Connect with us

National

മുന്‍ സൈനികന്റെ ക്രൂരത; രണ്ട് മണിക്കൂറില്‍ കൊലപ്പെടുത്തിയത് ആറ് നിരപരാധികളെ

Published

|

Last Updated

ചണ്ഡീഗഢ്: ഹരിയാനയില്‍ മുന്‍ സൈനികന്‍ ആറ് പേരെ തലക്കടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹരിയാനയിലെ പല്‍വാല്‍ പട്ടണത്തില്‍ ഇന്നലെയാണ് ക്രൂരമായ സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. 45കാരനായ നരേഷ് ധന്‍ഖാദ് ആണ് കൊലയാളിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പിന്നീട് അറസ്റ്റിലായി. ചൊവ്വാഴ്ച പുലര്‍ച്ചെ ആഗ്ര ചൗക്കിനും ക്യാമ്പ് കോളനിക്കും ഇടയില്‍ രണ്ടിനും നാലിനുമിടയിലായിരുന്നു ആറ് കൊലപാതകങ്ങളും.

സ്വകാര്യ ആശുപത്രിയിലെ അറ്റന്‍ഡറെ കൊലപ്പെടുത്തിക്കൊണ്ടാണ് ധന്‍ഖാദ് തന്റെ ക്രൂരതക്ക് തുടക്കമിട്ടത്. ഈ കൊലപാതകത്തിന്റെ ദൃശ്യം പ്രദേശത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 2.30ഓടെ വിവരമറിഞ്ഞെത്തിയ പോലീസ് ആശുപത്രിക്ക് പുറത്ത് മൃതദേഹം കണ്ടെത്തി. മൃതദേഹം മോര്‍ച്ഛറിയിലേക്ക് മാറ്റുന്നതിനിടെ മറ്റൊരു വനിതാ അറ്റന്‍ഡറും സമാന രീതിയില്‍ കൊല്ലപ്പെട്ടെന്ന വിവരം ലഭിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് നാല് പേരെ കൂടി ഇയാള്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് കൊലപ്പെടുത്തി. ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദിച്ചായിരുന്നു കൊലപാതകങ്ങളെല്ലാമെന്ന് പല്‍വാല്‍ പോലീസ് സൂപ്രണ്ട് സുലോചന കുമാരി പറഞ്ഞു. പുലര്‍ച്ചയോടെ അറസ്റ്റിലായ പ്രതി പോലീസുകാരെയും ആക്രമിച്ചു. ആറ് കൊലപാതകങ്ങള്‍ നടത്തിയെങ്കിലും മോഷണ ശ്രമമോ മറ്റോ പ്രതി നടത്തിയിട്ടില്ല. ആക്രമണത്തിനിടെ പരുക്കേറ്റ ധന്‍ഖാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് ഇപ്പോഴും ബോധം തിരിച്ചുകിട്ടിയിട്ടില്ലെന്നും വിദഗ്ധ പരിശോധന നടത്തുമെന്നും ഫരീദാബാദ് ബി കെ ആശുപത്രിയിലെ മുഖ്യ മെഡിക്കല്‍ ഓഫീസര്‍ സുഖ്ബീര്‍ സിംഗ് അറിയിച്ചു. പ്രതിയുടെ മാനസികാരോഗ്യ നിലയും പരിശോധിക്കുന്നുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് ധന്‍ഖാദ് ആറ് കൊലപാതകങ്ങളും നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

ഫരീദാബാദ് മച്ച്ഗര്‍ സ്വദേശിയാ നരേഷ് ധന്‍ഖാദ് സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം ജലസേചന വകുപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നത് ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്.