Connect with us

Gulf

ദുബൈ വിമാനത്താവള റോഡ് നവീകരണം; റാശിദിയ മേല്‍പാലം വെള്ളിയാഴ്ചയോടെ

Published

|

Last Updated

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിലെ റാശിദിയ ഇന്റര്‍ചെയിഞ്ച് മേല്‍പാലം വെള്ളിയാഴ്ച മുതല്‍ ഗതാഗതത്തിനായി തുറന്ന് കൊടുക്കും. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അധികൃതര്‍ അറിയിച്ചതാണിക്കാര്യം. പാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 2016 മധ്യത്തോടെയാണ് ആരംഭിച്ചത്. ഈ വര്‍ഷം മാര്‍ച്ചോടെ അവസാനിക്കുന്നതാണ് നവീകരണ പദ്ധതികള്‍. വിവിധ മേല്‍പാലങ്ങള്‍, പാത വരികളുടെ വിപുലീകരണം എന്നിവയിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ വിമാനത്താവളത്തിലേക്ക് എത്തിപ്പെടുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് നവീകരണ പ്രവര്‍ത്തികള്‍ ആര്‍ ടി എ ആരംഭിച്ചത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് ഗതാഗത സ്തംഭനം മൂലം മുപ്പത് മിനിറ്റുകള്‍ കൊണ്ട് എത്തിപെടാവുന്നിടത്തേക്ക് അഞ്ച് മിനുറ്റുകള്‍ കൊണ്ട് എത്തിപെടാമെന്ന രൂപത്തിലാണ് നവീകരണ പ്രവര്‍ത്തികള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

40.4 കോടി ദിര്‍ഹം ചിലവില്‍ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ദുബൈ നഗരത്തിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. ദുബൈ സ്ട്രാറ്റജിക് പ്ലാന്‍ 2021ന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനാണ് വികസന പദ്ധതികള്‍ ദുബൈയിലുടനീളം ഒരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാതകളില്‍ വാഹനങ്ങളുടെ എണ്ണം കൂടി വരികയാണ്. 2020ല്‍ 9.2 കോടി യാത്രക്കാരാണ് ദുബൈ രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തേക്ക് എത്തുക. രാജ്യത്തെത്തുന്നവരെ സ്വീകരിക്കുന്നതിന് മണിക്കൂറില്‍ 5000 വാഹനങ്ങള്‍ക്ക് കടന്ന് പോകുന്ന വിധത്തിലാണ് പാതകളിലെ നവീകരണ പ്രവര്‍ത്തികള്‍. മുഹമ്മദ് ബിന്‍ റാശിദ് റോഡ് ഇന്റര്‍ചെയ്ഞ്ചില്‍ നിന്ന് കാസാബ്ലാങ്ക ഇന്റര്‍ചെയിഞ്ച് വരെ 30 മിനുറ്റില്‍ നിന്ന് അഞ്ച് മിനുറ്റ് കൊണ്ട് എത്താവുന്ന വിധത്തിലാണ് വിപുലീകരണ പ്രവര്‍ത്തികളെന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു.
റാശിദിയ മേല്‍പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ ദേരയില്‍ നിന്ന് ഖവാനീജ് ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാകും.