പെട്രോളിനും ഡീസലിനും അഞ്ചു ദിര്‍ഹം ഉയരും

Posted on: January 1, 2018 9:00 pm | Last updated: January 1, 2018 at 9:00 pm

ദോഹ: പെട്രോള്‍, ഡീസല്‍ വിലയില്‍ ഈ മാസം അഞ്ച് ദിര്‍ഹം വര്‍ധിക്കും. ഖത്വര്‍ പെട്രോളിയമാണ് ജനുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് മുതല്‍ പ്രീമിയം ഗ്രേഡ് പെട്രോളിന് അഞ്ച് ദിര്‍ഹം വര്‍ധിച്ച് ലിറ്ററിന് 1.80 റിയാലും സൂപ്പറിന് അഞ്ച് ദിര്‍ഹം വര്‍ധിപ്പിച്ച് 1.85 റിയാലുമായിരിക്കും.

ഡിസംബറില്‍ പ്രീമിയം, സൂപ്പര്‍ ഗ്രേഡുകള്‍ക്ക് യഥാക്രമം 1.75, 1.80 റിയാലായിരുന്നു നിരക്ക്. പെട്രോള്‍ വിലയില്‍ ഡിസംബറില്‍ 1.70 റിയാലായിരുന്നത് ജനുവരി മുതല്‍ അഞ്ച് ദിര്‍ഹം വര്‍ധിപ്പിച്ച് 1.75 റിയാലാക്കിയിട്ടുണ്ട്. നവംബറിലും ഇന്ധനവില ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. ഒക്ടോബറില്‍ 1.60 റിയാല്‍ ആയിരുന്ന പ്രീമിയം പെട്രോളിന് ലിറ്ററിന് 1.65 റിയാലായും 1.70 റിയാല്‍ ആയിരുന്ന സൂപ്പറിന് 1.75 റിയാലുമാണ് നവംബറില്‍ വര്‍ധിപ്പിച്ചത്. 1.55 റിയാല്‍ ആയിരുന്ന ഡീസലിന് പത്ത് ദിര്‍ഹം വര്‍ധിപ്പിച്ച് 1.65 റിയാലാക്കിയിരുന്നു.
അന്താരാഷ്ട്ര എണ്ണ വിപണിയുടെ നിരക്കനുസരിച്ച് ഇന്ധനവില മാസംതോറും പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതിന് ശേഷം നവംബര്‍ മുതലാണ് വലിയ തോതില്‍ വര്‍ധനയുണ്ടാകുന്നത്. സെപ്തംബറിനെ അപേക്ഷിച്ച് ആഗസ്റ്റിലും പ്രീമിയം, സൂപ്പര്‍ പെട്രോള്‍ വിലയില്‍ പത്തു ദിര്‍ഹമിന്റെയും ഡീസലിന്റെ വിലയില്‍ അഞ്ചു ദിര്‍ഹമിന്റെയും വര്‍ധനവുണ്ടായിരുന്നു. സെപ്തംബറില്‍ പ്രീമിയം പെട്രോളിന് 1.50 റിയാലും സൂപ്പറിന് 1.60 ഉം ഡീസലിന് 1.50 റിയാലുമായിരുന്നു നിരക്ക്. ആഗസ്റ്റിലെ അതേ നിരക്കില്‍ തന്നെയാണ് സെപ്തംബറിലും ഇന്ധനവില തുടര്‍ന്നത്. അതേസമയം ജൂലൈയില്‍ പെട്രോളിയം പ്രീമിയത്തിന് 1.55 ഉം സൂപ്പറിന് 1.65 ഉം ഡീസലിന് 1.50 റിയാലുമായിരുന്നു നിരക്ക്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.

2016 ജൂണിലാണ് അന്താരാഷ്ട്ര നിരക്ക് പ്രകാരം എണ്ണ വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയത്. ജൂണില്‍ പ്രീമിയം പെട്രോളിന് 1.20 ഉം സൂപ്പറിന് 1.30 റിയാലും ഡീസലിന് 1.40 റിയാലുമായിരുന്നു നിരക്ക്.