Connect with us

Gulf

ഖത്വറില്‍ ആയുര്‍ദൈര്‍ഘ്യം കൂടി; മറവി രോഗികളും വര്‍ധിക്കുന്നു

Published

|

Last Updated

ദോഹ: മറവി രോഗ വ്യാപനത്തെക്കുറിച്ച് ദേശീയതല വിവരശേഖരണം തുടങ്ങി. രോഗം നേരത്തേ കണ്ടെത്തുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ മന്ത്രാലയം നേതൃത്വതതില്‍ ദേശീയതല ബോധവതകരണവും വിവരശേഖരണവും നടക്കുന്നത്.
ജരിയാട്രിക്സ് ആന്‍ഡ് ലോംഗ് ടേം കെയര്‍ വകുപ്പ്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സര്‍വേ. ഗ്ലോബല്‍ ഡിമന്‍ഷ്യ ഒബ്‌സര്‍വേറ്ററിക്കായി ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്ത രാജ്യങ്ങളിലൊന്ന് ഖത്വറാണ്.
ഇപ്പോള്‍ നടന്നു വരുന്ന ദേശീയ സര്‍വേ അനുസരിച്ച് 65 വയസിനുമുകളില്‍ പ്രായമുള്ള എല്ലാവരും ലളിതമായ ഓര്‍മ പരിശോധനക്കു വിധേയമാകണം. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആറു ഹെല്‍ത്ത് സെന്ററുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രായമേറിയവര്‍ക്കിടയില്‍ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് മറവിരോഗം അഥവാ ഡിമന്‍ഷ്യ.

അള്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷനലിന്റെയും ലോകാരോഗ്യസംഘടനയുടെയും റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 47 ദശലക്ഷം ജനങ്ങള്‍ ഈ അസുഖം ബാധിച്ചവരാണ്. 2050 ആകുമ്പോഴേക്കും മറവിരോഗ ബാധിതര്‍ 130 ദശലക്ഷമാകും. ഖത്വറില്‍ മുതിര്‍ന്നവരുടെ സംഖ്യ വര്‍ധിച്ചു വരികയാണ്. അതിനാല്‍ മറവിരോഗത്തിന്റെ പ്രതിഫലനങ്ങളും വര്‍ധിക്കുന്നുണ്ട്. മറവിരോഗത്തിന്റെ അവസാനഘട്ടങ്ങളിലാണ് പലരും ആരോഗ്യ സഹായവും ചികിത്സയും തേടുന്നത്. ഈ പ്രവണത ഒഴിവാക്കി രോഗത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആരോഗ്യപരിചരണം ലഭ്യമാകുന്ന സാഹചര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജെരിയാട്രിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ജെരിയാട്രിക് സൈക്യാട്രിസ്റ്റ് ഡോ. മണി ചന്ദ്രന്‍ പറഞ്ഞു.
പ്രാഥമികഘട്ടത്തില്‍ 2000 പേരെ പരിശോധനക്ക് വിധേയമാക്കും. ഉമര്‍ ബിന്‍ ഖത്താബ്, റൗദത്ത് അല്‍ഖെയ്ല്‍, ലബൈബ്, ഉംസലാല്‍, അബു നഖ്‌ല, മിസൈമീര്‍ ഹെല്‍ത്ത് സെന്ററുകളിലാണ് സൗജന്യ ഓര്‍മ പരിശോധനക്ക് സൗകര്യമുണ്ടാകുക. ഓര്‍മക്കുറവുമായി ബന്ധപ്പെട്ട പ്രശ്‌നം കണ്ടെത്തിയാല്‍ വിദഗ്ദ്ധ പരിശോധക്കായി എച്ച് എം സിയുടെ റുമൈല ആശുപത്രിയിലെ മെമ്മറി ക്ലിനിക്കിലേക്ക് റഫര്‍ ചെയ്യും.

ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2030ല്‍ മിഡില്‍ ഈസ്റ്റിലെ മറവിരോഗികള്‍ 44 ലക്ഷമാകും. ഖത്വര്‍ ഫൗണ്ടേഷന്റെ ലോകാരോഗ്യ ഉച്ചകോടി (വിഷ്) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

 

---- facebook comment plugin here -----

Latest