ലോക റെക്കോഡില്‍ പുതുവര്‍ഷപ്പിറവി; ഡൗണ്‍ ടൗണിലെത്തിയത് 10 ലക്ഷത്തിലധികമാളുകള്‍

Posted on: January 2, 2018 7:37 pm | Last updated: January 2, 2018 at 7:37 pm
SHARE

ദുബൈ: പുതുവര്‍ഷത്തെ യു എ ഇ വരവേറ്റപ്പോള്‍ രാജ്യത്തെ രണ്ട് ആഘോഷങ്ങള്‍ക്ക് ലോക റെക്കോഡ്. ഡൗണ്‍ ടൗണില്‍ ഇമാറിന്റെ ‘ലൈറ്റ് അപ് 2018’ഉം റാസ് അല്‍ ഖൈമ അല്‍ മര്‍ജാന്‍ ദ്വീപിലെ കരിമരുന്ന് പ്രയോഗവുമാണ് റെക്കോഡിട്ടത്. 10 ലക്ഷത്തിലധികമാളുകളാണ് ഡൗണ്‍ടൗണിലെ ആഘോഷത്തിനെത്തിയത്. ലോകമെങ്ങുമുള്ള 250 കോടിയോളമാളുകള്‍ ബ്രോഡ്കാസ്റ്റിംഗ് ചാനലിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും തത്സമയവും ആഘോഷങ്ങള്‍ വീക്ഷിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ബുര്‍ജ് ഖലീഫയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോക്കാണ് ഗിന്നസ് റെക്കോഡ് ലഭിച്ചത്. ഒറ്റ കെട്ടിടത്തില്‍ നടന്ന ഏറ്റവും വലിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഗിന്നസ് റെക്കോഡാണ് ബുര്‍ജ് ഖലീഫ നേടിയത്. 2013ല്‍ ഹോങ്കോംഗിലെ ഐ സി സി ബില്‍ഡിംഗില്‍ നടത്തിയ പ്രദര്‍ശനത്തെയാണ് ബുര്‍ജ് ഖലീഫ തകര്‍ത്തത്. അഞ്ച് മാസത്തെ തയ്യാറെടുപ്പിന് ശേഷമായിരുന്നു പ്രദര്‍ശനം. ബുര്‍ജ് ഖലീഫയില്‍ 2018 തെളിഞ്ഞതിനു ശേഷം സായിദ് വര്‍ഷമായി ആചരിക്കുന്ന വര്‍ഷത്തെ വരവേറ്റ് ‘ഇയര്‍ ഓഫ് സായിദി’ന്റെ ലോഗോയും തെളിഞ്ഞു. 118.44 ടണ്ണിലധികം ഭാരത്തില്‍ ദീപങ്ങളും 28.7 കിലോമീറ്ററിലധികം നീളത്തില്‍ കേബിളുകളുമാണ് ഉപയോഗിച്ചത്. ഇതില്‍ 7.7 കിലോമീറ്റര്‍ പവര്‍ കേബിളും 21 കിലോമീറ്ററില്‍ നെറ്റ്‌വര്‍ക്, സിഗ്‌നല്‍ കേബിളുകളുമായിരുന്നു. ലേസര്‍ പ്രദര്‍ശനത്തിന് 230 ഹൈപവര്‍ ക്‌സിനോന്‍ പവര്‍ ലൈറ്റും 280 ചലിക്കുന്ന ലൈറ്റുകളുമാണ് ഉപയോഗിച്ചത്. മനുഷ്യ നേത്രങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാക്കാത്ത വിധത്തിലായിരുന്നു വെളിച്ചം ക്രമീകരിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. ഓരോ 15 മിനിറ്റിനിടയിലും ഡി ജെ അകമ്പടിയോടെ ദുബൈ ഫൗണ്ടെയ്‌നില്‍ ജലനൃത്തവുമുണ്ടായിരുന്നു.

റാസ് അല്‍ ഖൈമ അര്‍ മര്‍ജാന്‍ ദ്വീപിലെ ആഘോഷത്തില്‍ ആകാശത്ത് വിരിഞ്ഞ ഏറ്റവും വലിയ ഫയര്‍ ഷെല്ലാണ് റെക്കോഡിട്ടത്. ഗിന്നസ് അധികൃതരില്‍ നിന്നും അല്‍ മര്‍ജാന്‍ ദ്വീപ് മാനേജിംഗ് ഡയറക്ടര്‍ എന്‍ജി. അബ്ദുല്ല അല്‍ അബ്ദൂലിയും കരിമരുന്ന് പ്രയോഗം നടത്തിയ ഗ്രൂസി ഫയര്‍വര്‍ക്‌സ് ക്രിയേറ്റീവ് ഡയറക്ടറും സി ഇ ഒയുമായ ഫില്‍ ഗ്രൂസിയും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. വിക്ഷേപണ പരിധിയില്‍ നിന്ന് 650 മീറ്റര്‍ ഉയരത്തിലെത്തിയാണ് ഷെല്‍ ചിതറിയത്. 145 സെന്റീമീറ്റര്‍ വ്യാസമുള്ളതായിരുന്നു ഫയര്‍ ഷെല്‍. 10 മിനിറ്റിലധികം കരിമരുന്ന് പ്രയോഗം നീണ്ടുനിന്നു.

ഒരു ലക്ഷത്തിലധികമാളുകളാണ് ആഘോഷത്തിനെത്തിയത്. 1.090 ടണ്‍ കരിമരുന്നാണ് വാന വിസ്മയം തീര്‍ത്തത്. റാസ് അല്‍ ഖൈമ ഭരണകൂടത്തിന്റെ പിന്തുണയോടെയായിരുന്നു ആഘോഷങ്ങള്‍.
അറ്റ്‌ലാന്റിസിലെ ദ പാമില്‍ നടന്ന ആഘോഷത്തില്‍ 6,500ലധികം അതിഥികളെത്തി. 10 മിനിറ്റായിരുന്നു കരിമരുന്ന് പ്രയോഗം. 1.4 കിലോമീറ്റര്‍ ദൂരത്തിലുള്ള ബീച്ചില്‍ വര്‍ണങ്ങള്‍കൊണ്ട് നിറഞ്ഞിരുന്നു.

ഷാര്‍ജ എമിറേറ്റിന്റെ നിശാസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതായിരുന്നു അല്‍മജാസിലെ ആഘോഷ വെടിക്കെട്ട്. അതിഥികള്‍ക്കായി ലോകോത്തര രുചികളോടെയുള്ള ഭക്ഷണങ്ങളും റെസ്റ്റോറന്റുകള്‍ ഒരുക്കി. വാട്ടര്‍ ഫ്രണ്ടില്‍ 16 അലങ്കരിച്ച ജലനൗകകളും ഒരുക്കിയിരുന്നു. അല്‍ നൂര്‍ ഐലന്‍ഡ്, ഫഌഗ് ഐലന്‍ഡ്, ഖാലിദ് ലഗൂണ്‍ കോര്‍ണിഷ് തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അല്‍ മജാസിലെ വെടിക്കെട്ട് വീക്ഷിക്കാനായി. വിവിധ മേല്‍പാലങ്ങളില്‍ നിന്നും ജനക്കൂട്ടം കരിമരുന്ന് പ്രയോഗം ആസ്വദിച്ചു.

ഷാര്‍ജയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഖസ്ബയിലെയും വാട്ടര്‍ കനാലിലെയും ആഘോഷങ്ങള്‍ക്ക് ഒട്ടനവധി പേരെത്തി. ഖസ്ബയിലെ മര്‍ഷ അല്‍ ഖസ്ബ തിയേറ്റര്‍, വാട്ടര്‍ കനാല്‍ പരിസരം, കിഡ്‌സ് ഫണ്‍ ഹൗസ്, മരായ ആര്‍ട് സെന്റര്‍, അല്‍ ഖസ്ബ ബിസിനസ് സെന്റര്‍, മുല്‍തഖ അല്‍ ഖസ്ബ, മ്യൂസിക്കല്‍ ഫൗണ്ടെയ്ന്‍, ഐ ഓഫ് ദ എമിറേറ്റ്‌സ് വീല്‍ എന്നിവിടങ്ങളിലും ധാരാളം സന്ദര്‍ശകരെത്തി.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here