മനോജ് വധക്കേസ് ബി ജെ പി-സി പിഎം ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ ഉദാഹരണമെന്ന് ടി സിദ്ദീഖ്‌

Posted on: January 2, 2018 3:06 pm | Last updated: January 2, 2018 at 2:47 pm

കോഴിക്കോട്: ബി ജെ പി-സി പിഎം ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പയ്യോളി മനോജ് വധക്കേസെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്.
കേസില്‍ കോണ്‍ഗ്രസിന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും പേരുകള്‍ ബന്ധപ്പെടുത്തി സി പി എം നടത്തിയ പ്രസ്താവനകള്‍ സ്വന്തം അപരാധത്തിന്റെ ജാള്യത മറിച്ചുവെക്കാനാണ്. പകല്‍ ആക്രമത്തിന് ആഹ്വാനം ചെയ്യുകയും രാത്രി കോണ്‍ഗ്രസ് വിമുക്ത ഭാരതം സ്വപ്‌നം കാണുന്ന ഇരട്ടകുട്ടികളായി സി പി എമ്മും ബി ജെ പിയും മാറി.

സ്വന്തം പാര്‍ട്ടി ഓഫീസിനു നേരെ ബോംബറിയുകയും ജില്ല സെക്രട്ടറിയെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ബി ജെ പിയിലെ ഒരാളെ പോലും ചോദ്യം ചെയ്യാത്തതു തന്നെ സി പി എം, ആര്‍ എസ് എസ് ബന്ധത്തിന്റെ പ്രത്യക്ഷ തെളിവാണ് . അല്ലെങ്കില്‍ പാര്‍ട്ടി ഓഫീസ് ആക്രമത്തിനു പിന്നില്‍ ആര്‍ എസ് എസ് ആണെന്ന വാദം പിന്‍വലിക്കാന്‍ സി പി എം തയ്യാറാകണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. മനോജ് വധക്കേസിന് ശേഷം പയ്യോളിയില്‍ കൊല്ലപ്പെട്ട സി പി എം, ഡി ഫൈ എഫ് ഐ പ്രവര്‍ത്തകരുടെ മരണത്തിലെ ദുരൂഹതകളെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.