ഇറാനിലെ ആഭ്യന്തര പ്രക്ഷോഭം

Posted on: January 3, 2018 7:47 am | Last updated: January 2, 2018 at 9:51 pm
SHARE

റൂഹാനി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരായ പ്രക്ഷോഭം ഇറാനില്‍ ശക്തിയായി തുടരുകയാണ്. അഴിമതിയും നാണ്യപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ധിച്ചതിനു പിന്നാലെ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മഷാദില്‍ ജനങ്ങള്‍ വ്യാഴാഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. താമസിയാതെ തെഹ്‌റാനിലേക്കും മറ്റു നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രക്ഷോഭകര്‍ക്ക് നല്ല ജനപിന്തുണയാണ് എല്ലാ പ്രദേശങ്ങളിലും ലഭിക്കുന്നത.് 2009-ല്‍ അഹ്മദി നജാദ് രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉടലെടുത്ത മാസങ്ങള്‍ നീണ്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രയും വലിയ പ്രതിഷേധം. അമേരിക്കയും ഇസ്‌റാഈലും പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എണ്ണ സമ്പന്നമായ ഇറാന്‍ തങ്ങളുടെ പണം ഭീകരവാദത്തിനായി ധൂര്‍ത്തടിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇറാന്‍ ജനത തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് അവിടെ കണ്ടുവരുന്നതെന്നും സ്വേഛാധിപത്യ ശക്തികള്‍ക്ക് ഏറെക്കാലം നിലനില്‍ക്കാനാവില്ലെന്നുമാണ് പ്രക്ഷോഭത്തെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ് പതികരിച്ചത്. ഇസ്‌റാഈല്‍ വഴി പ്രക്ഷോഭകര്‍ക്ക് അമേരിക്ക സഹായം എത്തിക്കുന്നതായും പറയപ്പെടുന്നു.

ഇറാനില്‍ അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. ഭരണതലത്തിലുള്‍പ്പെടെ അഴിമതി വ്യാപകം. പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ സ്വന്തക്കാരുള്‍പ്പെടെ നിരവധി പേര്‍ അഴിമതിക്കേസില്‍ നിയമ നടപടികള്‍ നേരിട്ടു കൊണ്ടിരിക്കയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്‍ഷ്വറന്‍സ് സ്ഥാപനത്തിലെ ഡയറക്ടര്‍ ബോര്‍ഡ് നിയമനത്തില്‍ സ്വാധീനം ചെലുത്തുകയും മാനേജര്‍മാര്‍ക്ക് പലമടങ്ങ് ശമ്പളം വര്‍ധിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തതിന് ഹസന്‍ റൂഹാനിയുടെ ഇളയ സഹോദരന്‍ ഹൊസൈന്‍ ഫെറെയ്‌ഡോണ്‍ അറസ്റ്റിലായത് അടുത്തിടെയാണ്.സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് ഫെറെയ്‌ഡോണിനെതിരെ സാമ്പത്തിക പരിശോധനാ വിഭാഗം തലവന്‍ നാസര്‍ സെറാജ് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സര്‍ക്കാറിന് വല്ലാതെ ക്ഷീണമുണ്ടാക്കിയ സംഭവമാണ് ഇത്.

മുന്‍ പ്രസിഡന്റ് അഹ്മദ് നജാദിന്റെ തീവ്രനയങ്ങള്‍ കാരണം അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധവും മേഖലയിലെ രാഷ്ട്രങ്ങളില്‍ ഇറാന്‍ നടത്തി വരുന്ന ഇടപെടലുകളുമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. ഉപരോധം അന്താരാഷ്ട്ര തലത്തില്‍ ഇറാനെ ഒറ്റപ്പെടുത്തിയിരുന്നു. ഹസന്‍ റൂഹാനി അധികാരമേറ്റതിന് പിന്നാലെ ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളും ജര്‍മനിയും ഉള്‍പ്പെടെ പി 51 രാജ്യങ്ങളുമായി കഴിഞ്ഞ വര്‍ഷം ഏപ്രിലിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മുഴുവന്‍ നിര്‍ദേശങ്ങളും ഇറാന്‍ പാലിക്കുമെന്ന ഉറപ്പ് നല്‍കിയതോടെയാണ് വര്‍ഷങ്ങളായി തുടരുന്ന ഉപരോധം പിന്‍വലിക്കപ്പെടുന്നത്. ഇതടിസ്ഥാനത്തില്‍ അണ്വായുധനിര്‍മിതിക്കാവശ്യമായ ഉയര്‍ന്ന ഗ്രേഡിലുള്ള യുറേനിയത്തിന്റെ ഉത്പാദനം നിര്‍ത്തുകയും പകരമായി ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കളില്‍ ഒരു പങ്ക് ഗഡുക്കളായി വിട്ടുകൊടുക്കാമെന്ന് പാശ്ചാത്യരാജ്യങ്ങള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യം ഇപ്പോഴും കരകയറിയിട്ടില്ല. ഇറാനെ ഒറ്റപ്പെടുത്തുന്ന നയം അവസാനിപ്പിച്ചു രാജ്യത്ത് നിക്ഷേപം നടത്താന്‍ പല അന്താരാഷ്ട്രവേദികളിലും പ്രസിഡന്റ് ഹസന്‍ റൂഹാനി ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചെങ്കിലും ആശാവഹമായ പ്രതികരണം ഉണ്ടായിട്ടുമില്ല.

എന്തുകൊണ്ടും ഇറാനിലെ ശിയാ സര്‍ക്കാര്‍ അര്‍ഹിക്കുന്നതാണ് ഇപ്പോഴത്തെ ആഭ്യന്തര കലാപമെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പക്ഷം. ഇതര അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഇടപെടുന്നതായി അവര്‍ നിരന്തരമായി പരാതിപ്പെട്ടു വരികയായിരുന്നു. സിറിയയിലും ലെബനാനില്‍ ഹിസ്ബുല്ലയെ ശക്തിപ്പെടുത്തിയും ഇറാന്‍ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. യമനിലും ബഹ്‌റൈനിലും ശിയാ വിഭാഗങ്ങള്‍, പക്ഷോഭം നടത്തിവരുന്നത് ഇറാന്റെ പിന്തുണയോടെയാണ്. തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ യമന്റെ പല ഭാഗങ്ങളിലും ഇറാന്‍ ഇറങ്ങിക്കളിക്കുന്നുണ്ട്. ഇതിനെതിരെ ജി സി സി പ്രതിഷേധമറിയിച്ചപ്പോള്‍ അറബ് ഏകാധിപതികള്‍ക്ക് കീഴില്‍ അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുവേണ്ടിയുള്ളതാണ് ഇറാന്റെ ഇടപെടലെന്നും യമനിലെയും ബഹ്‌റൈനിലെയും ജനങ്ങള്‍ക്ക് വേണ്ടിയുള്ള തങ്ങളുടെ ഇടപെടല്‍ തുടരുമെന്നുമായിരുന്നു ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പ്രതികരണം. സഊദി നയതന്ത്ര കാര്യാലയങ്ങള്‍ക്കു നേരെ നടന്ന ആക്രമണവും ദമസ്‌കസ്, ബഗ്ദാദ്, ബെയ്‌റൂത്ത് എന്നീ മൂന്ന് അറബ് തലസ്ഥാനങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന ഇറാന്റെ പ്രഖ്യാപനവും വിവിധ രാജ്യങ്ങളില്‍ രണ്ടു ലക്ഷത്തോളം പേര്‍ക്ക് സൈനിക പരിശീലനം നല്‍കുന്നുണ്ടെന്ന വെളിപ്പെടുത്തലും ഗള്‍ഫ് രാജ്യങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ഇറാന്‍ ഭരണകൂടത്തിന്റെ ആക്രമണോത്സുക നയങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.