ഖത്വര്‍ സെന്‍ട്രല്‍ ജയിലില്‍ 196 ഇന്ത്യക്കാര്‍

Posted on: January 1, 2018 8:52 pm | Last updated: January 1, 2018 at 8:52 pm
SHARE

ദോഹ: രാജ്യത്തെ സെന്‍ട്രല്‍ ജയിലില്‍ 196 ഇന്ത്യക്കാരുള്ളതായി ദോഹ ഇന്ത്യന്‍ എംബസി. നാടുകടത്തല്‍ കേന്ദ്രത്തില്‍ 82 പേര്‍ നടപടികള്‍ കാത്തുകഴിയുന്നു. ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപണ്‍ ഹൗസിനുശേഷം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ജയിലിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനായി എംബസി സംഘം സെന്‍ട്രല്‍ ജയിലും നാടുകടത്തില്‍ കേന്ദ്രവും സന്ദര്‍ശിച്ചതായും എംബസി അധികൃതര്‍ അറിയിച്ചു. ജനുവരി മുതല്‍ ഡിസംബര്‍ വരെ നടത്തിയ 12 പ്രതിമാസ ഓപണ്‍ ഹൗസുകളിലായി ലഭിച്ച 66 പരാതികളില്‍ 56 എണ്ണം പരിഹരിച്ചു. പത്ത് പരാതികളിന്‍മേല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
അംബാസിഡര്‍ പി കുമരന്റെ സാന്നിധ്യത്തില്‍ നടത്തിയ ഓപണ്‍ ഹൗസുകളില്‍ തൊഴിലാളികള്‍ നേരിട്ടാണ് പരാതികള്‍ നല്‍കിയത്. നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനായി ഡിസംബറില്‍ 64 അടിയന്തര യാത്രാ രേഖകള്‍ വിതരണം ചെയ്തു. സാമ്പത്തിക പ്രയാസത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന 19 പേര്‍ക്ക് വിമാന ടിക്കറ്റും വിതരണം ചെയ്തു. ഡിസംബറില്‍ സല്‍വ, മിസൈദ്, അല്‍ഖോര്‍, ദുഖാന്‍, സിക്രീത്ത്, അല്‍ ശമാല്‍ എന്നിവിടങ്ങളിലായി അഞ്ച് കോണ്‍സുലാര്‍ ക്യാംപുകള്‍ നടത്തി. 154 കോണ്‍സുലാര്‍ സേവനങ്ങളാണ് ക്യാംപുകളിലൂടെ നല്‍കികയത്.

ഇന്ത്യന്‍ എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞ വരുമാനമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മരുന്നുകളും ഭക്ഷണവും വിതരണം ചെയ്തു. ഡിസംബറില്‍ 37 ഇന്ത്യക്കാര്‍ക്കാണ് ഐ സി ബി എഫിന്റെ സഹായം ലഭിച്ചത്.
ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപണ്‍ ഹൗസില്‍ അംബാസിഡര്‍ക്കൊപ്പം തേര്‍ഡ് സെക്രട്ടറി എം അലീം, ഐ സി ബി എഫ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂര്‍, ജനറല്‍ സെക്രട്ടറി മഹേഷ് ഗൗഡ, ഐ സി ബി എഫ് മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികള്‍ പങ്കെടുത്തു.