Connect with us

Gulf

ദ്വീപ് നിറഞ്ഞ് തമീം അല്‍ മജ്ദ്; ലോകത്തെ വലിയ പോസ്റ്റര്‍

Published

|

Last Updated

ദോഹ: റിട്‌സ് കാള്‍ട്ടനടുത്തുള്ള ദ്വീപില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ കൂറ്റന്‍ ചിത്രം സ്ഥാപിച്ചു. ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ടാണ് സ്വദേശി പൗരന്‍ മാജിദ് അല്‍ മദീദിന്റെ വിഖ്യാത ചിത്രമായ “തമീം അല്‍ മജ്ദ്” ആലേഖനം ചെയ്ത കൂറ്റന്‍ ബാനര്‍ ദ്വീപില്‍ സ്ഥാപിച്ചത്. ഖത്വര്‍ കോളജ് ഓഫ് നോര്‍ത്ത് അറ്റ്‌ലാന്റികിലെ ഒരു കൂട്ടം വിദ്യാര്‍ഥികളാണ് ബാനര്‍ തയാറാക്കിയത്.

16000 ചതുരശ്ര മീറ്റര്‍ വലുപ്പമാണ് ബാനറിനുള്ളത്. ലോകത്തെ വലിയ ബാനര്‍ എന്ന ഖ്യാതിയോടെ ഈ സംരംഭം ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുന്നത്. സ്വിറ്റ്സര്‍ലാന്‍ഡില്‍ നേരത്തേ സ്ഥാപിച്ച 15000 സ്‌ക്വയര്‍മീറ്റര്‍ വലുപ്പമുള്ള ബാനറിനെയാണ് ഖത്വറില്‍ സ്ഥാപിച്ച തമീം അല്‍മജ്ദ് ബാനര്‍ പിന്നിലാക്കിയതെന്ന് സംഘടാകരില്‍ പ്രധാനിയായ ഫൈസല്‍ സെയ്ഫ് അല്‍മുഹന്നദി പറഞ്ഞു.

ഗിന്നസ് പ്രതിനിധികള്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണെന്നും റിക്കാര്‍ഡ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കതാറ ഹോസ്പിറ്റാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ദ്വീപിലാണ് ബാനര്‍ സ്ഥാപിച്ചത്. ദ്വീപില്‍ സ്ഥാപിച്ചതിന് ശേഷം ബാനര്‍ തങ്ങള്‍ പരിശോധിച്ചപ്പോള്‍ 16, 101 സ്‌ക്വയര്‍മീറ്റര്‍ വലുപ്പമാണ് ഉണ്ടായിരുന്നത്. 610 ഗ്രാം ഫല്‍ക്സ് ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് 128 മീറ്റര്‍ ഉയരവും 125 മീറ്റര്‍ വീതിയുമുണ്ട്. ചൈനയിലെ ഷാങ്ഹായില്‍ 104 കഷ്ണങ്ങളായാണ് പോസ്റ്റര്‍ പ്രിന്റ് ചെയ്തത്. പത്തുദിവസം പണിയെടുത്താണ് ദ്വീപിന് 50 സെന്റീമീറ്റര്‍ ഉയരത്തിലായി ബാനര്‍ സ്ഥാപിച്ചതെന്നും മുഹന്നദി വിശദീകരിച്ചു.