മാറിക്കയറിയ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ വിദേശി മരിച്ചു

Posted on: January 2, 2018 8:25 pm | Last updated: January 2, 2018 at 11:30 pm
SHARE

ജയ്പൂര്‍: കയറിയ ട്രെയിന്‍ മാറിയെന്ന് തിരിച്ചറിഞ്ഞ് ധൃതിപ്പെട്ടിറങ്ങിയ വിദേശ സഞ്ചാരി മരിച്ചു. സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. രാജസ്ഥാനിലെ സവായി മധോപൂറിലാണ് സംഭവം. നെതര്‍ലാന്‍ഡ് സ്വദേശി എറിക് ജോഹന്നെസും സുഹൃത്തും ബ്രിട്ടീഷുകാരനുമായ ഫാബിനുമാണ് അപകടത്തില്‍പ്പെട്ടത്. എറിക് തത്ക്ഷണം മരിച്ചു.

ജയ്പൂരിനടുത്ത് സവായ് മധോപൂറില്‍ പുതുവര്‍ഷ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം താജ്മഹല്‍ കാണാന്‍ പുറപ്പെട്ടതായിരുന്നു ഇരുവരും. ആഗ്രക്കുള്ള ട്രെയിന്‍ ടിക്കറ്റ് ഇരുവരും എടുത്തെങ്കിലും ട്രെയിന്‍ മാറിക്കയറുകയായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞ ഉടന്‍ ഇരുവരും നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി. എറിക് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിസ്സാര പരുക്കേറ്റ ഫെബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഡല്‍ഹിയിലെ നെതര്‍ലാന്‍ഡ് എംബസിയില്‍ വിവരം ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം സമീപത്തെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം വിട്ടുനല്‍കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.