ഗുജറാത്തിലെ അപശബ്ദങ്ങള്‍

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ, സര്‍ക്കാറിനെക്കുറിച്ചോ പാര്‍ട്ടിയെക്കുറിച്ചോ മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും ഭയന്നിരുന്നു ബി ജെ പിയുടെ ഗുജറാത്ത് ഘടകത്തിലെ നേതാക്കള്‍. എന്നാല്‍, വകുപ്പ് വിഭജനത്തിലുണ്ടായ അതൃപ്തി പരസ്യമാക്കി, രാജി ഭീഷണിയുയര്‍ത്തിയ നിതിന്‍ പട്ടേലിനെ അനുനയിപ്പിക്കാന്‍, അദ്ദേഹം ആവശ്യപ്പെട്ട വകുപ്പ് നല്‍കേണ്ടി വരുമ്പോള്‍ ബി ജെ പിക്കുള്ളിലെ നരേന്ദ്ര മോദി - അമിത് ഷാ വാഴ്ച ചോദ്യംചെയ്യപ്പെടുകയാണ്. ചോദ്യംചെയ്യപ്പെടാത്ത അധികാരികളെന്ന പ്രതീതിയില്‍ നിന്ന്, ഗുജറാത്ത് ഘടകം തന്നെ മോദിയെയും അമിത് ഷായെയും പുറംതള്ളുമ്പോള്‍ അതും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കും.      
Posted on: January 2, 2018 7:06 am | Last updated: January 1, 2018 at 10:08 pm
SHARE

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലവും മന്ത്രിസഭാ രൂപവത്കരണത്തെത്തുടര്‍ന്ന് അവിടെയുയര്‍ന്ന എതിര്‍ ശബ്ദവും സവിശേഷമായ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. 115ല്‍ നിന്ന് 99 സീറ്റിലേക്ക് ചുരുക്കിയ ബി ജെ പി വിജയവും 61ല്‍ നിന്ന് 78ലേക്ക് ഉയര്‍ന്ന കോണ്‍ഗ്രസിന്റെ പരാജയവും ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ സ്വാധീനത്തിന്റെ ഫലമാണെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെട്ടത്. മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ നേതാവായ അല്‍പ്പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും ദളിത് നേതാവ് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചതും ബി ജെ പിയുടെ വിജയം ചുരുക്കുന്നതില്‍ പങ്കുവഹിച്ചതായും വിലയിരുത്തപ്പെട്ടു. സംഘടനാ ശേഷിയില്‍ ബി ജെ പിയുടെ ഏഴയല്‍പക്കത്ത് എത്താന്‍ സാധിക്കാത്ത കോണ്‍ഗ്രസിന് ഈ ത്രിമൂര്‍ത്തികളുടെ സാന്നിധ്യവും അവരുടെ അണികളുടെ പിന്തുണയും മുമ്പില്ലാത്ത ഊര്‍ജം നല്‍കിയെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതിനുമപ്പുറത്തുള്ള ഘടകങ്ങളാണ് ബി ജെ പിയെ ചുരുക്കിയതും കോണ്‍ഗ്രസിന് വിജയത്തോളമെത്തുന്ന പരാജയമുണ്ടാക്കിയതും എന്നതാണ് വസ്തുത. ആ ഘടകങ്ങള്‍ ഒരുപക്ഷേ, ദേശീയ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നതാണ്. വകുപ്പ് വിഭജനത്തിലുണ്ടായ അതൃപ്തി പരസ്യമാക്കി, രാജി ഭീഷണിയുയര്‍ത്തിയ നിതിന്‍ പട്ടേലിനെ അനുനയിപ്പിക്കാന്‍, അദ്ദേഹം ആവശ്യപ്പെട്ട വകുപ്പ് നല്‍കേണ്ടി വരുമ്പോള്‍ ബി ജെ പിക്കുള്ളിലെ നരേന്ദ്ര മോദി – അമിത് ഷാ വാഴ്ച ചോദ്യംചെയ്യപ്പെടുകയാണ്. ചോദ്യംചെയ്യപ്പെടാത്ത അധികാരികളെന്ന പ്രതീതിയില്‍ നിന്ന്, ഗുജറാത്ത് ഘടകം തന്നെ മോദിയെയും അമിത് ഷായെയും പുറംതള്ളുമ്പോള്‍ അതും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കും.

തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ പട്ടേല്‍ സമുദായത്തിന്, പ്രത്യേകിച്ച് ഹര്‍ദിക് ഉള്‍പ്പെടുന്ന കട്‌വ പട്ടേലുമാര്‍ക്ക്, സ്വാധീനമുള്ള ഇടങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറിയിട്ടുണ്ട് എന്ന് കാണാം. മോര്‍ബി, സുരേന്ദ്രനഗര്‍, സോംനാഥ്, അമ്രേലി ജില്ലകളില്‍ ബി ജെ പിയുടെ സിറ്റിംഗ് സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയത് പട്ടേലുമാരുടെ പിന്തുണകൊണ്ടാണെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ പട്ടേല്‍ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള സൂറത്തിലും മെഹ്‌സാനയിലും ബി ജെ പി ഏതാണ്ട് സമ്പൂര്‍ണ വിജയം നേടുകയും ചെയ്തു. അതായത് സമുദായ വോട്ടുകളുടെ ഏകീകരണത്തിന് അപ്പുറത്തുള്ള ചില ഘടകങ്ങളാണ് ഗുജറാത്ത് ഫലത്തെ പ്രധാനമായും സ്വീധീനിച്ചത് എന്നര്‍ത്ഥം.

നഗര, ഗ്രാമ മേഖലകള്‍ തിരിച്ചുള്ള ഫലം പരിശോധിക്കുമ്പോള്‍ നഗരങ്ങളില്‍ ബി ജെ പി അവരുടെ സ്വാധീനം ഏതാണ്ട് നിലനിര്‍ത്തിയിട്ടുണ്ട് എന്ന് കാണാം. എന്നാല്‍ ഗ്രാമങ്ങളില്‍ അവരുടെ പിന്തുണ വലിയ തോതില്‍ ഇടിഞ്ഞു. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ആകെയുള്ള 182ല്‍ 115 സീറ്റില്‍ വിജയിക്കുമ്പോള്‍ പോലും ഗ്രാമീണ മേഖലയിലെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍ തൂക്കം. 45 സീറ്റുകളില്‍ ബി ജെ പി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 49 സീറ്റുകളില്‍ വിജയിച്ചു. ഇക്കുറി ഗ്രാമീണ മേഖലയില്‍ കൂടുതല്‍ സീറ്റ് നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.

പട്ടേല്‍ വിഭാഗത്തിന് സ്വാധീനമുള്ള മോര്‍ബി, സുരേന്ദ്രനഗര്‍, അമ്രേലി, സോംനാഥ് എന്നീ ജില്ലകള്‍ കൂടി ഉള്‍ക്കൊള്ളുന്ന സൗരാഷ്ട്ര മേഖല പരുത്തി, നിലക്കടല, കരിമ്പ്, പുകയില, ജീരകം, ഗോതമ്പ്, തുവര തുടങ്ങിയവയൊക്കെ കൃഷി ചെയ്യുന്ന കാര്‍ഷിക മേഖലകള്‍ കൂടിയാണ്. ഈ വിളകള്‍ക്ക് ന്യായവില ലഭിക്കാത്ത സാഹചര്യം, സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില യഥാസമയം ലഭിക്കാതിരിക്കുന്ന അവസ്ഥ ഒക്കെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും വലിയ ബുദ്ധിമുട്ടിലാക്കിയിരുന്നു. വികസനത്തിന്റെ മാതൃകയായി നരേന്ദ്ര മോദിയും ബി ജെ പിയും ഗുജറാത്തിനെ ഉയര്‍ത്തിക്കാട്ടുമ്പോഴും അതിന്റെ മെച്ചങ്ങളൊന്നും എത്തിപ്പെടാത്ത ഇടങ്ങളാണ് അവിടുത്തെ ഗ്രാമങ്ങള്‍, വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷക്കുമൊക്കെ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരുന്ന ഗ്രാമീണ ജനതക്ക്. ഗ്രാമങ്ങളിലുള്ള സ്‌കൂളുകളില്‍ ആവശ്യത്തിന് അധ്യാപകരില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിച്ച് കാര്‍ഷികമേഖലയിലാകെ ജലസേചന സൗകര്യമൊരുക്കിയെന്ന് നരേന്ദ്ര മോദി അവകാശപ്പെടുമ്പോഴും കൃഷിയിടങ്ങളിലേക്ക് കനാലുകള്‍ എത്തിയിട്ടില്ലെന്ന വസ്തുത കര്‍ഷകരുടെയും തൊഴിലാളികളുടെയും മുന്നിലുണ്ടായിരുന്നു. ഈ ഘടകങ്ങളെല്ലാം ചേര്‍ന്ന് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയിലേക്ക് നയിച്ചിരിക്കുന്നു. ഇതിന് പുറമെയാണ് നോട്ട് പിന്‍വലിച്ച നടപടിയും ചരക്ക് സേവന നികുതി തിരക്കിട്ട് നടപ്പാക്കിയതും സൃഷ്ടിച്ച പ്രതിസന്ധി. ഗ്രാമീണ ജനത നേരിടുന്ന ദുരിതമാണ് യഥാര്‍ഥത്തില്‍ സൗരാഷ്ട്രയിലെയും ഇതര മേഖലകളിലെ ഗ്രാമങ്ങളിലും കോണ്‍ഗ്രസിന് മേല്‍ക്കൈ സമ്മാനിച്ചത്. നോട്ട് നിരോധത്തിന് പിറകെ ജി എസ് ടി നടപ്പാക്കിയത് നഗരമേഖലകളിലും വലിയ അതൃപ്തി സൃഷ്ടിച്ചിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ജി എസ് ടി നിരക്കുകളില്‍ വരുത്തിയ ഇളവുകളും കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന പ്രഖ്യാപനങ്ങളും വ്യവസായ – വാണിജ്യ മേഖലകളിലെ അതൃപ്തി ഒരുപരിധി വരെ ഒഴിവാക്കാന്‍ പര്യാപ്തമായിരുന്നു. പട്ടേലുമാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സൂറത്ത് പോലുള്ള നഗരങ്ങളില്‍ സമ്പൂര്‍ണ വിജയം ആവര്‍ത്തിക്കാന്‍ ബി ജെ പിയെ സഹായിച്ചതും അതാണ്.

സാമുദായിക ഘടകങ്ങളേക്കാള്‍ ഗുജറാത്തികള്‍ക്ക് പ്രധാനം ഗ്രാമീണ സമ്പദ് മേഖലയുടെ തകര്‍ച്ചയും തൊഴിലില്ലായ്മയും സമ്പന്നരും ദരിദ്രരും തമ്മിലെ അന്തരം വര്‍ധിക്കുന്നതുമാണെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേക്കും ഹര്‍ദിക്കും അല്‍പ്പേഷും ജിഗ്നേഷും തിരിച്ചറിഞ്ഞിരുന്നു. പട്ടേല്‍ – പിന്നാക്ക – ദളിത് വിഭാഗങ്ങളുടെ സവിശേഷ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോഴുണ്ടാകുന്ന വൈരുദ്ധ്യം ഒഴിവാക്കുക എന്നത് കൂടി ഈ വിഷയങ്ങളില്‍ കേന്ദ്രീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചു. അതുകൊണ്ട് തന്നെ പ്രചാരണ വേദികളില്‍ ഈ വിഷയങ്ങളാണ് അവര്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്.

കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും നേരിടുന്ന പ്രയാസം ഗുജറാത്തില്‍ ഒതുങ്ങുന്നതല്ല. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും സമരം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നുവന്നു. ഉത്പാദനച്ചെലവിന് ആനുപാതികമായ നേട്ടം കൃഷിയിടങ്ങളില്‍ നിന്നുണ്ടാകാതെ, കടക്കെണിയില്‍ അകപ്പെട്ട് ഉഴലുന്ന ഇക്കൂട്ടരുടെ രോഷം മധ്യപ്രദേശില്‍ വലിയ സമരമാകുകയും അടിച്ചമര്‍ത്താന്‍ ശ്രമിച്ച സര്‍ക്കാര്‍, അഞ്ച് പേരുടെ ജീവനെടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കടാശ്വാസം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സമരം തത്കാലത്തേക്ക് അവസാനിച്ചുവെങ്കിലും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും അവിടുത്തെ മനുഷ്യരുടെ രോഷവും തുടരുന്നുണ്ട്. കടാശ്വാസ പദ്ധതിയനുസരിച്ച് ചുരുങ്ങിയ തുക മാത്രമാണ് എഴുതിത്തള്ളപ്പെടുന്നത് (100 രൂപയും പത്തൊമ്പത് രൂപയുമൊക്കെ എഴുതിത്തള്ളിയ റിപ്പോര്‍ട്ടുകള്‍) എന്നത്, തങ്ങളുടെ പ്രയാസം ഭരണകൂടം മനസ്സിലാക്കുന്നില്ലെന്ന തോന്നല്‍ കര്‍ഷകരില്‍ ഉണര്‍ത്തിയിരിക്കുന്നു. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ, കാര്‍ഷിക പ്രതിസന്ധി ഗുജറാത്തിന് സമാനമായ രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണ്. മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പോടെ മാത്രമേ ഗ്രാമീണ മേഖലയിലെ അതൃപ്തിയുടെ ആഴം കൃത്യമായി മനസ്സിലാക്കാനാകൂ.
തൊഴിലവസരങ്ങളുടെ കുറവ്, സാമ്പത്തിക അസന്തുലിതാവസ്ഥ തുടങ്ങിയവ ഗ്രാമവാസികളെ മാത്രമല്ല, നഗരവാസികളെയും അതൃപ്തരാക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ അസാധാരണ പ്രചാരണത്തിലൂടെ (15 ദിവസത്തിനിടെ 31 റാലികള്‍) ഗുജറാത്തില്‍ ഇതിനെ മറികടക്കാന്‍ ബി ജെ പിക്ക് സാധിച്ചു. ഗുജറാത്തി എന്ന വികാരമുണര്‍ത്തിയാണ് മോദി, ഇത് സാധിച്ചെടുത്തത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഈ തന്ത്രം വിലപ്പോകാന്‍ ഇടയില്ല. സ്വന്തം നാട്ടില്‍ പ്രസക്തി ചോദ്യംചെയ്യപ്പെട്ട നേതാവിനോട്, ഇതര ദേശക്കാര്‍ക്ക് മുമ്പുണ്ടായിരുന്ന മമത ഉണ്ടാകുമോ? ഗുജറാത്തില്‍ മോദിയുടെ പ്രഭാവം തിരഞ്ഞെടുപ്പില്‍ ചോദ്യംചെയ്യപ്പെട്ടുവെന്നതിനെ ഉറപ്പിക്കുന്നതാണ് നിതിന്‍ പട്ടേല്‍ ഉയര്‍ത്തിയ രാജി ഭീഷണിയും അതിന് വഴങ്ങേണ്ടി വന്ന നേതൃത്വവും. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ, സര്‍ക്കാറിനെക്കുറിച്ചോ പാര്‍ട്ടിയെക്കുറിച്ചോ മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും ഭയന്നിരുന്നു ബി ജെ പിയുടെ ഗുജറാത്ത് ഘടകത്തിലെ നേതാക്കള്‍. അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും അമിത് ഷാ പാര്‍ട്ടിയുടെ പ്രസിഡന്റാകുകയും ചെയ്തതോടെ അധികാരം പൂര്‍ണമായി ഇവരില്‍ കേന്ദ്രീകരിക്കുകയും എതിര്‍ ശബ്ദങ്ങള്‍, ഒരു മുരടനക്കലായിപ്പോലും ഉയരുന്നില്ലെന്ന് ഏവരും ഉറപ്പാക്കുന്ന സ്ഥിതിയുമായിരുന്നു.

യശ്വന്ത് സിന്‍ഹയോ സുബ്രഹ്മണ്യന്‍ സ്വാമിയോ ഉന്നയിച്ച വിമര്‍ശങ്ങള്‍ അപവാദമാണ്. പാര്‍ട്ടിയില്‍ പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ലാത്ത യശ്വന്ത് സിന്‍ഹയെയോ എന്തും പറയാന്‍ മടി കാട്ടാത്ത സുബ്രഹ്മണ്യന്‍ സ്വാമിയെയോ ബി ജെ പി പ്രവര്‍ത്തകര്‍ ഗൗരവത്തിലെടുക്കില്ല. അതുപോലെയല്ല, മെഹ്‌സാനയില്‍ ഹര്‍ദിക് പട്ടേലിന്റെ സ്വാധീനത്തെ അതിജീവിച്ച നിതിന്‍ പട്ടേലിന്റെ വെല്ലുവിളി. അത് ഗുജറാത്തിലെ ബി ജെ പി ഘടകത്തില്‍ മാത്രമല്ല, ആഘാതം സൃഷ്ടിക്കുക. മോദി – അമിത് ഷാ സഖ്യത്തിന് പാര്‍ട്ടിയിലുണ്ടായിരുന്ന ആധിപത്യം പണ്ടേപ്പോലെ ഇല്ലെന്ന് നിതിന്‍ പട്ടേല്‍ വിളിച്ചുപറയുന്നു. ജനവികാരം എതിരാക്കും വിധത്തില്‍ നരേന്ദ്ര മോദി എടുക്കുന്ന തീരുമാനങ്ങള്‍ ചോദ്യംചെയ്യപ്പെടുക എന്നതായിരിക്കും വരാനിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിവയെ ഗൗരവമായി അഭിസംബോധന ചെയ്യണമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) നിര്‍ദേശിക്കുമ്പോള്‍ ഇതുവരെ നടന്ന ഏകാധിപത്യം ഇനി പറ്റില്ലെന്ന് കൂടി പറഞ്ഞുവെക്കുകയാണ് അവര്‍. ഇത്രയും നാള്‍ അടിച്ചമര്‍ത്തല്‍ അനുഭവിച്ച, മോദി വിരുദ്ധര്‍ മുരടനക്കിത്തുടങ്ങുമെന്നുറപ്പ്. മേലധികാരത്തിന്റെ കല്‍പ്പനകളെ, യുക്ത്യായുക്തികള്‍ നോക്കാതെ ശിരസ്സാവഹിക്കുന്ന കാലം അവസാനിച്ചുവെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കിത്തുടങ്ങും.

നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവമായിരുന്നു 2002 മുതലിങ്ങോട്ട് ഗുജറാത്തിലും 2014ലെ പൊതു തിരഞ്ഞെടുപ്പിലും അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലും ബി ജെ പിയുടെ മൂലധനം. ആ പ്രഭാവം കൂടുതല്‍ ഊതി വീര്‍പ്പിച്ചാണ്, താനൊഴിഞ്ഞുണ്ടോ നേതാവ് ഈ ത്രിഭുവനത്തിങ്കലെന്ന പ്രീതിതി മോദി നിലനിര്‍ത്തിയത്. അതിനേല്‍ക്കുന്ന ചെറിയ ആഘാതം പോലും ദേശീയ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുമെന്നുറപ്പ്. ഗുജറാത്ത് തെരഞ്ഞെടുപ്പിലും അതിനെത്തുടര്‍ന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രകടിപ്പിക്കുന്ന രാഷ്ട്രീയ കൈയടക്കവും അതിന് കിട്ടുന്ന സ്വീകാര്യതയും എതിര്‍ക്കാനാരുമില്ലെന്ന തോന്നല്‍ അവസാനിപ്പിക്കുന്നുണ്ട്. അതിലേക്ക് വലിയ സംഭാവന ചെയ്യുന്നു ഗുജറാത്തിലെ ഫലവും നിതിന്‍ പട്ടേലിന്റെ ഭീഷണിക്ക് മോദി – ഷാ സഖ്യം വഴങ്ങിയ സാഹചര്യവും.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here