ദേശീയ തൊഴിലുറപ്പ് പദ്ധതി താളം തെറ്റുന്നു

Posted on: January 2, 2018 9:46 pm | Last updated: January 2, 2018 at 9:46 pm
SHARE

പാലക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. വേതന കുടിശിക നല്‍കാത്തതും പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമാണ് പദ്ധതിയെ അവതാളത്തിലാക്കുന്നത്.

ഫോട്ടോ അപ്പ്‌ലോഡിംഗ്, ആധാര്‍ എന്‍ട്രോള്‍മെന്റ്, മാപ്പിംഗ് എന്നിവയിലെ കാലതാമസവും അപാകതകളുമാണ് വേതനം വൈകുന്നതിനിടയാക്കുന്നതെന്നാണ്ബന്ധപ്പെട്ടവര്‍ പറയുന്നത്.തമിഴ്‌നാടിന് കൃത്യമായി വേതനം ലഭിക്കുമ്പോഴാണ് കേരളത്തിലെ തൊഴിലാളികള്‍ക്ക് ഈ ദുരാവസ്ഥ. എല്ലാവര്‍ഷവും ഒക്ടോബറില്‍ ഗ്രാമസഭകള്‍ വഴി കണ്ടെത്തുന്ന കര്‍മപദ്ധതിക്ക് ഫെബ്രുവരിയോടെ അംഗീകാരം ലഭിക്കും.

അംഗീകാരം ലഭിക്കുന്ന പ്രവര്‍ത്തികള്‍ ഏപ്രിലില്‍ തുടങ്ങും. ഇതിനിടെ പുതിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയതാണ് പദ്ധതിയെ പുറകോട്ട് അടിക്കുന്നത്. പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ പഞ്ചായത്തുകള്‍ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നാലിലൊന്ന് മാത്രമാണ് തൊഴില്‍ നല്‍കാന്‍ മിക്ക ജില്ലകള്‍ക്കും കഴിഞ്ഞത്. ജില്ലയില്‍ കഴിഞ്ഞവര്‍ഷം നാലുലക്ഷം തൊഴില്‍ദിനങ്ങള്‍ നല്‍കിയപ്പോള്‍ ഇത്തവണ ഒന്നര ലക്ഷത്തില്‍ താഴെയായി കുറഞ്ഞു.

പദ്ധതി ആരംഭിക്കുന്ന സമയത്ത് കേരളത്തിലെ വേതനം 125 ആയിരുന്നു. പത്തുവര്‍ഷം പിന്നിടുമ്പോള്‍ 258 രൂപയായി. വേതന കുടിശിക നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ല. 14 ദിവസത്തിനകം പണിയെടുത്ത വേതനം നല്‍കണമെന്നതാണ് നിയമം. നല്‍കിയില്ലെങ്കില്‍ നഷ്ട്ടപരിഹാരത്തിന് തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ട്. ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ച് 50 തൊഴില്‍ ദിനങ്ങള്‍ അധികമായി അനുവദിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തികള്‍ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത് സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സിലാണ്.

2017 മെയിലാണ് മിഷന്‍ ഡയറക്ടര്‍ നിയമിതനായത്. നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റ് ശേഷം പുനസംഘടിപ്പിച്ച കൗണ്‍സിലിന്റെ ഇടപെടലുകളും ഫലപ്രദമല്ല. പഞ്ചായത്തുകളില്‍ സെക്രട്ടറി, അസി സെക്രട്ടറി, ബി പി ഒ, ജെ പി സി തുടങ്ങിയവരാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.