സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വന്‍ വര്‍ധന

Posted on: January 2, 2018 11:59 pm | Last updated: January 2, 2018 at 11:57 pm

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസത്തെ സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ കുതിച്ചു ചാട്ടം. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 24 ശതമാനമാണ് കയറ്റുമതിയില്‍ ഉണ്ടായ വര്‍ധന. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 5,57,525 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്തത്. സ്‌പൈസസ് ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുവ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,50,700 ടണ്ണായിരുന്നു കയറ്റുമതി. 8,850.53 കോടി രൂപ(1,373.97 ദശലക്ഷം ഡോളര്‍)യാണ് ഇതിന്റെ മൂല്യം. കഴിഞ്ഞ വര്‍ഷം 8,700.15 കോടി രൂപ (1,299.96 ദശലക്ഷം ഡോളര്‍)യായിരുന്നു കയറ്റുമതി വരുമാനം. കയറ്റുമതി അളവില്‍ 24 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ രൂപയുടെ മൂല്യത്തില്‍ രണ്ട് ശതമാനവും ഡോളര്‍ മൂല്യത്തില്‍ ആറ് ശതമാനവും വളര്‍ച്ച കൈവരിച്ചു.

സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഏറ്റവും കരുത്തു കാട്ടിയത് ചെറിയ ഏലവും വെളുത്തുള്ളിയുമാണ്. ജീരകം, അയമോദകം, കടുക്, ശതകുപ്പ, കസ്‌കസ്, കായം, പുളി എന്നിവയുടെ കയറ്റുമതി അളവിലും മൂല്യത്തിലും മികച്ച വര്‍ധനയുണ്ടായി. മൂല്യവര്‍ധിത ഉത്പന്നങ്ങളായ കറി പൗഡര്‍, പുതിന ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജന എണ്ണ, സത്തുകള്‍ എന്നിവയുടെ കയറ്റുമതിയിലും വര്‍ധനയുണ്ടായി. ചെറിയ ഏലത്തിന്റെ കയറ്റുമതി നടപ്പുവര്‍ഷത്തെ ആദ്യ പാദത്തില്‍ അളവില്‍ 37 ശതമാനവും മൂല്യത്തില്‍ 79 ശതമാനവുമാണ് വര്‍ധിച്ചത്. കയറ്റുമതി അളവ് 2,230 ടണ്ണും മൂല്യം 248.71 കോടി രൂപയുമാണ്. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 1,624 ടണ്ണും 138.96 കോടി രൂപയുമായിരുന്നു.

വെളുത്തുള്ളി കയറ്റുമതി അളവില്‍ 76 ശതമാനവും മൂല്യത്തില്‍ 48 ശതമാനവുമാണ് വര്‍ധന. 188.54 കോടി രൂപ മൂല്യമുള്ള 27,040 ടണ്‍ വെളുത്തുള്ളിയാണ് ആദ്യ ആറുമാസം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം 127.62 കോടി രൂപ മൂല്യമുള്ള 15,337 ടണ്‍ വെളുത്തുള്ളിയാണ് കയറ്റുമതി ചെയ്തത്.