Connect with us

Gulf

മൂടല്‍മഞ്ഞ്: ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ അറിയിപ്പ്

Published

|

Last Updated

ദോഹ: രാജ്യത്ത് മൂടല്‍മഞ്ഞ് കനക്കുമ്പോള്‍ അപടകങ്ങളൊഴിവാക്കാന്‍ ജാഗ്രതാ അറിയിപ്പുമായി ഗതാഗത വിഭാഗം. മഞ്ഞല്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നാണ് നിര്‍ദേശം.

വാഹനം സാവധാനം ഓടിക്കണമെന്നതുള്‍പ്പെടെ മഞ്ഞ് സമയങ്ങളിലെ സുരക്ഷക്കായി നിരവധി നിര്‍ദേശങ്ങളും ഗതാഗത വിഭാഗം ജനറല്‍ ഡയറക്ടറേറ്റിലെ ഗതാഗത ബോധവത്കരണ വകുപ്പ് അസി. ഡയറക്ടര്‍ മേജര്‍ ജാബര്‍ മുഹമ്മദ് ഉദൈബ പറഞ്ഞു. വാഹനത്തിന്റെ ലൈറ്റ് അടയാളങ്ങള്‍, ജനലുകള്‍, ടയര്‍, ബ്രേക്ക് എന്നിവയെല്ലാം സുരക്ഷിതവും പ്രവര്‍ത്തനസജ്ജമാണെന്നതും ഉറപ്പാക്കണം. റോഡിലെ സൂചനാ ബോര്‍ഡുകള്‍ അനുസരിച്ചാണ് വാഹനം ഓടിക്കേണ്ടത്. മഞ്ഞ് സമയങ്ങളില്‍ പാത മാറുകയോ അമിത വേഗയില്‍ വാഹനമോടിക്കുകയോ ചെയ്യരുത്. മറ്റ് വാഹനങ്ങളുമായി മതിയായ അകലം പാലിക്കണം. ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിക്കുക, കാര്‍ ബ്രേക്ക് ഡൗണ്‍ ആയാല്‍ അവ പിറകെ വരുന്ന വാഹനങ്ങളെ അറിയിക്കാനായി പ്രതിഫലനമുള്ള ത്രികോണം കാറില്‍ നിന്നും കുറച്ചകലെയായി സ്ഥാപിക്കുക, ഗതാഗത കുരുക്കുണ്ടാക്കാതെ കാര്‍ ശരിയായ സ്ഥലത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം നല്‍കി.

മഞ്ഞ് സമയങ്ങളില്‍ അനാവശ്യമായി വാഹനങ്ങള്‍ ബ്രേക്ക് ചെയ്യുക, പാത മാറുക, ഹൈ ബീം ഹെഡ് ലൈറ്റുകള്‍ ഉപയോഗിക്കുക തുടങ്ങിയ പ്രവൃത്തികള്‍ ദൂരക്കാഴ്ച കുറക്കാന്‍ കാരണമാകും. തിരക്കേറിയ റോഡുകളിലൂടെ സഞ്ചാരം ഒഴിവാക്കണം, മറ്റ് വാഹനങ്ങളുടെ ശബ്ദം കേള്‍ക്കാനായി കാറിന്റെ ജനല്‍ പാതി തുറക്കണമെന്നും മേജര്‍ ജാബര്‍ നിര്‍ദേശിച്ചു.

കനത്ത മഞ്ഞും പൊടിക്കാറ്റുമുള്ളപ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തി സുരക്ഷിതമായി പാര്‍ക്ക് ചെയ്യണമെന്ന് ഗതാഗത ഓഫീസര്‍ ഫഹദ് അബു ഹിന്ദി പറഞ്ഞു. ദൂരക്കാഴ്ച കുറയുമ്പോള്‍ വലിയ ട്രക്കുകളുടെ സഞ്ചാരം ഗതാഗത പട്രോള്‍ സംഘം നിര്‍ത്തിവെക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഴയോ മഞ്ഞോ ഉള്ളപ്പോള്‍ തുടര്‍ച്ചയായി ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.