Connect with us

Sports

ദക്ഷിണാഫ്രിക്കയില്‍ തുടങ്ങി ആസ്‌ത്രേലിയയില്‍ അവസാനിക്കും

Published

|

Last Updated

2018ലെ ഇന്ത്യന്‍ ക്രിക്കറ്റ് കലണ്ടര്‍ ദിനങ്ങള്‍ ജനുവരി അഞ്ചിന് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെ എണ്ണിത്തുടങ്ങാം. ഫെബ്രുവരി 24 വരെ പര്യടനം നീണ്ടു നില്‍ക്കും. മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി20കളും ഉള്‍പ്പെടുന്നതാണ് പര്യടനം.
കഴിഞ്ഞ വര്‍ഷം ഹോം ഗ്രൗണ്ടില്‍ തകര്‍ത്താടിയ വിരാട് കോഹ് ലിയുടെ ടീം ഇന്ത്യ യഥാര്‍ഥ പരീക്ഷണം നേരിടാന്‍ പോവുകയാണ്. 25 വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിന് ടെസ്റ്റ് ജയിക്കാന്‍ സാധിച്ചിട്ടില്ല. ആ ചരിത്രം തിരുത്തപ്പെടുമോ?

ജനുവരി 13 – ഫെബ്രുവരി 5 : ന്യൂസിലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കളിക്കും. 2016 ല്‍ ബംഗ്ലാദേശില്‍ നടന്ന ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനോട് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു ഇന്ത്യ. പ്രിഥ്വി ഷാ നയിക്കുന്ന ടീമിന് ന്യൂസിലാന്‍ഡില്‍ കിരീട സാധ്യതയുണ്ട്.

ഏപ്രില്‍ 4 – മെയ് 31 : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആവേശ നാളുകള്‍. പുതിയ ബ്രോഡ്കാസ്റ്റര്‍ വരുന്നതിന്റെ മാറ്റവും വിലക്ക് മാറി രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകള്‍ മടങ്ങിയെത്തുന്നതും ഐ പി എല്ലിനെ കൂടുതല്‍ ആവേശകരമാക്കും.

ജൂലൈ 3 – സെപ്തംബര്‍ 11 : ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. അഞ്ച് ടെസ്റ്റുകളും മൂന്ന് ട്വന്റി20കളും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്നതാണ് പര്യടനം. 2014ല്‍ ഇംഗ്ലണ്ടില്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിച്ച ഇന്ത്യ ലോര്‍ഡ്‌സ് ടെസ്റ്റ് ജയിച്ചു കൊണ്ട് 1-0ന് ലീഡ് നേടിയിരുന്നു. എന്നാല്‍, അവസാന മൂന്ന് ടെസ്റ്റിലും പരാജയപ്പെട്ട് ഇന്ത്യ പരമ്പര അടിയറ വെച്ചു. എന്നാല്‍, ഏകദിന പരമ്പരജയിച്ചത് ആശ്വാസമായി. ടെസ്റ്റിലും ഏകദിനത്തിലും വിരാട് കോഹ് ലി പൂര്‍ണപരാജയമായിരുന്നു. ഇത്തവണ ക്യാപ്റ്റന്റെ കൂടി ഉത്തരവാദിത്വം വിരാടിലുണ്ട്.

നവംബര്‍ 3 – നവംബര്‍ 24: വെസ്റ്റിന്‍ഡീസില്‍ വനിതാ ട്വന്റി20 ലോകകപ്പ്. ഇത്തവണത്തെ ടൂര്‍ണമെന്റിന് പ്രത്യേകതയുണ്ട്. ഐ സി സി ആദ്യമായിട്ടാണ് വനിതാ ലോകകപ്പ് സ്വതന്ത്രമായിട്ട് നടത്തുന്നത്.
നേരത്തെ പുരുഷ ലോകകപ്പുകള്‍ക്കിടയിലൂടെയായിരുന്നു സംഘടിപ്പിച്ചത്. ഇത്തവണ നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിന് ആതിഥേയത്വത്തിനുള്ള അവസരം നല്‍കിക്കൊണ്ട് ഐ സി സി പുതിയൊരു രീതിക്ക് തുടക്കമിടുകയാണ്.

ഡിസംബര്‍ 2018 – ഫെബ്രുവരി 2019 : ഇന്ത്യയുടെ ആസ്‌ത്രേലിയന്‍ പര്യടനം. നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും അടങ്ങിയതാണ് പര്യടനം. ഇന്ത്യയില്‍ പരമ്പര തോറ്റതിന്റെ ക്ഷീണത്തിലാണ് ആസ്‌ത്രേലിയ. നാട്ടില്‍ വെച്ച് കണക്ക് തീര്‍ക്കാനാകും ഓസീസ് പരിശ്രമിക്കുക.

 

 

Latest