Connect with us

National

മുത്വലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ മുത്വലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷ കക്ഷികള്‍ ബില്ലില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുന്നതിനാല്‍ സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്. ബില്‍ പാര്‍ലിമെന്ററി സമിതിക്ക് വിട്ട് ആവശ്യമായ തിരുത്തലോടുകൂടി പാസ്സാക്കിയെടുക്കണമെന്നാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വിവിധ പ്രദേശിക പാര്‍ട്ടികളും ആവശ്യപ്പെടുന്നത്. ബില്ലിലെ കടുത്ത വ്യവസ്ഥകളില്‍ ഇളവ് വരുത്തണമന്ന് പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെടുന്നു. എന്നാല്‍ ബില്ലില്‍ തിരുത്തലുകള്‍ ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിപക്ഷകക്ഷികളുടെ എതിര്‍പ്പോടുകൂടി രാജ്യസഭയില്‍ ബില്‍ പാസ്സാക്കിയെടുക്കുകയെന്നത് സര്‍ക്കാറിനെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്.

ഇപ്പോഴത്തെ കക്ഷി നിലയനുസരിച്ച് കോണ്‍ഗ്രസിനും ബി ജെ പിക്കും 57 അംഗങ്ങളാണ് സഭയിലുള്ളത്. ബാക്കി 75 ഒാളം പേര്‍ ഇടത്പാര്‍ട്ടികള്‍ളുടെയും പ്രദേശിക പാര്‍ട്ടികളുടെയും അംഗങ്ങളാണ്. പ്രദേശിക പാര്‍ട്ടികളില്‍ ഭൂരിഭാഗവും ബില്ലില്‍ ഭേദഗതികള്‍ ആവശ്യമാണെന്നാണ് ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. എ ഐ ഡി എം കെ, ആര്‍ ജെ ഡി, എ ഐ എംഐ എം, ബി ജെ ഡി, മുസ്‌ലിം ലീഗ്, എസ് പി അംഗങ്ങളാണ് ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്തിരുന്നത്. എന്നാല്‍, രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ ശക്തി ഉപയോഗിച്ച് ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാനുള്ള നീക്കത്തെ ചെറുക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കുന്നതിന് വേണ്ടി വിവിധ പ്രദേശിക പാര്‍ട്ടികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ രാജ്യസഭ പാര്‍ലിമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിട്ടേക്കും. അതേസമയം, രാജ്യസഭയില്‍ ബില്‍ പാസ്സാക്കുകയാണെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് മുസ്‌ലിം സംഘടനകളുടെ തീരുമാനം. ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ത്ത മുസ്‌ലിം ലീഗ് എം പിമാര്‍ രാജ്യസഭ പാസ്സാക്കിയാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മറ്റ് മുസ്‌ലിം സംഘടനകളും ബില്‍ പാസ്സാക്കിയാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭരണഘടന സിവില്‍ നടപടിക്രമമായി അംഗീകരിച്ച വിവാഹ നിയമങ്ങള്‍ ക്രമിനല്‍ കുറ്റകൃത്യമാക്കരുതെന്നും പോലീസിന് പാരാതി പോലും ലഭിക്കാതെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നയിക്കുന്ന വ്യവസ്ഥകള്‍ എടുത്തുകളയണമെന്നുമാണ് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെടുന്നത്.

കാര്യമായ ചര്‍ച്ചകളില്ലാതെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോക്‌സഭ മുത്വലാഖ് ക്രിമിനല്‍കുറ്റമാക്കിയുള്ള ബില്ലിന് അംഗീകാരം നല്‍കിയത്. ചരിത്ര പ്രാധാന്യമേറിയ ബില്ലെന്ന് സര്‍ക്കാര്‍ തന്നെ വിശേഷിപ്പിച്ച ബില്ലില്‍ കാര്യമായ ചര്‍ച്ചകള്‍ നടത്താതെ ഒരു ദിവസം കൊണ്ടുതന്നെ പാസ്സാക്കിയെടുക്കുകയായിരുന്നു. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചിരുന്നത്. ബില്ല് പാര്‍ലിമെന്ററി സമിതിക്ക് വിടണമെന്ന കേരളത്തില്‍ നിന്നുള്ള ഇടുതുപക്ഷ എം പി. എ സമ്പത്തിന്റേയും എഐ എം ഐ എം നേതാവ് അസുദുദ്ദീന്‍ ഉവൈസിയുടേയും നോട്ടീസ് സര്‍ക്കാര്‍ തള്ളുകയും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും കൊണ്ടുവന്ന ഭേദഗതികളും വോട്ടിനിട്ട് തള്ളിയുമാണ് ബില്ല് പാസ്സാക്കിയിരുന്നത്.

 

 

 

Latest