പില്‍ പറഞ്ഞു.

സമസ്തയുടെ ആശയാദര്‍ശങ്ങളില്‍ തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നവരും അതിന്‌വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുമാണെന്നും തങ്ങളുടെ പിതാക്കളും പിതാമഹന്മാരും നടന്ന വന്ന വഴിയില്‍ നിന്ന് ഞങ്ങള്‍ക്ക് യാതൊരു വ്യതിയാനവും ഉണ്ടാവുകയില്ലെന്നും ഇവര്‍ സമിതിയെ അറിയിച്ചു. സമസ്ത ഉന്നതാധികാര സമിതിയും കോ-ഓര്‍ഡിനേഷന്‍ ഭാരവാഹികളുടെയും സംയുക്ത യോഗമാണ് നടപടി വേണ്ടെന്ന തീരുമാനമെടുത്തത്. പാണക്കാട് സയ്യിദ് കുടുംബത്തോട് സമസ്തയും അതിന്റെ നേതാക്കളും പ്രവര്‍ത്തകരും കാണിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹാദരവുകള്‍ ഉള്‍ക്കൊള്ളുന്നു. അക്കാര്യത്തില്‍ കൃതജ്ഞത ഉള്ളവരുമാണെന്ന് അവര്‍ സമിതിയെ അറിയിച്ചു.

ഇതു സംബന്ധമായി സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പ്രതീക്ഷിച്ചിരിക്കെയാണ് ഈ തീരുമാനം. ഇതില്‍ ഇവര്‍ക്ക് അമര്‍ഷമുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം ടി അബ്ദുല്ല മുസ്‌ലിയാര്‍, ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, പി കെ കുഞ്ഞാലിക്കുട്ടി, ജബ്ബാര്‍ഹാജി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.