സൂഖ് വാഖിഫ് വസന്തോത്സവത്തിന് ഔപചാരിക തുടക്കം

Posted on: January 2, 2018 7:59 pm | Last updated: January 2, 2018 at 7:59 pm
SHARE

ദോഹ: സൂഖ് വാഖിഫിലെ വസന്താഘോഷത്തിന് ഔദ്യോഗിക തുടക്കമായി. നൂറു കണക്കിന് കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടുന്ന സന്ദര്‍ശകരുടെ സാന്നിധ്യത്തിലാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നത്. സൂഖ് ജനറല്‍ മാനേജര്‍ മുഹമ്മദ് സലിം ഉള്‍പ്പെടെയുള്ള സൂഖ് അധികൃതര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. പ്രൈവറ്റ് എന്‍ജിനീയറിംഗ് ഓഫീസിലെ സംഘാടക സമിതിയാണ് വസന്താഘോഷത്തിന് നേതൃത്വം നല്‍കുന്നത്.

ക്യു എസ് സ്പോര്‍ട്‌സാണ് മുപ്പതിലധികം ഗെയിമുകള്‍ നടത്തുന്നത്. രാജ്യത്തെ വലിയ വിനോദ പരിപാടിയായാണ് സൂഖ് വാഖിഫിലെ വസന്താഘോഷം സംഘടിപ്പിക്കുന്നത്. ഈ മാസം ഏഴിന് ഖത്വര്‍ ടൂറിസം അതോറിറ്റിയുടെ ഷോപ് ഖത്വര്‍ വ്യാപാരോത്സവം തുടങ്ങുന്നതോടെ സംയോജിത ആഘോഷങ്ങളാണ് തുടര്‍ന്ന് നടക്കുക. ഷോപ് ഖത്വറില്‍ സൂഖ് വാഖിഫിലെ നിരവധി വാണിജ്യ ശാലകളും ഹോട്ടലുകളും പങ്കാളികളാകുന്നുണ്ട്. വസന്താഘോഷത്തിന്റെയും ഷോപ് ഖത്വറിന്റെയും ഭാഗമായി ഷോപിംഗ്്, ഹോട്ടല്‍ പ്രമോഷനുകളും തത്‌സമയ വിനോദ പരിപാടികളും റൈഡുകളും ഗെയിമുകളും തുടങ്ങി അറുപതിലധികം പരിപാടികളാണ് സൂഖിലുണ്ടുകാക.

നാല്‍പ്പതോളം തത്‌സമയ പ്രകടനങ്ങള്‍, തെരുവ് കലാ പ്രകടനങ്ങള്‍ എന്നിവ ഫെബ്രുവരിയിലെ ദേശീയ കായിക ദിനത്തിലും അരങ്ങേറുമെന്ന് ക്യു എസ് സ്പോര്‍ട്സ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഗാനിം അല്‍ മുഹന്നദി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഔട്ട് ഡോര്‍ ട്രാമ്പോളിന്‍ പാര്‍ക്ക്, കുട്ടികള്‍ക്കായി ഡ്രൈവിംഗ് സ്‌കൂള്‍, ഓഷന്‍ ബാള്‍ കിഡ്‌സ് കളിസ്ഥലം തുടങ്ങിയവയെല്ലാമാണ് വസന്താഘോഷത്തിലെ ഇത്തവണത്തെ സവിശേഷതകള്‍. മാത്രമല്ല ഖത്വരി പരമ്പരാഗതവും ആധുനികവുമായ രുചിക്കൂട്ടുകള്‍ നിറച്ച ഭക്ഷണ ട്രക്കുകളും സൂഖില്‍ സജീവമാണ്.

മുപ്പതോളം അമ്യൂസ്മെന്റ് പാര്‍ക്ക് റൈഡുകളാണ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഏപ്രില്‍ 25 വരെ നീളുന്നത്. ഉച്ചക്ക് മൂന്ന് മുതല്‍ രാത്രി പതിനൊന്ന് വരെയാണ് ആഘോഷം. പ്രവേശനം സൗജന്യമാണ്.