ജി സി സി ഏകീകൃത വാറ്റ് പ്രാബല്യത്തില്‍; ഖത്വര്‍ ഉള്‍പ്പെടെ നാലു രാജ്യങ്ങളില്‍ വൈകും

ദോഹ
Posted on: January 2, 2018 8:18 pm | Last updated: January 3, 2018 at 8:34 pm

ആറു ഗള്‍ഫ് രാജ്യങ്ങളിലും ഏകീകൃത രീതിയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച മൂല്യവര്‍ധിത നികുതി (വാറ്റ്) സഊദിയിലും യു എയിലും ഇന്നലെ പ്രാബല്യത്തില്‍ വന്നു. ഖത്വര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എ്ന്നീ നാലു രാജ്യങ്ങളില്‍ രണ്ടു വര്‍ഷത്തിനകം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി സി സി ഏകീകൃത നിയമം അനുസരിച്ചുള്ള വാറ്റ് സമ്പ്രദായമാണ് യു എ ഇയിലും സഊദിയിലും നിലവില്‍ വരുന്നതെന്ന് കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജി സി സി നല്‍കുന്ന ചട്ടക്കൂട് അനുസരിച്ച് പ്രാദേശികമായ രൂപപ്പെടുത്തുന്ന നിയമം അനുസരിച്ചാണ് വാറ്റ് നടപ്പിലാക്കുന്നതെന്നും ശേഷിക്കുന്ന നാലു രാജ്യങ്ങളും 2018ലോ 2019ലോ ആയി നടപ്പിലാക്കുമെന്നും കുവൈത്ത് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു.

വാറ്റ് നടപ്പിലാക്കുന്നതിനായി യു എ ഇയും സഊദിയും നേരത്തേ തന്നെ വാറ്റ് നടപ്പിലാക്കുന്നതിന് നിയമ നിര്‍മാണവും തയാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ ഖത്വറിലും മറ്റു രാജ്യങ്ങളിലും വാറ്റ് നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല. പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്താണ് രാജ്യത്ത് വാറ്റ് നടപ്പില്‍ വരുത്തുകയെന്ന് കുവൈത്ത് നേരത്തേ വ്യക്തമാക്കിയിരുന്നു. ഉപരോധത്തെത്തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധിയാണ് ഖത്വറില്‍ വാറ്റ് ചര്‍ച്ചകളെ തടസപ്പെടുത്തിയത്. എന്നാല്‍ വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ വാറ്റിനു വേണ്ടി തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ചു ശതമാനം ഏകീകൃത നികുതി ഘടനയാണ് വാറ്റിലൂടെ നടപ്പില്‍ വരുന്നത്. എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉത്പന്നങ്ങളെയും സേവനങ്ങളെയും വാറ്റില്‍നിന്നും ഒഴിവാക്കാന്‍ രാജ്യങ്ങള്‍ തീരുമാനിക്കുന്നുണ്ട്. ജി സി സി ഏകീകൃതമായതിനാല്‍ ജി സി സി രാജ്യങ്ങളില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഉത്പന്നങ്ങളില്‍ ഒരിക്കല്‍ മാത്രം വാറ്റ് നല്‍കിയാല്‍ മതിയാകും. വാറ്റ് നിലവില്‍ വരുന്നതോടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ധിക്കുമെന്ന ആശങ്ക പൊതുവേ ഉയര്‍ന്നിട്ടുണ്ട്. യു എ ഇയില്‍നിന്നും സഊദിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കും ചെലവുകൂടും. ഉപരോധത്തെത്തുടര്‍ന്ന് ഖത്വറിലേക്ക് ഇരു രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ഇല്ലാത്തതിനാല്‍ തത്കാലം നികുതിഭാരം രാജ്യത്തിനു ബാധകമാകില്ലെന്നാണ് വിലയിരുത്തല്‍.

സാമ്പത്തിക ഭദ്രതക്കും കമ്മി ബജറ്റുകള്‍ ഒഴിയലക്കുന്നതിനായി എണ്ണയിതര മേഖലകളില്‍നിന്നുള്ള വരുമാനം ഉയര്‍ത്തുക ലക്ഷ്യം വെച്ചാണ് വാറ്റ് നടപ്പിലാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചത്. ജി സി സി രാജ്യങ്ങളോട് വാറ്റ് നടപ്പിലാക്കാന്‍ ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടുള്‍
പ്പെടെയുള്ള രാജ്യാന്തര നധകാര്യ ഏജന്‍സികളും ആവശ്യപ്പെട്ടിരുന്നു.