Connect with us

National

ദളിത്-മറാത്ത കലാപം: മഹാരാഷ്ട്രയില്‍ ബന്ദ് തുടങ്ങി

Published

|

Last Updated

മുംബൈ: ദളിത്- മറാത്ത വിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി.
സംഘര്‍ഷത്തെ തുടര്‍ന്ന് ഔറാംഗാബാദ് ഉള്‍പ്പെടെ എട്ട് നഗരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കി. കലാപം നിയന്ത്രിക്കാന്‍ പ്രത്യേക പരിശീലനം നേടിയ സേനയെ വിന്യസിച്ചിട്ടുണ്ട്.

പൂനെയില്‍ ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷത്തിനിടെയുണ്ടായ ഏറ്റുമുട്ടലാണ് കാലാപത്തില്‍ കലാശിച്ചത്.
മുംബൈ, പൂനെ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ട്രെയിന്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. കടകമ്പോളങ്ങള്‍ പ്രതിഷേധക്കാര്‍ അടപ്പിപ്പിക്കുകയും സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ മര്‍ദനമേല്‍ക്കുകയും ചെയ്തു. പൂനെ അക്രമത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. ബോംബെ ഹൈക്കോടതി ജഡ്ജിയാണ് അന്വേഷണം നടത്തുക. ജനങ്ങളോട് സംയമനം പാലിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അഭ്യര്‍ഥിച്ചു.

ഭീമ കൊറേഗാവ് യുദ്ധം വിജയിച്ചതിന്റെ ഇരുനൂറാം വാര്‍ഷികാഘോഷം തിങ്കളാഴ്ചയാണ് നടന്നത്. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരെ വലതുപക്ഷ ഹിന്ദു സംഘടനകള്‍ നടത്തിയ ആക്രമണമാണ് സംഭവങ്ങളുടെ തുടക്കം. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ ഒരാള്‍ മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചെമ്പൂര്‍, വിഖ്‌റോളി, മാന്‍ഖുര്‍ദ്, ഗോവന്‍ഡി മേഖലകളില്‍ ദളിത് വിഭാഗങ്ങള്‍ തെരുവിലിറങ്ങി. പൂനെയില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. നൂറിലധികം പേരെ വിവിധ ഭാഗങ്ങളില്‍ നിന്നായി കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു.

പ്രതിഷേധക്കാരെ പോലീസ് ഇടപെട്ട് ശാന്തരാക്കിയെങ്കിലും ഇന്നലെ വീണ്ടും സംഘര്‍ഷം വ്യാപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ പോലീസിനെ പ്രദേശത്ത് വിന്യസിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പൂനെ, ഔറംഗബാദ് തുടങ്ങിയ പ്രദേശങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. അഹമ്മദ് നഗര്‍, ഝാല്‍ഗോണ്‍, ധുലെ, ബീഡ്, നാസിക്, സോളാപൂര്‍, താനെ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. പോലീസ് വാഹനങ്ങളും ബസുകളുമുള്‍പ്പെടെ മുപ്പതിലധികം വാഹനങ്ങള്‍ക്ക് തീയിട്ടു. മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്ന ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പാണ് മഹാരാഷ്ട്രയിലെ ദളിതരുടേതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Latest