വരുന്നു മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്; എഫ് ആര്‍ ഡി ഐ

സാമ്പത്തികരംഗത്തെ അടുത്ത പരീക്ഷണത്തിന് മോദി സര്‍ക്കാര്‍ കോപ്പുകൂട്ടുകയാണ്. ബേങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലയിലെ നിയമപരിഷ്‌കരണത്തിനായി കൊണ്ടുവരുന്ന എഫ് ആര്‍ ഡി ഐ നിയമപ്രകാരം ഏറ്റെടുക്കുന്ന ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയില്ല. നിലവില്‍ തകര്‍ച്ച നേരിടുന്ന സ്ഥാപനങ്ങളെ മറ്റ് ബേങ്കുകള്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ പ്രത്യേക പാക്കേജുകളിലൂടെ അത്തരം സ്ഥാപനങ്ങളെ രക്ഷിച്ചെടുക്കുകയോ ആണ് ചെയ്യുന്നത്. ഇതിനുപകരം നിക്ഷേപകരുടെ പണമെടുത്ത് ബേങ്കിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കഴിയും. ബേങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും തകര്‍ച്ചയെന്നത് എപ്പോഴും നടക്കുന്ന ഒന്നല്ലെങ്കിലും അത്തരമൊരവസ്ഥ സംഭവിച്ചാല്‍ ജീവിതച്ചെലവിനിടയില്‍ മിച്ചംവെച്ച സാധാരണക്കാരന് ഇരുട്ടടിയാകാന്‍ അതുമതി.        
Posted on: January 3, 2018 6:54 am | Last updated: January 2, 2018 at 10:04 pm
SHARE

നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതിനെ എല്ലാവരും ഭയപ്പെട്ടിരുന്നുവെങ്കിലും ഉള്ളില്‍ വേറൊരു തരം പ്രതീക്ഷയുണ്ടായിരുന്നു. ജയിച്ച് അധികാരത്തിലേറിയാല്‍ സ്വിസ് ബേങ്കുകളിലും മറ്റുമുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും അത് രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടുകളിലേക്ക് വീതിച്ചുനല്‍കുമെന്നുമുള്ള ‘വലിയൊരു’ പ്രതീക്ഷ. ആ പ്രതീക്ഷ അസ്തമിച്ച് കഴിയുന്ന ജനത്തിന് ഇരുട്ടടി നല്‍കിക്കൊണ്ടാണ് 2017ല്‍ നോട്ട് നിരോധനം വന്നത്. അപ്പോഴും ജനങ്ങള്‍ ചെറിയൊരു ആശ്വാസം വെച്ചുപുലര്‍ത്തി. കാരണം കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെയാണല്ലോ നടപടിയെന്ന്. അതുമാത്രമല്ല, ഇങ്ങനെ കള്ളപ്പണങ്ങള്‍ പുറത്തുവരുമ്പോള്‍ അതില്‍നിന്ന് ഒരു പങ്ക് ജനത്തിനും കിട്ടുമെന്ന ‘വല്ലാത്തൊരു’ ആശ്വാസവും. ഈ പ്രതീക്ഷയും ആശ്വാസവും കഴിഞ്ഞ് നെടുവീര്‍പ്പിട്ടിരിക്കുന്ന ജനത്തിന് ജി എസ് ടിയെന്ന പ്രഹരവും സമ്മാനിച്ചു മോദി സര്‍ക്കാര്‍. ജി എസ് ടി സാധാരണ ജനത്തിന് മാത്രമല്ല, സംസ്ഥാനങ്ങള്‍ക്കും അടിയായതാണ് ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുന്നത്. നമ്മുടെ സംസ്ഥാനം നികുതി വരുമാനത്തിലെ കുറവ് കാരണം ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണല്ലോ. കടമെടുക്കാവുന്ന പരിധിയും കഴിഞ്ഞിരിക്കുന്നു.

ഈയൊരു അവസ്ഥയിലാണ് സാമ്പത്തികരംഗത്തെ അടുത്ത പരീക്ഷണത്തിന് മോദി സര്‍ക്കാര്‍ കോപ്പുകൂട്ടുന്നത്. ബേങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലയിലെ നിയമപരിഷ്‌കരണത്തിനായി കൊണ്ടുവരുന്ന എഫ് ആര്‍ ഡി ഐ (ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ ആന്റ് ഡപ്പോസിറ്റ് ഇന്‍ഷൂറന്‍സ്) ബില്‍ ഇതിനകം തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. നടന്നുകൊണ്ടിക്കുന്ന പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ മുന്നിലുള്ള ബില്‍ ഇത്തവണ അവതരിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ സൂചനകള്‍. കാരണം സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് നല്‍കിയിരിക്കുന്ന സമയം ബജറ്റ് സമ്മേളനം കഴിയുന്നതുവരെയുണ്ടെന്നതിനാല്‍ തന്നെ.

2008ല്‍ ലോക സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യത്തെ തുടര്‍ന്ന് ബേങ്കുകളുടെ സംരക്ഷണം മുന്‍നിര്‍ത്തി വിവിധ രാജ്യങ്ങളില്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങളുടെ ചുവടുപിടിച്ചാണ് എഫ് ആര്‍ ഡി ഐ ബില്ലും രൂപപ്പെടുന്നത്. ബേങ്കുകളുടെ തകര്‍ച്ചയില്‍ നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കുന്ന നിലവിലുള്ള നിയമത്തേക്കാളും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതും കൂടുതല്‍ സംരക്ഷണം നല്‍കുന്നതുമാണ് പുതിയ ബില്ലിലെ വ്യവസ്ഥകളെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. എന്നാല്‍, ഇത് തീര്‍ത്തും തെറ്റാണെന്നും സുരക്ഷിത നിക്ഷേപം എന്നതുതന്നെ ഇതോടുകൂടി ഇല്ലാതാകുമെന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്. സാമ്പത്തിക തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ എഫ് ആര്‍ ഡി ഐ ബില്‍ പ്രകാരം രൂപവത്കൃതമാകുന്ന ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ കോര്‍പറേഷന് ബേങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പാപ്പരായി പ്രഖ്യാപിക്കാനും പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും അധികാരമുണ്ടായിരിക്കും. ഈ അധികാരം സാധാരണ ജനത്തിന് ഇരുട്ടടിയാകുമെന്നതാണ് ബില്ലിന്റെ ഏറ്റവും വലിയ ന്യൂനതയായി ഉയര്‍ത്തിക്കാണിക്കുന്നത്. ഇടതുപക്ഷം ഇതിനെ പാര്‍ലിമെന്റില്‍ എതിര്‍ക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ബേങ്ക് ജീവനക്കാരുടെ സംഘടനകളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

എഫ് ആര്‍ ഡി ഐ നിയമപ്രകാരം ഏറ്റെടുക്കുന്ന ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയില്ല. നിക്ഷേപത്തിന് പകരം അഞ്ചുവര്‍ഷ കാലാവധിയില്‍ ബോണ്ടുകളാണ് നല്‍കുന്നത്. നിലവില്‍ ഇത്തരത്തില്‍ തകര്‍ച്ച നേരിട്ടാല്‍ റിസര്‍വ് ബേങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്‍ഡി കോര്‍പറേഷന്‍ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് പരിരക്ഷ നല്‍കുന്നുണ്ട്. ഈയൊരു സൗകര്യം പുതിയ ബില്‍ നിയമമാകുന്നതിലൂടെ നഷ്ടപ്പെടും. നിലവില്‍ തകര്‍ച്ച നേരിടുന്ന സ്ഥാപനങ്ങളെ മറ്റ് ബേങ്കുകള്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ പ്രത്യേക പാക്കേജുകളിലൂടെ അത്തരം സ്ഥാപനങ്ങളെ രക്ഷിച്ചെടുക്കുകയോ ആണ് ചെയ്യുന്നത്. ഇതിനുപകരം നിക്ഷേപകരുടെ പണമെടുത്ത് ബേങ്കിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സാമ്പത്തികസ്ഥാപനങ്ങള്‍ക്ക് കഴിയും. അഞ്ചുവര്‍ഷം വരെ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയില്ല. ബേങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും തകര്‍ച്ചയെന്നത് എപ്പോഴും നടക്കുന്ന ഒന്നല്ലെങ്കിലും അത്തരമൊരവസ്ഥ സംഭവിച്ചാല്‍ ജീവിതച്ചെലവിനിടയില്‍ മിച്ചംവെച്ച സാധാരണക്കാരന് ഇരുട്ടടിയാകാന്‍ അതുമതി.

ഇതേ വകുപ്പ് പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ റദ്ദാക്കാനുള്ള അധികാരവും കമ്പനിക്ക് ഉണ്ടാകും. ചെറിയ തുകയുടെ സ്ഥിര നിക്ഷേപങ്ങളും അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചു നിര്‍ത്താനുള്ള അധികാരവും ബില്‍ നല്‍കുന്നുണ്ട്. മാത്രമല്ല, 1961ലെ നിയമമനുസരിച്ച് ബേങ്കുകളും ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളും നിക്ഷേപത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരിക്കണം. ഉപഭോക്താവിന് നിക്ഷേപം തിരികെ ലഭിക്കാന്‍ സഹായിക്കുന്നതാണ് ഈ വ്യവസ്ഥ. കൂടാതെ റിസര്‍വ് ബേങ്കിന്റെ ഗ്യാരണ്ടിയും ഉപഭോക്താക്കള്‍ക്കുണ്ടാവും. എന്നാല്‍, പുതിയ ബില്‍ നിയമമായാല്‍ ഇത്തരം സംരക്ഷണങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നതാണ് വസ്തുത. ആഗസ്റ്റില്‍ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ തുടര്‍ന്ന് പാര്‍ലിമെന്ററി കമ്മിറ്റിയുടെ പരിഗണനക്കായി വിടുകയായിരുന്നു. നിക്ഷേപത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഒരുക്കാത്തതിനെതുടര്‍ന്ന് 2013ല്‍ ബേങ്ക് ഓഫ് സൈപ്രസില്‍ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നിക്ഷേപത്തുക നഷ്ടപ്പെട്ടതും നമുക്ക് പാഠമാണ്.

എന്തുകൊണ്ട് ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങുന്ന വന്‍കിടക്കാര്‍ക്കെതിരെ നടപടികളെടുക്കാന്‍ സര്‍ക്കാറിനും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും കഴിയുന്നില്ല? ഇന്ത്യയിലെ ബേങ്കുകളിലെ കിട്ടാക്കടത്തിന്റെ 88 ശതമാനവും ഇത്തരത്തില്‍ വായ്പയെടുത്ത് മുങ്ങിയവരുടെ കൈകളിലാണെന്നതാണ് വസ്തുത. കോര്‍പറേറ്റുകളുടെയും വന്‍കിടക്കാരുടെയും കിട്ടാക്കടമായിട്ടുള്ളത് ഏതാണ്ട് എട്ട് ലക്ഷം കോടി രൂപ വരും. ഇത് തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമവും നടത്താതെ, കുറച്ച് കാലം ബാലന്‍സ് ഷീറ്റില്‍ കാണിക്കുകയും പിന്നീട് അവിടെ നിന്നും ഒഴിവാക്കുകയും ചെയ്യുകയെന്ന സ്ഥിരം പരിപാടിയല്ലാതെ മറ്റെന്താണുള്ളത്? എന്തിനും ഏതിനും സാധാരണക്കാരനെ തട്ടിക്കളിക്കാനാണല്ലോ എല്ലാവര്‍ക്കും താത്പര്യം. നോട്ട് നിരോധനമായാലും ജി എസ് ടിയായാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. നോട്ട് നിരോധനക്കാലത്ത് രണ്ടായിരം രൂപക്കു വേണ്ടി സാധാരണക്കാരന്‍ എ ടി എമ്മിനും ബേങ്കുകള്‍ക്കും മുമ്പില്‍ വരിനില്‍ക്കുമ്പോള്‍ നാട്ടിലെ പണക്കാരന് വെറും ഒരു ഫോണ്‍ കോളിലൂടെ അമ്പതിനായിരവും ഒരു ലക്ഷവും വീട്ടിലെത്തിച്ചു കൊടുത്ത പാരമ്പര്യമുള്ള നാട്ടില്‍ ഇതിലും ഇതിലപ്പുറവും സംഭവിക്കും.

നോട്ട് നിരോധനത്തെയും ജി എസ് ടിയെയും പിന്തുണച്ചിരുന്ന ഒരു വിഭാഗം ഇപ്പോള്‍ എഫ് ആര്‍ ഡി ഐ ബില്ലിനെയും അനുകൂലിക്കാനായുണ്ട്. ചിലരങ്ങനെയാണ്; എത്ര കണ്ടാലും കൊണ്ടാലും പഠിക്കുകയില്ല. അവര്‍ ഭരണാധികാരികളെ സുഖിപ്പിച്ചുകൊണ്ടേയിരിക്കും. എന്നിട്ട് അവസാനം എല്ലാം പൊളിഞ്ഞ് പാളീസാകുമ്പോള്‍ ന്യായീകരണങ്ങളുമായി രംഗത്തുവരികയും ചെയ്യും. ഈ ബില്ലിന്റെ കാര്യത്തിലും മറിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ബില്‍ നിയമമാകും; സാധാരണക്കാരന്‍ നരകിക്കും. അതിനപ്പുറം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ബില്‍ സംരക്ഷണമാണ്, പരിരക്ഷയാണെന്നൊക്കെ പറയുന്നവര്‍ക്ക് പ്രായോഗികതലത്തില്‍ ഇവയെല്ലാം എത്രമാത്രം ഫലപ്രദമാകുമെന്ന് ചിന്തിക്കേണ്ടതില്ല. നോട്ട് നിരോധനവും ജി എസ് ടിയുമെല്ലാം അത് വിളിച്ചോതുന്നുെണ്ടങ്കിലും. കള്ളനോട്ടും കള്ളപ്പണവുമൊക്കെ പറഞ്ഞ് സാധാരണ ജനത്തിന്റെ പണമെല്ലാം ബേങ്കിലെത്തിച്ച് ഇനി സാമ്പത്തിക തകര്‍ച്ചയെ നേരിടാന്നൊക്കെ പറഞ്ഞ് തട്ടിക്കൂട്ടുന്ന നിയമങ്ങള്‍ നാമൊക്കെ അനുഭവിച്ചേ മതിയാകൂ.