യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് ചേക്കേറാന്‍ ധീരജ്; പോകുന്നത് തിരിച്ചടിയാകുമെന്ന് കോച്ച്‌

Posted on: January 2, 2018 1:19 pm | Last updated: January 2, 2018 at 1:08 pm
SHARE

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആരോസിന്റെ സൂപ്പര്‍ താരമായ ഗോള്‍ കീപ്പര്‍ ധീരജ് സിംഗ് യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് കളം മാറ്റാനുള്ള ശ്രമത്തില്‍. പതിനേഴുകാരനായ ധീരജ് സ്‌കോട്ടിഷ് പ്രൊഫഷണല്‍ ക്ലബ്ബായ മതര്‍വെല്‍ എഫ് സിയുടെയും ഇംഗ്ലണ്ടില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബുകളായ ബ്ലാക്‌ബേണ്‍ റോവേഴ്‌സിന്റെയും ചാള്‍ട്ടന്‍ അത്‌ലറ്റിക് എഫ് സിയുടെയും ട്രയല്‍സില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

2017 ഡിസംബര്‍ 31 ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷ(എ ഐ എഫ് എഫ്)നുമായുള്ള ധീരജിന്റെ കരാര്‍ പൂര്‍ത്തിയായി. ഇത് പുതുക്കാന്‍ താരം മുന്‍കൈയ്യെടുക്കാത്തതില്‍ ദേശീയ യൂത്ത് ടീം പരിശീലകനായ പോര്‍ച്ചുഗീസുകാരന്‍ ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ് നിരാശനാണ്. യൂറോപ്പിലേക്ക് പോകും മുമ്പ് ധീരജ് ഐ ലീഗില്‍ കുറച്ച് കാലം കൂടി കളിക്കേണ്ടതുണ്ട്. യൂറോപ്പിലെ കളിക്കാരുടെ നിലവാരം ധീരജിനുണ്ട്. ഇതറിയാവുന്ന ഏജന്റുമാരും ഉപദേശകരും കളിക്കാര്‍ക്ക് ചുറ്റിലുമുണ്ടാകും.

എന്നാല്‍, ഇവര്‍ക്കൊന്നും ഈ താരങ്ങള്‍ എങ്ങനെയാണ് മെച്ചപ്പെട്ടു വന്നതെന്ന് അറിയുകയില്ല. മാത്രമല്ല, യൂറോപ്പില്‍ കരാറിലെത്തിയാലും പതിനെട്ട് വയസ് തികയാതെ ഒരു ക്ലബ്ബിനായും കളിക്കാന്‍ സാധിക്കില്ല. ധീരജിന് നല്ലത് ഐ ലീഗില്‍ തുടരുന്നതാണ്- ഡി മാറ്റോസ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here